അയർലൻഡ് മലയാളികൾ ഇന്നൊരു പോരാട്ടത്തിലാണ്. വിമാനയാത്ര മുടങ്ങിയതുമായി ബന്ധപ്പെട്ട് ചില മലയാളി ട്രാവൽ ഏജൻസികൾ ടിക്കറ്റ് റീഫണ്ടിൽനിന്നും ഒരു ടിക്കറ്റിന് 50 യൂറോയോളം പിടിച്ച്പറി നടത്തുന്നതിന് എതിരായുള്ള പോരാട്ടം. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നേരത്തെ ടിക്കറ്റ് ബുക്കിംഗ് ചെയ്ത എല്ലാർക്കും റീഫണ്ട് ആവശ്യമെങ്കിൽ മുഴുവൻ തുകയും നൽകണം എന്ന ഗവൺമെന്റ് നിർദ്ദേശം നിലനിൽക്കേയാണ് നിയമങ്ങൾ കാറ്റിൽ പറത്തി ഈ പകൽകൊള്ള അരങ്ങേറുന്നത്. സർവീസ് ചാർജെന്നോ അഡ്മിനിസ്ട്രേഷൻ ഫീ എന്നോ ഓമനപ്പേര് വിളിച്ച് ഐറിഷ് മലയാളികളുടെ വയറ്റത്തടിക്കുന്ന നിലപാടുമായി ഈ ഏജൻസികൾ ഇപ്പോഴും മുൻപോട്ടു പോകുകയാണ്. ഇതിനെതിരെ ശക്തമായ വികാരമാണ് അയർലണ്ടിലെ ഓരോ കൗണ്ടികളിൽ നിന്നും ഉയരുന്നത്. ഒട്ടേറെ മലയാളികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ ഈ വാർത്ത ആദ്യമായി വെളിച്ചത്ത് കൊണ്ടുവന്നത് കേരളാ ഗ്ലോബാണ്. വായിക്കുക: https://keralaglobe.com/airlines-planning-to-resume-flights-from-uae/
രണ്ടാഴ്ച്ചക്കിപ്പുറം മറ്റൊരു ഓൺലൈൻ മലയാളം പത്രത്തിൽ വിശദമായ വാർത്ത വരികയും അതോടൊപ്പം നിരവധി അനുഭവസ്ഥർ അവരുടെ റീഫണ്ട് അനുഭവം തുറന്നു പറഞ്ഞു രംഗത്തെത്തുകയുമായിരുന്നു.ഇതുമായി ബന്ധപ്പെട്ട കേരളാ ഗ്ലോബിൽ വന്ന വാർത്ത വായിക്കുക. https://keralaglobe.com/allegation-among-malayali-owned-travel-agencies/
അയർലണ്ടിലെ പ്രമുഖ മാധ്യമങ്ങളും സംഘടനകളും അതീവ പ്രാധാന്യമുള്ള ഈ വിഷയം പാടെ അവഗണിക്കുകയും എന്നാൽ ഒരു കാരണവുമില്ലാതെ പണം നഷ്ടമാകുമെന്ന് മനസ്സിലാക്കിയ നൂറുകണക്കിന് മലയാളികൾ ഒത്തുചേരുകയും ഒരു സംഘടിത ശക്തിയായി ഈ അനീതിക്കെതിരെ പോരാടുവാൻ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്. ഭാവി പരിപാടികൾ ആലോചിക്കുന്നതിനായി അറുപതിലേറെ അംഗങ്ങൾ ഇതിനകം തന്നെ ഒത്തുചേർന്ന വാട്ട്സപ്പ് ഗ്രൂപ്പും ഭാവിയിലേക്ക് ഇത്തരം പ്രവണതകളെ തടയുന്നതിനും വിമാന ടിക്കറ്റ് സംബന്ധമായ ചർച്ചകൾക്കുമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പും ആരംഭിച്ചിരിക്കുകയാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഗ്രൂപ്പിലേക്ക് ചേരാം. https://www.facebook.com/groups/1727775987377129/
ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട് ഐറിഷ് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ( ITAA ) എന്ത് പറയുന്നു:
ഫ്ലൈറ്റുകൾ തുടർച്ചയായി ക്യാൻസൽ ആവുകയും യാത്രാ നിയന്ത്രങ്ങൾ വരികയും ചെയ്തതിനാൽ ടിക്കറ്റ് എടുത്ത എല്ലാവരും കൂട്ടത്തോടെ ഏജൻറ്മാരെ സമീപിച്ച് റീഫണ്ടോ പുതിയൊരു ഡേറ്റോ ആവശ്യപ്പെടുകയുണ്ടായി. ഇത് ട്രാവൽ ഏജന്റുമാർക്ക് കനത്ത സമ്മർദ്ദമുണ്ടാക്കി. മിക്ക ട്രവൽ ഏജന്റുമാരും ലഭിച്ച പണം മറ്റു മേഖലകളിലേക്ക് റോള് ചെയ്യുകയോ ഫ്ലൈറ്റ് കമ്പനിക്ക് നൽകുകയോ ചെയ്തതിനാൽ പെട്ടെന്നൊരു റീഫണ്ട് അവർക്കു അസാധ്യമായി മാറി. ഇതിനൊരു പരിഹാരമായി ട്രവൽ ഏജന്റ്സ് അസോസിയേഷൻ ഗവൺമെന്റുമായി ചേർന്ന് രൂപീകരിച്ച ഒന്നാണ് റീഫണ്ട് ക്രെഡിറ്റ് നോട്ട് (REFUND CREDIT NOTE ). അതായത് രണ്ട് വർഷത്തെ കാലാവധിയുള്ള ഈ ക്രെഡിറ്റ് നോട്ട് കസ്റ്റമർക്ക് നൽകുകയും റീഫണ്ടോ അല്ലെങ്കിൽ പുതിയൊരു തീയതിയിലേക്കുള്ള ബുക്കിംങ്ങോ സാധ്യമാകും വിധം ക്രമീകരിച്ചിരിക്കുന്ന ഒരു ഗവൺമെന്റ് അംഗീകൃത വൗച്ചർ. എന്നാൽ റീഫണ്ട് ആവശ്യപ്പെട്ടാൽ അത് രണ്ടു വർഷത്തിനുള്ളിൽ കൊടുത്താൽ മതി എന്നല്ല ഇതിനർത്ഥം. റീഫണ്ട് നിയമപരമായി നിഷ്കർഷിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ നൽകണം. എന്നാൽ കസ്റ്റമർക്ക് അത് തിരഞ്ഞെടുക്കുന്നതിനുള്ള സമയവും അവസരവും ലഭിക്കുന്നു. ഏജന്റിന് കസ്റ്റമറെ നഷ്ട്ടപെടുവാതിരിക്കുന്നതിനുള്ള ഒരു സാധ്യതയും ഇത് തുറന്നിടുന്നു.
എന്താണ് റീഫണ്ട് ക്രെഡിറ്റ് നോട്ട് ( REFUND CREDIT NOTE ):
ട്രാൻസ്പോർട്ട് ആക്റ്റ് 1982, റെഗുലേഷൻസ് 2020 (SI 218 of 2020) എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതാണ് റീഫണ്ട് ക്രെഡിറ്റ് നോട്ട്. റീഫണ്ട് ക്രെഡിറ്റ് നോട്ടിന്റെ മൂല്യം ഒറിജിനൽ ബുക്കിംഗിനായി അടച്ച തുകയ്ക്ക് തുല്യമായിരിക്കണം. മുമ്പ് ഒരു ഭാഗം ക്യാഷ് റീഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ ആ തുകയേക്കാൾ കുറവായിരിക്കണം. പാക്കേജിന്റെ ഭാഗമായ യാത്രയ്ക്കായി ഉപഭോക്താവിന് എയർലൈൻസ് നൽകുന്ന ഏതെങ്കിലും വൗച്ചറുകളും റീഫണ്ട് ക്രെഡിറ്റ് നോട്ടിന്റെ മൂല്യം കണക്കിലെടുക്കും. ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജന്റുമാരും ഇഷ്യു ചെയ്ത റീഫണ്ട് ക്രെഡിറ്റ് നോട്ടുകളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കുകയും കമ്മീഷൻ നിർദ്ദേശിച്ച പ്രകാരം അത്തരം രജിസ്റ്റർ കമ്മീഷൻ ഫോർ ഏവിയേഷൻ റെഗുലേഷന് ലഭ്യമാക്കുകയും വേണം. ഇതിന്റെ സാമ്പിൾ ഈ വാർത്തയോടൊപ്പം കാണാം.
മലയാളി ഏജൻസികൾ നൽകുന്നത് ഈ റീഫണ്ട് ക്രെഡിറ്റ് നോട്ട് ആണോ?
ലഭ്യമായ വിവരപ്രകാരം മലയാളി ഏജൻസികൾ അവരുടെ സ്വന്തം കമ്പനി വൗച്ചറുകൾ ആണ് നൽകുന്നത്. ഈ വൗച്ചറുകൾക്ക് യാതൊരു നിയമപരിരക്ഷയും ഇല്ല. ഐറിഷ് ട്രാവൽ കമ്പനികളുടെ സബ് ഏജന്റ്സായി പ്രവർത്തിക്കുന്ന ഇവർക്ക് ടിക്കറ്റ് പ്രൊവൈഡർ ആയ കമ്പനികളുടെ റീഫണ്ട് ക്രെഡിറ്റ് നോട്ട് തങ്ങളുടെ കസ്റ്റമേഴ്സിനുകൂടി നൽകുവാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. തങ്ങളുടെ കസ്റ്റമേഴ്സ് നഷ്ടമാകുമോ എന്ന ഭയമാകാം സ്വന്തം കമ്പനി വൗച്ചറുകൾ നൽകുന്നതിന് പിന്നിൽ.
നിലവിലുള്ള സാഹചര്യത്തിൽ ടിക്കറ്റ് റീഫണ്ട് തന്നെ ഏറ്റവും മികച്ച ഓപ്ഷൻ:
യാത്രാ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയാലും വിമാനയാത്രക്കാരുടെ എണ്ണം ചുരുങ്ങിയത് അടുത്ത ഒരു വർഷത്തേക്കെങ്കിലും വളരെ കുറവായിരിക്കുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. മിക്ക രാജ്യങ്ങളിലും കോവിഡ് ഭീക്ഷണി സജീവമായി നിലനിൽക്കുന്നു. എയർലൈൻ കമ്പനികൾ യാത്രക്കാരെ ആകർഷിക്കുന്നതിനായി ഇപ്പോൾ തന്നെ നിരവധി ഓഫറുകളാണ് നൽകുന്നത്. ടിക്കറ്റ് റീഫണ്ട് ചെയ്ത് സൗകര്യപ്രദമായ സമയത്ത് വീണ്ടും ബുക്ക് ചെയ്യുകയാണ് ഈ സാഹചര്യത്തിൽ നല്ലത്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കാത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരകക്കിൽ വർദ്ധനവിനുള്ള സാഹചര്യം ഇപ്പോഴില്ല.
എന്തുകൊണ്ട് മലയാളികളുടെ ടിക്കറ്റ് റീഫണ്ട് നീണ്ടുപോകുന്നു?
മിക്ക മലയാളികളും കഴിഞ്ഞ ഒരു അഞ്ചോ ആറോ വർഷമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു നിശ്ചിത തുക നൽകി ബുക്കിംഗ് എടുക്കുകയും യാത്രാ തിയതി അടുക്കുമ്പോൾ മാത്രം മുഴുവൻ തുകയും നൽകുകയുമാണ് ചെയ്യാറ്. പൂർണമായ ഒരു ടിക്കറ്റ് ഇഷ്യൂയിങ് നടക്കാത്തതിനാൽ ഏജൻസി മുഴുവൻ തുകയും വിമാന കമ്പനികൾക്കോ അവരുടെ പ്രധാന ഏജന്റിനോ നൽകിയാലേ ആ ടിക്കറ്റിൽ ഒരു റീഫണ്ടിങ് നിശ്ചിത സമയത്ത് അവർക്ക് ലഭിക്കൂ. ഈ കൊടുക്കൽ വാങ്ങലുകളിൽ ഉള്ള കാലതാമസം ആവാം റീഫണ്ട് തുക കസ്റ്റമർക്ക് ലഭിക്കുവാൻ മാസങ്ങൾ എടുക്കുന്നത്.
സർവീസ് ചാർജ്ജും അഡ്മിൻ ഫീയും ആവശ്യമുണ്ടോ:
കോവിഡ് കാലം ഈ ലോകത്തെ ആകെ തകിടം മറിച്ചാണ് മുൻപോട്ട് പോകുന്നത്. ഒരു സാധാരണ കൃഷിക്കാരൻ മുതൽ ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് വരെ സാമ്പത്തികമായ ആഘാതം ഏൽപ്പിച്ചാണ് ഈ കാലം കടന്നുപോകുന്നത്. വികസീത രാജ്യങ്ങൾ അവരുടെ റിസർവ് ഫണ്ട് പൊതുജങ്ങൾക്കും ബിസ്സിനസ്സുകൾക്കുമൊക്കെ നൽകി സാമ്പത്തിക ആഘാതം കുറയ്ക്കുവാൻ ശ്രമിക്കുന്നു. നഷ്ടം എല്ലാവർക്കും ഉണ്ട്. എന്നാൽ ഈ സമയത്തും കൊള്ള ലാഭം നേടുവാൻ വളഞ്ഞ വഴികൾ തേടുന്നതാണ് സർവീസ് ചാർജ്ജ്, അഡ്മിൻ ഫീ എന്നൊക്കെ പറഞ്ഞു ഏജൻസികൾ ഒരു ടിക്കറ്റിന് 50 യൂറോ വരെ മേടിക്കുവാനുള്ള നീക്കം. ഒരു കുടുംബത്തിന് 200 യൂറോ മുതൽ 300 യൂറോ വരെ നഷ്ടം. ഇത്തരത്തിൽ നൂറു കണക്കിന് കുടുംബങ്ങൾ ഈ ഏജൻസികളുടെ മുൻപിൽ കൈകൾ നീട്ടി നിൽക്കുന്നു. ന്യായമായ ഒരു തുക റഫണ്ടിൽ നിന്നും നൽകുവാൻ മിക്ക കസ്റ്റമേഴ്സും ഒരുക്കമാണ്. ( നിയമ വിരുദ്ധമായിട്ടുകൂടി ). എന്നാൽ അതിനൊന്നും ചെവി കൊടുക്കുവാൻ ഈ ഏജൻസികൾ തയ്യാറല്ല. ഇതിലുള്ള നിയമസാധുത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ശ്രദ്ധിക്കുക:
ഗവൺമെന്റ് അംഗീകൃത പ്രധാന ഏജൻസികൾ: https://itaa.ie/
റീഫണ്ട് ക്രെഡിറ്റ് നോട്ട്: https://www.gov.ie/en/publication/1ae3d-refund-credit-note/
നിങ്ങളുടെ അവകാശങ്ങൾ: https://www.flightrights.ie/
യൂറോപ്യൻ കൺസ്യൂമർ സെന്റർ അയർലണ്ട്: https://www.eccireland.ie/consumer-rights/air-travel/flight-cancellation/
Kerala Globe News