ഈ ലോകത്ത് ഒരു വ്യക്തിക്കും സ്വന്തം നാടും,വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിൽ ഒരു പ്രവാസി ആയി മാറുക എന്നുള്ളത് ഒരു സ്വപ്നമല്ല മറിച്ച് ഒരു വേദന തന്നെയാണ്. ഏതൊരു വ്യക്തിയും ഒരു പ്രവാസി ആയിത്തീരുവാൻ ഉള്ള കാരണങ്ങൾ ലളിതമായി പറഞ്ഞാൽ; സാമ്പത്തികം, സുരക്ഷിതത്വം, ജോലി സാധ്യതകൾ, ഉന്നത വിദ്യാഭ്യാസം, തൊഴിൽ പരം എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. മേൽ പറയുന്ന എല്ലാ കാര്യങ്ങളും അവസാനം കൊണ്ടുചെന്നെത്തിക്കുന്നത് സാമ്പത്തികഭദ്രത, സുരക്ഷ എന്നീ മാനദണ്ഡങ്ങളിലാണ്.
മലയാളികളുടെ ചരിത്രത്തിൽ പ്രവാസി ലോകത്തേക്കുള്ള വാതിലുകൾ തുറന്നിട്ട് നൂറ്റാണ്ടുകൾ ആകുന്നു. ചരിത്രത്താളുകൾ ചികയുമ്പോൾ വിദ്യാഭ്യാസത്തിനും, കച്ചവടത്തിനും, ലോക യാത്രകൾക്കും വേണ്ടിയാണ് ആദ്യകാലത്ത് മലയാളികൾ യാത്ര ചെയ്തിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ കാലഘട്ടത്തിൽ തൊഴിൽതേടി ശ്രീലങ്ക, മ്യാൻമാർ, ബർമ്മ തുടങ്ങിയ രാജ്യങ്ങളിൽ പോയിരുന്നത് ഒരു സാധാരണ സംഭവം മാത്രമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യകാലഘട്ടത്തിൽ ഗൾഫ് നാടുകളിലേക്ക് ആയിരുന്നു മലയാളികളുടെ പ്രയാണം. 1980 കളുടെ അവസാനത്തോടെ യൂറോപ്യൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലേക്ക് മലയാളികൾ യാത്ര തുടങ്ങി. ഇന്ന് തമാശയ്ക്ക് പറയുകയാണെങ്കിൽ പോലും മലയാളി ഇല്ലാത്ത ഒരു നാടും ഇല്ല.
ഗൾഫ് കുടിയറ്റത്തിൻ്റെ കാലശേഷം മലയാളികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് യൂറോപ്യൻ രാജ്യങ്ങളും, കാനഡ അമേരിക്ക മുതലായ രാജ്യങ്ങളും ആണ്. ഗൾഫ് നാടുകളിലെ പോലെ ഈ പറയുന്ന യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിൽ സാമ്പത്തികഭദ്രത ഉണ്ടോ എന്നുള്ളത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. “സ്വന്തമായി ഒരു ഭവനം”എന്നത് ഗൾഫുനാടുകളിൽ നടക്കുകയില്ല എന്നുള്ളതുകൊണ്ട് തന്നെ മലയാളികൾ വളരെ ശ്രദ്ധാപൂർവ്വം ഗൾഫ് നാട്ടിലെ വാസം അവസാനിക്കുന്നതിനു മുമ്പ് നാട്ടിൽ സ്വന്തമായി ഒരു വീടും വസ്തുവും നേടിയിരിക്കും.
ഗൾഫ് നാടുകളെകാൾ കൂടുതൽ “സ്വാതന്ത്ര്യം, സുരക്ഷ, സാമ്പത്തികം & പൗരത്വം” എന്നിവയുള്ള ഈ യൂറോപ്യൻ നാടുകളിൽ നമ്മൾ പ്രവാസികളുടെ (മലയാളികളുടെ) സാമ്പത്തികഭദ്രത അടിത്തറ ഉള്ളതാണോ? യൂറോപ്യൻ ജീവിതങ്ങൾ; കർശന ഉപാധികളില്ലാതെയുള്ള അച്ചടക്കവും, സ്വാതന്ത്ര്യവും മറ്റേതൊരു ലോകത്തെകാട്ടിലും കൂടുതൽ നൽകുന്നു,എന്നിരുന്നാൽ തന്നെയും ലഭിക്കുന്ന വരുമാനത്തിൻ്റെ സിംഹഭാഗവും, വാടകയിനത്തിലും, നിത്യോപയോഗ ചെലവുകളും കീഴടക്കുമ്പോൾ സമ്പാദ്യം എന്നുള്ളത് എവിടെയാണ്! എളുപ്പത്തിൽ ലഭിക്കുന്ന കാർ ലോണുകളും, സ്വകാര്യ ലോണുകളും, വാടകയും അടച്ചു കഴിഞ്ഞാൽ പിന്നീട് നമ്മുടെ കയ്യിലുള്ള സമ്പാദ്യം എന്താണ്!
സ്വന്തം നാടും വീടും ഉപേക്ഷിച്ച്, പുതിയൊരു ലോകത്ത് എല്ലാം കെട്ടിപ്പടുക്കുവാൻ ഒരുങ്ങുമ്പോൾ അതിൻ്റെ അടിസ്ഥാനമാണ് “സ്വന്തമായ ഒരു ഭവനം”. ഇന്ന് ആ സ്വപ്നം നമ്മുടെ മലയാളികൾക്ക് ഒരു സ്വപ്നമായി തീരുമ്പോൾ, അത് തിരിച്ചറിയാതെ പോകുന്നുണ്ടോ എന്നുള്ളത് ഒരു ചോദ്യമാണ്?. ആഡംബര കാറും, വാച്ചുകളും മാത്രമല്ല, കെട്ടുറപ്പുള്ള ഒരു വീടും നേടിയെടുക്കാൻ വർഷങ്ങളായി പ്രവാസ ലോകത്ത് ജീവിക്കുന്നവർക്ക് സാധിക്കണം. അത് വെറുമൊരു സ്വപ്നം ആയി മാറാതെ, ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മാർഗങ്ങൾ തേടുകയാണ് നമുക്ക് വേണ്ടത്. അതിന് പ്രതിബന്ധം നിൽക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ചികഞ്ഞ് കണ്ടെത്തുകയും, ആ സ്വപ്നം നേടിയെടുക്കുന്നതിന് പ്രയത്നിക്കുകയും വേണ്ടുന്നത് നമ്മൾ ഏവരുടെയും ആവശ്യമാണ്.
ഈ പ്രവാസലോകത്ത് നിന്നുകൊണ്ട് തന്നെ നമ്മൾക്ക് താങ്ങാവുന്ന വിലയ്ക്ക് വീടുകൾ ലഭ്യമാക്കേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്വം ആണ് എന്നും, അത് ഗവൺമെൻ്റെനേ ഓർമ്മിപ്പിക്കുന്നതിൽ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല നമ്മൾക്കും പങ്കുണ്ട് എന്ന് തിരിച്ചറിയുകയും വേണം.
വർഷങ്ങളോളം പ്രവാസ ലോകത്ത് ജീവിച്ചിട്ടും സ്വന്തമായി ഒരു മേൽക്കൂര ഇല്ലാതെ വാടകക്കാരൻ ആയിരിക്കുവാൻ അല്ല മറിച്ച് സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ നമുക്കേവർക്കും അവകാശമുണ്ട്, ആഗ്രഹവുമുണ്ട്, ആ ലക്ഷ്യത്തിലേക്ക് ഏവർക്കും ഒന്നുചേർന്ന് എത്തിച്ചേരാൻ സാധിക്കട്ടെ.
ലേഖകൻ: അനൂപ് ജോസഫ്