അയർലണ്ട് മലയാളികൾക്ക് അഭിമാനമായി സ്വന്തം പരിശ്രമം കൊണ്ട് രണ്ടര ലക്ഷം രൂപയോളം കളക്ട് ചെയ്തു ഗൾഫിലേക്കയച്ചു കൗണ്ടി വെക്സ്ഫോർഡിലെ ന്യൂറോസ്സിൽ നിന്നുള്ള രഞ്ജിത്ത് പുന്നൂസ് ശ്രേദ്ധേയനായിരിക്കുകയാണ്. കോവിഡ്19 മൂലം ഗൾഫിൽ കുടുങ്ങിപ്പോയ മലയാളികൾ തിരിച്ചു ഇന്ത്യയിലേക്ക് പോകുവാൻ സ്വന്തം പോക്കറ്റിൽ നിന്നും പണം കണ്ടെത്തേണ്ട സാഹചര്യമായിരുന്നു. കോവിഡ് മൂലം ശമ്പളം മുടങ്ങുകയും ചിലർക്ക് ജോലി നഷ്ട്ടപ്പെടുകയുമൊക്കെ ചെയ്തതോടെ വിമാന ടിക്കറ്റിന് ആവശ്യമായ പണം കണ്ടെത്തുവാൻ അത്യാവശ്യമായി തിരികെ പോകേണ്ട പല മലയാളികൾക്കും സാധിച്ചില്ല. മുൻപ് ഗൾഫിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന രഞ്ജിത്ത് സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കുകയും അയർലണ്ടിൽ ഒരു ക്യാമ്പയിൻ തുടങ്ങുകയും ആയിരുന്നു. അയർലണ്ടിലെ ധാരാളം ആളുകൾ രഞ്ജിത്തിന്റെ ഈ ക്യാമ്പയിന് പിന്തുണയുമായി എത്തിച്ചേർന്നു.
തുടർന്ന് ആഴ്ചകൾക്കുള്ളിൽ രണ്ടര ലക്ഷം രൂപയോളം പിരിഞ്ഞു കിട്ടുകയും അത് യൂ.എ.യിലേക്ക് അയക്കുകയുമായിരുന്നു. ഈ സഹായ ധനം ഉപയോഗിച്ച് 16 പേരാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വിമാനം കയറിയത്. കൗണ്ടി വെക്സ്ഫോർഡിലെ ന്യൂറോസ്സിൽ പ്രവർത്തിക്കുന്ന ഹോളിഗ്രൈൽ റസ്റ്റോറന്റിലെ പ്രധാന ഷെഫ് ആണ് രഞ്ജിത്ത് പുന്നൂസ്. ഈ ക്യാമ്പയിനിൽ പങ്കുചേർന്ന എല്ലാവര്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് രഞ്ജിത്ത്പുന്നൂസ്.
Kerala Globe News