ചൊവ്വ ഗ്രഹത്തെക്കുറിച്ച് മാനവരാശിക്കുള്ള അറിവുകള്‍ മാറിമറിഞ്ഞത് 2003 കാലയളവില്‍ നാസ വിക്ഷേപണം ചെയ്ത ‘ഓപ്പര്‍ച്യൂണിറ്റി’, 2012ല്‍ വിക്ഷേപണം ചെയ്ത ‘ക്യൂരിയോസിറ്റി’ എന്നീ റോവറുകള്‍ ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ചുള്ള വിപ്ലവകരമായ വിവരങ്ങള്‍ അയച്ചുതന്നതോടെയാണ്.
എന്നാല്‍ ഉടനെ തന്നെ നാസ മറ്റൊരു റോവര്‍ ചൊവ്വാപഠനത്തിനായി അയയ്ക്കുകയാണ്. ‘പെര്‍സെവറന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ റോവര്‍ ഈ വര്‍ഷം തന്നെ ചോവ്വയിലെയ്ക്ക് പുറപ്പെടാനിരിക്കുകയാണ്.
മുന്‍കാല റോവറുകള്‍ ചെയ്ത ജോലികള്‍ കൂടാതെ ചൊവ്വ ഗ്രഹത്തിലെ കല്ലുകള്‍ തിരികെ ഭൂമിയിലേയ്ക്ക് കൊണ്ട് വരിക എന്ന ഭാരിച്ച ദൌത്യവും ‘പെര്സെവറന്സി’നുണ്ട്.
ചൊവ്വയുടെ മധ്യരേഖാപ്രദേശത്തുള്ള ‘ജെസേറോ ലേക്ക്’ എന്ന് പേരിട്ടിരിക്കുന്ന അഗാധ ഗര്ത്തപ്രദേശത്ത് നിന്നും ഉപരിതല സാമ്പിളുകള്‍ ശേഖരിക്കുവാന്‍ ആണ് ഈ പുതിയ റോവര്‍ ലക്ഷ്യമിടുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് ജീവന് നിലനിന്നിരുന്നോ എന്ന് പഠിക്കുവാന്‍ ഈ സാമ്പിളുകള്‍ സഹായിച്ചേക്കുമെന്ന് ശാസ്ത്രജ്ഞന്മാര് കരുതുന്നു.
ഇതുവരെ മാര്‍സ് – 2020 എന്ന കോഡ് വാക്കിലാണ് ഈ റോവര്‍ അറിയപ്പെട്ടിരുന്നത്. അമേരിക്കയിലെ കുട്ടികള്‍ക്കിടയില്‍ നടത്തിയ ഒരു പേരിടല്‍ മത്സരത്തില്‍ വിജയിയായ വിദ്യാര്‍ഥി നിര്‍ദ്ദേശിച്ച പേരാണ് ‘പെര്‍സെവറന്‍സ്’. ‘സ്ഥിരോത്സാഹം’ എന്നാണ് ഈ പേരിന്റെ അര്‍ത്ഥം.