പാക്കിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയെ കുറഞ്ഞത് ആറുമാസത്തേക്ക് യൂറോപ്പിലേക്ക് പറക്കാൻ അനുവദിക്കില്ലെന്ന് യൂറോപ്യൻ യൂണിയന്റെ വ്യോമയാന സുരക്ഷാ ഏജൻസി. പാക്കിസ്ഥാൻ പൈലറ്റുമാരുടെ ലൈസൻസ് യോഗ്യത സംബന്ധിച്ച് സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് (PIA ) അടുത്ത ആറു മാസത്തേയ്ക്ക് എങ്കിലും യൂറോപ്പിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഓസ്ലോ, കോപ്പൻഹേഗൻ, പാരീസ്, ബാഴ്സലോണ, മിലാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുവാനിരിക്കെയാണ് പി.ഐ.എ യ്ക്ക് ഈ നടപടി നേരിടേണ്ടി വന്നിരിക്കുന്നത്.
പാകിസ്ഥാനിലെ 860 സജീവ പൈലറ്റുമാരിൽ 262 പേർ വ്യാജ ലൈസൻസുള്ളവരാണെന്ന് സർക്കാർ അന്വഷണത്തിൽ കണ്ടെത്തിയതായി വ്യോമയാന മന്ത്രി കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പാർലമെന്റിനെ അറിയിച്ചതിനെത്തുടർന്നാണ് യൂറോപ്യൻ യൂണിയൻ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മെയ് 22 ന് കറാച്ചിയിൽ പിഐഎ ഫ്ലൈറ്റ് 8303 തകർന്ന സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ പൈലറ്റിന് ഗുരുതരമായ പിഴവുണ്ടായതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ പിന്നീട് കണ്ടെത്തിയ കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ പറയുന്നതനുസരിച്ച്, വിമാനത്തിലുടനീളം പൈലറ്റുമാർ കൊറോണ വൈറസിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. വിമാനം താഴ്ന്നിറങ്ങുമ്പോൾ ലാൻഡിംഗ് ഗിയർ താഴ്ത്തുവാൻ മറന്നതായി പറയപ്പെടുന്നു. ഇ.യു ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് കാരണം യൂറോപ്പിന് മുകളിലൂടെ വിമാനം പറത്തുവാൻ പി.ഐ.എ.യ്ക്ക് ഇനി കഴിയില്ല.
Kerala Globe News