സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളായ സിഖ് തീവ്രവാദവും പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്തവും അതിനെ തുടർന്നുണ്ടായ സിഖ് കൂട്ടക്കൊലയും ലോകം മുഴുവൻ പ്രതിഫലിച്ച വർഷങ്ങളായിരുന്നു 1984 -1985. അതിന്റെ ബാക്കിപത്രമെന്നോണം കാനഡയിൽ നിന്നും ബോംബെയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഐറിഷ് ആകാശത്തെത്തിയപ്പോൾ ഭീകരാക്രമണത്തിനിരയായി 329 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. സ്യൂട്ട്കേസിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 23 June 1985 ലായിരുന്നു ഈ ഭീകരാക്രമണം. എമ്പറർ കനിഷ്ക’ എന്ന ബോയിംഗ് 747 ആയിരുന്നു വിമാനം. ഏകദേശം 31,000 അടി ഉയരത്തിൽ ഐറിഷ് കടലിനു മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്. വിമാനത്തിലെ 329 പേരും – 268 കനേഡിയൻസ് (കൂടുതലും ഇന്ത്യൻ വംശജർ), 27 ബ്രിട്ടീഷുകാർ, 24 ഇന്ത്യക്കാർ എന്നിങ്ങനെ എല്ലാവരും മരിച്ചു. അമേരിക്കയിലെ 9/ 11 ഭീകരാക്രമണം ഉണ്ടാകും വരെ ഈ കനിഷ്ക വിമാന ദുരന്തം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ വിമാനമുപയോഗിച്ചുള്ള ഭീകരാക്രമണം. കാനഡയിലെ സിഖ് തീവ്രവാദികൾ മോൺഡ്രിയാൽ എയർപോർട്ടിൽ നിന്നും സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറ്റിവിട്ട സ്യൂട്ട്കേസിലായിരുന്നു ബോംബ് ഉണ്ടായിരുന്നത്. ഈ കേസിന്റെ അന്വേഷണത്തിനായി കനേഡിയൻ ഗവൺമെന്റിന് 130 മില്യൺ കനേഡിയൻ ഡോളർ ചിലവ് വന്നു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി കാനഡയിലും ഒരു മെമ്മോറിയൽ അവർ സ്ഥാപിച്ചിട്ടുണ്ട്.
അന്ന് വിമാനവശിഷ്ടങ്ങൾ തകർന്ന് വീണത് കടലിലും കൗണ്ടി കോർക്കിനടുത്തുള്ള Ahakista എന്ന സ്ഥലത്തുമാണ്. അപകടത്തിൽ മരണമടഞ്ഞ നിരവധിയാളുകളുടെ കുടുംബവും ബന്ധുക്കളും ഈ സ്ഥലം പിന്നീട് സന്ദർശിക്കുകയും അവിടെ ഒരു സ്മാരകം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. കോർക്ക് കൗണ്ടി കൗൺസിൽ ഈ സ്ഥലം ഏറ്റെടുക്കുകയും അവിടെയൊരു മെമ്മോറിയൽ പണിയുകയുമായിരുന്നു. 23 June 1986 ൽ ഇന്ത്യ, കാനഡ ,അയർലണ്ട് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു മെമ്മോറിയലിന്റെ ഉദ്ഘാടനം. പിന്നീട് എല്ലാ വർഷവും ജൂൺ 23 ന് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അനുസ്മരണ ചടങ്ങുകൾ നടത്തി വന്നു. എന്നാൽ ഈ വർഷം മുപ്പത്തിയഞ്ചാമത് അനുസ്മരണ ദിനം കോവിഡ് 19 ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി നടത്തും. കോർക്ക് മേയർ ഇയാൻ ഡോയൽ, അയർലണ്ടിലെ ഇന്ത്യാ അംബാസഡർ സന്ദീപ് കുമാർ, കനേഡിയൻ എംബസിയിലെ ഇൻ ചാർജ് ഡി അഫയേഴ്സ് എന്നിവരുമായി ചേർന്ന് അയർലണ്ടിൽ താമസിക്കുന്ന കനേഡിയൻ പൗരന്മാരായ ചിലരുടെ സാന്നിദ്ധ്യത്തിൽ ചടങ്ങുകൾ ഓൺലൈനായി റിക്കോർഡ് ചെയ്യുകയും എല്ലാവർക്കും കാണുവാനായി നാളെ ( 23rd June ) രാവിലെ പത്ത് മണിക്ക് ശേഷം ( ഐറിഷ് ടൈം ) താഴെ കൊടുത്തിരിക്കുന്ന ചാനൽ ലിങ്കിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യും.
https://www.youtube.com/channel/UCN6jttcCqiQMGeTCzt_E4wg/videos
Kerala Globe News