വിമാനക്കമ്പനിയായ എമിറേറ്റ്സിൽ കൂട്ടപിരിച്ചുവിടൽ: ഭൂരിപക്ഷം ഇന്ത്യൻ പൈലറ്റുമാർക്കും ജോലി നഷ്ടപ്പെടും

Share this

കോവിഡ് മൂലം തകർന്ന വ്യോമയാന മേഖലയിൽ നിന്നും അശുഭകരമായ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇത്തരത്തിലുള്ള ഏറ്റവും പുതിയ വാർത്തയാണ് ദുബായ് ഗവൺമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ പ്രബല എയർലൈൻ കമ്പനിയായ എമിറേറ്റ്സ് അവരുടെ 800 ഓളം പൈലറ്റുമാരെ ജൂണിൽ പിരിച്ചുവിട്ടിരിക്കുന്നത്.വിവിധ വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയിൽ 180 പൈലറ്റുമാരെ ജോലിയിൽനിന്നും പിരിച്ചുവിട്ടു തുടങ്ങിയ എമിറേറ്റ്സിൽ ഇപ്പോൾ 800 ലേറെ പൈലറ്റുമാർക്കാണ് ജോലി നഷ്ടമായിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരായാണ് എന്നാണ് അറിയുന്നത്. 10 -15 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർപോലും ഇക്കൂട്ടത്തിൽ ഉണ്ടത്രെ. 560 പൈലറ്റുമാരെ പിരിച്ചുവിട്ടത് എയർലൈനിന്റെ എ 380 വിമാനത്തിലും 240 പേരെ ബി 777 വിമാനങ്ങളിലുമാണ്. എന്നാൽ ഈ പിരിച്ചുവിടലുകൾ കമ്പനി സ്ഥിരീകരിച്ചെങ്കിലും എണ്ണം കൃത്യമായി പറയുവാൻ തയ്യാറായിട്ടില്ല.



ഈ വർഷം തുടക്കത്തിൽ എമിറേറ്റ്‌സിൽ 4,300 പൈലറ്റുമാരും 22,000 കാബിൻ ക്രൂവുമുണ്ടായിരുന്നു. ഈ കോവിഡ് കാലത്തെ മൂന്നാംഘട്ട പിരിച്ചുവിടലുകളാണ് ഇപ്പോൾ നടക്കുന്നത്. എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ തൊഴിലാളികളെ 30 ശതമാനം കുറയ്ക്കാൻ പദ്ധതിയിട്ടിരുന്നു, അതായത് ഏകദേശം 30,000 ൽ ഏറെ ആളുകൾ. ഇത്തരത്തിൽ പൈലറ്റുമാർക്കും ക്യാബിൻ ക്രൂസിനും ഉൾപ്പെടെ വലിയൊരു ശതമാനം ജോലിക്കാർക്ക് തൊഴിൽ നഷ്ടമാകും. ആഗോളതലത്തിൽ മിക്കവാറും എല്ലാ എയർലൈനുകളും ജീവനക്കാരെ പിരിച്ചുവിടാൻ നിർബന്ധിതരാകുന്നു, അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. പലരെയും ശമ്പളമില്ലാതെ അവധിയിൽ അയച്ചിട്ടുണ്ട്.

Kerala Globe News


Share this