പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് സിനിമ ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമായ ‘നോ ടൈം ടു ഡൈ’ യിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായി ഒതുങ്ങിക്കഴിയുന്ന ഗൃഹസ്ഥാശ്രമിയായ ഒരു ബോണ്ടിനെ കാണാമെന്ന്പുറത്തായ ആയ ചില വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
അഞ്ചു വർഷം മുൻപിറങ്ങിയ ‘സ്പെക്ടർ’ എന്ന അവസാന ബോണ്ട് ചിത്രത്തിലെ ബോണ്ട് ഗേൾ ആയിരുന്ന ലിയ സെയ്ഡക്സ് എന്ന നടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പുത്രിയായി ഒരു അഞ്ചു വയസുകാരി പെൺകുട്ടിയുടെ കഥാപാത്രം പുതിയ ബോണ്ട് ചിത്രത്തിൽ ഉണ്ടാവുമെന്ന് ഷൂട്ടിംഗ് സെറ്റിൽ നിന്നും ലീക്കായ ചില രഹസ്യറിപ്പോർട്ടുകൾ പറയുന്നു. ഈ പെൺകുട്ടി ബോണ്ടിന്റെ മകൾ ആണ് എന്നാണ് കിംവദന്തികൾ.
ഈ റിപ്പോർട്ടുകൾ വായിച്ച ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപ്പെട്ടത്, നിത്യ ഹരിത റോമിയോ ആയ ജെയിംസ് ബോണ്ടിനെ പോലെ ഒരു കഥാപാത്രത്തിന് ഒരിക്കലും ഒരു കുടുംബസ്ഥന്റെ വേഷം യോജിക്കില്ല എന്നാണ്. ഈ പുതിയ പ്ലോട്ട് വികാസത്തെക്കുറിച്ച് അറിഞ്ഞവരിൽ 70 ശതമാനം പേരും സന്തുഷ്ടരല്ല എന്നാണ് വാർത്തകൾ. എന്നാൽ ഈ പുതിയ വികാസം ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പതിവ് പാറ്റേണിൽ നിന്നും പുതുമയുള്ള ഒരു മാറ്റം കൊണ്ടുവരുന്നു എന്നഭിപ്രായപ്പെടുന്ന ഒരു പറ്റം പ്രേക്ഷകരും ഉണ്ട്. ഇനിയൊരു ചെറിയ ശതമാനം പേർ കരുതുന്നത് ബോണ്ടിന്റെ മകളെച്ചൊല്ലിയുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങളും പബ്ലിസിറ്റി സ്റ്റണ്ടും ആണെന്നാണ്.
നിലവിലെ ബോണ്ട് നായകൻ ഡാനിയേൽ ക്രെയിഗ് അവതരിപ്പിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ജെയിംസ് ബോണ്ട് ആയിരിക്കും ‘നോ ടൈം ടു ഡൈ’യിലേത്. ഏപ്രിൽ 2020ൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ഭീക്ഷണിയെ തുടർന്ന് ഈ വർഷം നവംബറിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.