ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കൂട്ടുകാരന്റെ അല്ലെങ്കിൽ കൂട്ടുകാരിയുടെ ഏറ്റവും പുതിയ ചിത്രം ലൈക്കുകൾ വാരിക്കൂട്ടുന്നത് കണ്ട് അസൂയപ്പെട്ടിട്ടുണ്ടോ? അല്ലെങ്കിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സുഹൃത്തിന്റെ നാലുവരിക്കവിത ലവ് റിയാക്ഷനുകൾ കൊണ്ട് മൂടിയത് കണ്ട് നിരാശപ്പെട്ടിട്ടുണ്ടോ? തികച്ചും സ്വാഭാവികം അല്ലേ?
അങ്ങനെയെങ്കിൽ, ലോകത്തിൽ ഏറ്റവുമധികം ലൈക് ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റ് അല്ലെങ്കിൽ ചിത്രം ഏതെന്നു അറിയാമോ? മൈക്കിൾ ജാക്സന്റെയോ, മരിലിൻ മൺറോയുടെയോ ഏതെങ്കിലും ചിത്രം ആണെന്ന് കരുതിയാൽ തെറ്റി. ലോകത്തിൽ ഏറ്റവും അധികം ലൈക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം ചിത്രം ഒരു കോഴിമുട്ടയുടേതാണ്. 54 മില്ല്യനിലേറെ ലൈക്കുകൾ ആണ് ഈ ചിത്രം ഇത് വരെ വാരിക്കൂട്ടിയിരിക്കുന്നത്. ഏതൊരു സോഷ്യൽമീഡിയ പോസ്റ്റിന്റെ കാര്യമെടുത്താലും (യൂട്യൂബ് വീഡിയോ ഉൾപ്പെടെ) ലൈക്കുകളുടെ കാര്യത്തിൽ ‘ഇൻസ്റ്റഗ്രാം എഗ്ഗ്’ എന്നറിയപ്പെടുന്ന ഈ കോഴിമുട്ടയുടെ തട്ട് താണ് തന്നെയിരിക്കും,
ലണ്ടനിൽ പരസ്യ നിർമാണ രംഗത്ത് ജോലി ചെയ്യുന്ന ക്രിസ് ഗോഡ്ഫ്രീ എന്ന വ്യക്തിയാണ് ഈ പേരുകേട്ട ഈ മുട്ടച്ചിത്രത്തിന് പിന്നിൽ. 2019 ജനുവരി 4ന് @world_record_egg എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴിയായാണ് ഈ ചിത്രം പ്രശസ്തമാവുന്നത്. പ്രശസ്ത അമേരിക്കൻ മോഡൽ ആയ കൈലീ ജെന്നർ പോസ്റ്റ് ചെയ്ത സ്വന്തം കുഞ്ഞിന്റെ ചിത്രം 18 മില്യൺ ലൈക്കുകൾ നേടി ഏറ്റവുമധികം ലൈക്കുകൾ നേടിയ റികോർഡ് ഇട്ടതിന് പിന്നാലെ ഒരു റെസ്പോൺസ് എന്ന നിലയിലാണ് ക്രിസ് ഗോഡ്ഫ്രീ ഈ അക്കൌണ്ട് ഉണ്ടാക്കിയതും ഫോട്ടോ പോസ്റ്റ് ചെയ്തതും. ‘കൈലീ ജെന്നറുടെ റിക്കാർഡ് ഭേദിച്ച് നമുക്ക് ലോകത്തിലെ ഏറ്റവും അധികം ലൈക് ചെയ്യപ്പെട്ട ഇൻസ്റ്റഗ്രാം ചിത്രം ആകാം’ എന്ന ക്യാപ്ഷനുമായി പ്രത്യക്ഷപ്പെട്ട ചിത്രത്തിന് അഭൂതപൂർവമായ ലൈക്കുകൾ ആണ് ലഭിച്ചത്.
വെറും പത്തു ദിവസം കൊണ്ട് കൈലീ ജെന്നറുടെ റിക്കാർഡ് ഭേദിച്ച് കുതിച്ച മുട്ടച്ചിത്രം അടുത്ത രണ്ടു ദിവസം കൊണ്ട് യൂട്യൂബിൽ അത് വരെ ഏറ്റവുമധികം ലൈക് നേടിയ ‘ഡെസ്പാസീറ്റോ’ എന്ന മ്യൂസിക് വീഡിയോയുടെ 38 മില്ല്യൺ ലൈക്കുകൾ എന്ന വന്മതിലും കടന്നു 48 മില്ല്യൺ ലൈക്കുകൾ എന്ന സംഖ്യയിൽ എത്തി നിന്നു. ഇത് വരെ 54.5 മില്ല്യൺ ലൈക്കുകൾ നേടിയ ചിത്രത്തിന് 3.2 മില്ല്യൺ കമന്റുകളും ലഭിച്ചിട്ടുണ്ട്.
പിൻ കുറിപ്പ്:- കൈലീ ജെന്നറുടെ ഏറ്റവുമധികം ലൈക് നേടിയ ചിത്രം ആണ് തുടക്കത്തിൽ ചേർത്തിരിക്കുന്നത്. നിലവിലെ റിക്കാർഡിന്നുടമയായ ചിത്രവും ലിങ്കും ചുവടെ: