”കടലിനക്കരെ പോണോരെ… കാണാ പൊന്നിന് പോണോരെ… പോയി വരുമ്പോൾ എന്ത് കൊണ്ടുവരും കൈനിറയെ…..” കൈനിറയെ അല്ല ഒരു ബോട്ടുനിറയെ മീൻ കൊണ്ടുവരുവാൻ ഡിനിൽ പീറ്റർ കടലിലേക്ക് പോകുകയാണ്. അതും സ്വന്തം ബോട്ടിൽ. മത്തിയും അയലയും സാൽമണും മാത്രമല്ല വമ്പൻ സ്രാവുകൾ വരെ ഇനി ഈ മലയാളിയുടെ കൈപ്പിടിയിൽ ഒതുങ്ങും. അയർലണ്ടിൽ ആദ്യമായി ഫിഷിംഗ് ബോട്ട് സ്വന്തമാക്കുന്ന മലയാളി എന്ന ഖ്യാതി ഈ ഇടുക്കിക്കാരന് സ്വന്തം. ആർഡീയിൽ കുടുംബസമേതം താമസിക്കുന്ന ഡിനിൽ സ്വന്തം ബിസ്സിനസ്സായ പീറ്റേഴ്സ് ഗാരേജ് എന്ന സ്ഥാപനത്തിൻറെ ഉടമകൂടിയാണ്.വലിയ ട്രക്കുകൾ മുതൽ ഓഡി, ബി.എം.ഡബ്ലിയൂ, ജാഗ്വർ തുടങ്ങി എല്ലാത്തരം വാഹനങ്ങളുടെയും റിപ്പയറും സർവീസും ചെയ്തുകൊടുക്കുന്ന അയർലണ്ടിലെ അംഗീകൃത സ്ഥാപനമാണ് പീറ്റേഴ്സ് ഗാരേജ്.
തിരക്കുപിടിച്ച ബിസിനസ്സ് ജീവിതത്തിനിടയിൽ കുടുംബത്തോടും സുഹൃത്തുക്കളോടൊപ്പവും കടലിൽപോയി മീൻ പിടിക്കുന്നതും മറ്റും ഒരു പാഷനായി കാണുകയാണ് ഡിനിൽ പീറ്റർ. മുൻപ് ഐറിഷുകാരുടെ ബോട്ടുകളിൽ പല തവണ കടലിൽ പോകുകയും മീൻ പിടിക്കുകയും ബോട്ടിൻറെ പ്രവർത്തനം കൃത്യമായി മനസ്സിലാക്കുകയും ആ അനുഭവ സമ്പത്ത് സ്വന്തമായി ഒരു ഫിഷിങ് ബോട്ട് എന്ന ആശയത്തിലേക്ക് ഡിനിലിനെ എത്തിക്കുകയായിരുന്നു. അങ്ങനെയാണ് കൊള്ളാവുന്ന ലാഭത്തിൽ നല്ലൊരു ബോട്ട് ഒത്തുവന്നപ്പോൾ വാങ്ങിയത്. അയർലണ്ടിൽ ഫിഷിംഗ് ബോട്ട് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും പ്രത്യേകിച്ച് ലൈസൻസ് ഒന്നും വേണ്ട എന്ന് ഡിനിൽ പറയുന്നു. ഇൻഷുറൻസ് പോലും ഇക്കാര്യത്തിന് ആവശ്യമില്ലത്ര. ആകെ വേണ്ടത് ബോട്ട് സൂക്ഷിക്കുന്നതിനുള്ള സ്ഥലമാണ്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ എല്ലാം ഉള്ള ഈ ബോട്ടിൽ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെടുന്നതിന് ഒരു വയർലെസ്സ് സിസ്റ്റം കൂടി ഘടിപ്പിച്ചാൽ കടലിൽ പോകുന്നതിന് പൂർണ്ണ സജ്ജമാകും. ആറുപേരെ വരെ ഉൾക്കൊള്ളുവാൻ പര്യാപ്തമായ ഈ ബോട്ട് പെട്രോൾ ഇന്ധനമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പ്രവാസജീവിതം നയിക്കുമ്പോൾ സ്വന്തം ജോലിയിൽ മാത്രം ഒതുങ്ങിക്കൂടാതെ മറ്റ് തല്പര മേഖലകളിലേക്ക് കൂടി പോകുവാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് വലിയൊരു പ്രചോദനമാണ് തൊടുപുഴ സ്വദേശിയായ ഡിനിൽ പീറ്റർ.
വാർത്തയുടെ വീഡിയോ കാണാം:
Kerala Globe News