കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മുഴുവൻ ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർത്ഥിക്കളും രക്ഷിതാക്കളും ലാപ്ടോപ്പും മൊബൈലുമൊക്കെ വാങ്ങുന്നതിനായി നെട്ടോട്ടത്തിലാണ്. എന്നാൽ അതിനുള്ള പണം ചിലവഴിക്കുവാനില്ലാതെ കഷ്ടപ്പെടുന്നവരും നിരവധിയാണ്. ഈ സാഹചര്യത്തിലാണ് അങ്ങനെയുള്ള അർഹരായ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഹൈബി ഈഡൻ എം.പി. ടാബ്‌ലെറ്റ് ചലഞ്ചുമായി എത്തിയിരിക്കുന്നത്. ചലഞ്ചിലൂടെ ലഭിക്കുന്ന ടാബ്‌ലറ്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക് കൈമാറും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഇതിനകം തന്നെ നിരവധി ടാബ്ലെറ്റുകളാണ് എം.പിയുടെ പക്കലേക്കു എത്തി ചേർന്നിരിക്കുന്നത്.അക്കൂട്ടത്തിൽ അയർലണ്ടിൽ നിന്നുമുള്ള പത്തു ടാബ്ലെറ്റുകളും ഉൾപ്പെടും. ഈ ടാബ്ലെറ്റുകളും അതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തിയുടെ ഫോട്ടോയും ഷെയർ ചെയ്തുകൊണ്ട് ഹൈബി ഈഡൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
അയർലണ്ട് മലയാളികൾക്ക് പരിചിതനായ എമി സെബാസ്റ്റ്യൻ ആണ് ഈ ടാബ്‌ലറ്റുകൾ ഹൈബി ഈഡൻ എം.പി ക്ക് ആമസോൺ ഷോപ്പിംഗ് വഴി കൈമാറ്റം ചെയ്തിരിക്കുന്നത്. അയർലണ്ടിലെ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത നല്ലവരായ നിരവധി സുഹൃത്തുക്കളുടെ സഹായം ഇക്കാര്യത്തിൽ ലഭിച്ചിട്ടുണ്ട് എന്ന് എമി സെബാസ്റ്യൻ കേരളാ ഗ്ലോബിനോട് വെളിപ്പെടുത്തി. ഇടുക്കി മുൻ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എമിയുടെ അതേ കാലയളവിലാണ് ഹൈബി ഈഡനും കെ.എസ്.യു വിന്റെ എറണാകുളം ജില്ലാ പ്രിസിഡന്റായിരുന്നത്. ഇരുവരും തമ്മിൽ ഇന്നും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഹൈബി ഈഡൻ എം.പി. തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച പോസ്റ്റ് കാണാം.
Kerala Globe News