നാല് ദിവസത്തെ ജർമ്മൻ സന്ദർശനത്തിന് ശേഷം എമെറിറ്റസ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ വത്തിക്കാനിലേക്ക് മടങ്ങി. രോഗാവസ്ഥയിലുള്ള 96 വയസ്സുള്ള സഹോദരൻ മോൺസിഞ്ഞോർ റവ. ജോർജ്ജ് റാറ്റ്സിംഗറെ സന്ദർശിക്കുന്നതിനായാണ് പോപ്പ് വ്യാഴാഴ്ച ജർമനിയിൽ എത്തിയത്. ശനിയാഴ്ച അദ്ദേഹം പഴയ അയൽവാസികളെ അഭിവാദ്യം ചെയ്യുകയും മാതാപിതാക്കളുടെ കല്ലറയ്ക്കരികിൽ എത്തി പ്രാർത്ഥിക്കുകയും ചെയ്തു. യാത്രയ്ക്കിടെ ഒരു സെമിനാരിയിൽ താമസിച്ച അദ്ദേഹം ദിവസത്തിൽ രണ്ടുതവണ സഹോദരനെ സന്ദർശിച്ചു. കഴിഞ്ഞ ഏഴുവർഷത്തിനിടെ ആദ്യമായാണ് പോപ്പ് ബെനഡിക്ട് ഇറ്റലിക്ക് പുറത്ത് സന്ദർശനത്തിനായി പോകുന്നത്. സെന്റ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായി 2005 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് റാറ്റ്സിംഗർ 600 വർഷത്തിനിടെ ഈ സ്ഥാനം രാജിവച്ച ആദ്യത്തെ മാർപാപ്പാ ആയിരുന്നു.
മൂന്ന് വർഷത്തെ വ്യത്യാസത്തിൽ ജനിച്ച റാറ്റ്സിംഗർ സഹോദരന്മാർ 1951 ജൂൺ 29 ന് ഫ്രീയിസിംഗ് കത്തീഡ്രലിൽ പുരോഹിതരായി. ജീവിതസാഹചര്യങ്ങൾ അവരെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോയി: ജോർജ്ജ്, ഒരു മികച്ച സംഗീതജ്ഞനും, ദൈവശാസ്ത്രത്തിൽ പ്രാവീണ്യം നേടി ജോസഫും. 2005 നും 2013 നും ഇടയിൽ മോൺസിഞ്ഞോർ ജോർജ്ജ് റാറ്റ്സിംഗർ വത്തിക്കാനിലേക്ക് സഹോദരനെ കാണുവാനായി നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. വളരെ ശക്തമായ സ്നേഹ ബന്ധമാണ് ഈ രണ്ട് സഹോദരന്മാർ തമ്മിൽ ഉള്ളത്. “എന്റെ ജീവിതത്തിന്റെ തുടക്കം മുതൽ എന്റെ സഹോദരൻ എല്ലായ്പ്പോഴും എനിക്ക് ഒരു കൂട്ടുകാരൻ മാത്രമല്ല, വിശ്വസനീയമായ ഒരു വഴികാട്ടിയുമായിരുന്നു. ” പോപ്പ് ബെനഡിക്ട് തന്റെ സഹോദരനെക്കുറിച്ച് പറയുന്നു.
Kerala Globe News