രാജ്യം കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും പുറത്തുകടന്നു എന്ന് തികഞ്ഞ ആത്മവിശ്വാസമുള്ളതായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർടൻ. അവസാനത്തെ കോവിഡ് രോഗിയും പൂർണ്ണ രോഗമുക്തിനേടി ആശുപത്രിവിട്ടതോടെയാണ് ന്യൂസിലാൻഡ് വൈറസ്സ് ഫ്രീ രാജ്യമായി സ്വയം പ്രഖ്യാപനം നടത്തിയത്. വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാൽ കർശനമായ അതിർത്തി നിയന്ത്രണങ്ങൾ നിലനിൽക്കും.ന്യൂസിലാന്റുകാരെയും അവരുടെ അടുത്ത കുടുംബങ്ങളെയും മാത്രമേ ഇപ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. അവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരുമെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇനി മുതൽ നൈറ്റ് ക്ലബ്ബുകളും തിയേറ്ററുകളും തുറക്കും. കഴിഞ്ഞ 17 ദിവസമായി ന്യൂസിലാൻഡിൽ ഒരു കൊറോണാ പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവസാന രോഗിയും രോഗമുക്തി നേടി എന്നറിഞ്ഞപ്പോൾ മകളെയും കൂട്ടി നൃത്തമാടി എന്ന് ജസീന്താ ആർടൻ വെളിപ്പെടുത്തി. പുതിയ കേസുകൾ ഉണ്ടാകുവാനുള്ള സാധ്യത അവർ തള്ളിക്കളഞ്ഞില്ല.
Kerala Globe News