കോവിഡ് മഹാമാരി മനുഷ്യൻ്റെ ജീവിതചക്രം തന്നെ മാറ്റി മറിച്ചെങ്കിലും ഇനിയും മാറുവാൻ മടികാണിക്കുകയാണ് അയർലണ്ടിലെ ഇൻഷുറൻസ് മേഖല. Central Statistics Office ഉപഭോക്‌തൃ വിലനിലവാരപട്ടിക പ്രകാരം ഇൻഷുറൻസ് പ്രീമിയങ്ങൾ ഇപ്പോൾ കുറയുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകളിൽ മോട്ടോർ ഇൻഷുറൻസ് ചെലവ് യഥാക്രമം 5 ശതമാനവും 2 ശതമാനവും കുറഞ്ഞുവെന്ന് സിഎസ്‌ഒ പറയുന്നു. എന്നാൽ ഈ കണക്കുകളെ അപ്രസക്തമാക്കുന്നത് കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച സെൻട്രൽ ബാങ്ക് നടത്തിയ ദീർഘകാല പഠനത്തിൽ, 2009 നും 2018 നും ഇടയിൽ മോട്ടോർ ഇൻഷുറൻസിന്റെ ചെലവ് 42% വർദ്ധിച്ചതായി കണ്ടെത്തി. അത് മാത്രമല്ല കമ്പനികൾക്ക് ടോട്ടൽ ക്ലെയിം ചെലവ് ഇനത്തിൽ വൻ കുറവ് ഈ കാലയളവിൽ വന്നിട്ടുമുണ്ട്. എന്നിട്ടും പ്രീമിയം തുകയിൽ ഒരുതരി കുറവുവരുത്തിയിട്ടില്ല.
ഇനി മലയാളിയായ ഒരു നഴ്സിനുണ്ടായ അനുഭവം എടുക്കാം. 132 ( 2013 ) മോഡൽ കാറിന്റെ ( Suzuki Swift ) ഇൻഷുറൻസ് പുതുക്കുന്നതിനായി നേഴ്സ് മാരുടെ സ്വന്തം ബ്രോക്കർ എന്ന് നെറ്റിയിൽ പേരെഴുതിയൊട്ടിച്ചു നടക്കുന്ന കോൺമാർക്കറ്റ് ഗ്രൂപ്പിനെ വിളിക്കുന്നു. നിലവിൽ ഇൻഷുറൻസ് അവരോടൊപ്പം ആണ്. നഴ്‌സസ് സ്‌കീമിൽ പുതിയ ക്വട്ടേഷൻ കിട്ടിയിരിക്കുന്നത് 557 യൂറോ. കഴിഞ്ഞ വര്ഷം ഇതേ കാറിന്റെ ഇൻഷുറൻസ് പ്രീമിയം അടച്ചത് 400 യൂറോ ( Comprehensive ) അതും ഇതേ ബ്രോക്കറും അതെ കമ്പനിയും (Aviva ). മറുവശത്തു ഫോൺ എടുത്ത ഏജൻറ് ക്വട്ടേഷൻ തുകയിൽ നിന്നും കാര്യമായി കുറവൊന്നും നൽകിയില്ല. 527 യൂറോയിൽ ഉറപ്പിച്ചു. ശരി. എന്നാൽ പിന്നെ വിളിക്കാം എന്നായി നമ്മുടെ നേഴ്സ്.
അടുത്തത് നേരെ വിളിച്ചത് QUOTEDEVIL എന്ന ഇൻഷുറൻസ് ഇടനിലക്കാരെ. പാവം ഏജൻറ് നാട്ടിലുള്ള വഴിയോര കച്ചവടക്കാരെപോലെ 480 യൂറോയിൽ തുടങ്ങി 430 യൂറോയിൽ എത്തി നിന്നു. അതുകൊള്ളാം. നമ്മുടെ നഴ്‌സിന് കത്തി. ” ചേട്ടാ.. പിന്നെ ആലോചിച്ചിട്ട് വിളിക്കാം കേട്ടോ. QUOTE NUMBER തന്നേക്ക്…….”
അടുത്ത ഫോൺവിളി മൺസ്റ്റർ ഇൻഷുറൻസ് ഗ്രൂപ്പിലേക്ക്… തികച്ചും അപ്രതീക്ഷിതമായി ആദ്യ ക്വോട്ട് തന്നെ 400 യൂറോ. ” നാനൂറോ.. ഈശ്വരാ…. ” നമ്മുടെ നഴ്സിന്റെ ഗദ്ഗദം. ശരി കൊച്ചേ… 380 യൂറോ.. ആക്‌സാ ഇൻഷുറൻസ്. മൂന്നുതരം…മൂന്നുതരം… മൂന്നുതരം. നമ്മുടെ നേഴ്സ് സമാധാനത്തോടെ ആ പ്രീമിയം അങ്ങ് എടുത്തു.
സത്യത്തിൽ കാർ ഇൻഷുറൻസ് പ്രീമിയം തുകയുടെ കാര്യത്തിൽ കമ്പനികളെല്ലാം ഇന്ന് പല റേറ്റുകൾ ആണ് പറയുന്നതെന്ന് ഈ അനുഭവത്തിൽ നിന്ന് വ്യക്തം. നഴ്സസ് സ്‌കീം എന്ന പേരിൽ ഇൻഷുറൻസ് നൽകുവാൻ AVAIVA എന്ന കമ്പനിയുമായി മാത്രമാണ് കരാർ എന്നാണ് കോൺമാർക്കറ്റ് പറയുന്നത്. ഇതാണ് പ്രീമിയം തുക കൂട്ടുന്നതത്രെ. അതായത് അയർലണ്ടിലെ പൊതുമേഖലയിലെ ഓരോ വ്യത്യസ്ത മേഖലയിൽപെട്ടവർക്കും കാറ് ഇൻഷുറൻസ് നൽകുമ്പോൾ ഓരോ മേഖലക്കാർക്കും വ്യത്യസ്ത കമ്പനികളിൽ നിന്നും വ്യത്യസ്ത പ്രീമിയങ്ങൾ ലഭിക്കുന്നു എന്നർത്ഥം. ഒറ്റ നോട്ടത്തിൽ തന്നെ ഇത് തുല്യതയുടെ നിയമം ലംഘിക്കുന്നതായി കാണാം. പ്രത്യേകിച്ചും കോവിഡ് രോഗികളോടൊപ്പം ജോലി ചെയ്യുന്ന നഴ്‌സ്‌മാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മറ്റു പൊതു മേഖലാ ജീവന കാർക്കും ഇൻഷുറൻസ് തുകയുടെ കാര്യത്തിൽ വ്യത്യസ്തമായ ക്വട്ടെഷനുകൾ ലഭിക്കുന്നു എന്ന് കാണാം. സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാരോടുള്ള നീതിനിഷേധമായി ഇതിനെ കാണണം.
ഐറിഷ് റോഡുകളിൽ ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവർമാരുടെ എണ്ണത്തിൽ ഏകദേശം 14,000 ത്തിന്റെ വർദ്ധനവുണ്ടായതായി അയർലണ്ടിലെ മോട്ടോർ ഇൻഷുറൻസ് ബ്യൂറോയുടെ സമീപകാല കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ ലൈസൻസുകാർക്കും മറ്റും വണ്ടിയുടെ തുകയുടെ അത്രതന്നെ ഇൻഷുറൻസ് തുകയായി നൽകേണ്ട സാഹചര്യമാണ് ഉള്ളത്. കോവിഡിന്റെ ഫലമായി ഭീമമായ സാമ്പത്തിക ആഘാതം നേരിടുന്ന ഈ സന്ദർഭത്തിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറക്കാതെ എത്രകാലം കമ്പനികൾക്ക് മുൻപോട്ട് പോകുവാൻ കഴിയും.
( കുറിപ്പ്: പലരുടെയും അനുഭവത്തിന്റെ വെളിച്ചത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്. നിങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ കമന്റായി രേഖപ്പെടുത്താം. )
Kerala Globe News