അയര്‍ലണ്ടിന്റെ പടിഞ്ഞാറേ അറ്റം ആയ ബ്ലാസ്കറ്റ്‌ ദ്വീപുകളില്‍ വീണ്ടും ആളനക്കം!

Share this

അയര്‍ലണ്ടിന്റെ ‘ഏറ്റവും പടിഞ്ഞാറെ അറ്റം’ എന്ന വിശേഷണത്തിന് അര്‍ഹമായ  ദ്വീപസമൂഹങ്ങള്‍ ആണ് ബ്ലാസ്കറ്റ്‌ ദ്വീപുകള്‍. അവയിലെ ഏറ്റവും വലിയ ദ്വീപായ ‘ഗ്രേറ്റ് ബ്ലാസ്ക്കറ്റ് ദ്വീപ്‌’ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മനുഷ്യവാസത്താല്‍ ചലനോത്മുഖമാവുകയാണ്.

1953 വരെ ഗ്രേറ്റ് ബാസ്കറ്റ് ദ്വീപില്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്നുവത്രേ. മത്സ്യബന്ധനം ആയിരുന്നു ഈ ദ്വീപിലുള്ള ഐറിഷ് സമൂഹത്തിന്‍റെ പ്രധാന ഉപജീവനമാര്‍ഗം. മോശം കാലാവസ്ഥ മൂലം അസുഖബാധിതനായ ഷോണ്‍ ഓ’ കാര്‍ണി എന്ന ഒരു ദ്വീപു നിവാസിയുടെ മരണത്തെ തുടര്‍ന്നു ദ്വീപിലുള്ളവരെ അയര്‍ലണ്ട് മെയിന്‍ലാന്‍ഡില്‍ തന്നെ പുനരധിവസിപ്പിക്കുവാന്‍ അന്നത്തെ ഐറിഷ് ഗവണ്മെന്റ്റ് തീരുമാനിക്കുകയായിരുന്നു.

ഐറിഷ് ഭാഷയിലെ അറിയപ്പെടുന്ന എഴുത്തുകാരായിരുന്ന തോമസ്‌ ഓ’ ക്രൈഹന്‍, പെയ്ഗ് സെയെഴ്സ്, മോറിസ് ഓ’സള്ളിവന്‍ എന്നിവര്‍ വെറും 4.29 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള  ഈ ദ്വീപില്‍ ജനിച്ചു വളര്‍ന്നവര്‍ ആയിരുന്നു. മൂവരുടെയും കൃതികള്‍ ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളവയാണ്. പെയ്ഗ് സെയെഴ്സ്, മോറിസ് ഓ’സള്ളിവന്‍ എന്നിവരുടെ വീടുകള്‍ ഇപ്പോള്‍ പുനര്‍നിര്‍മിക്കുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി സന്ദര്‍ശനം അനുവദിക്കുകയും ചെയ്യുന്നുണ്ട്. 



ഗ്രേറ്റ് ബ്ലാസ്കറ്റ്‌ ദ്വീപ്‌ ആവാസയോഗ്യമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി ദ്വീപിന്‍റെ കെയര്‍ടേക്കര്‍ എന്ന തസ്തികയിലേയ്ക്ക് അപേക്ഷകള്‍ അയച്ചപ്പോള്‍ ലോകമെമ്പാടും നിന്നുമായി 23,000 അപേക്ഷകള്‍ ലഭിച്ചുവത്രേ. തിരഞ്ഞെടുക്കപെട്ട അപേക്ഷാര്‍ത്ഥികള്‍  ആയ ഓവന്‍ ബോയ്ല്‍, ആനി ബേര്‍ണി എന്നിവര്‍ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ നിവാസികള്‍ ആണ്. ഡബ്ലിനിലെ തിരക്കേറിയ നാഗരിക ജീവിത രീതികളില്‍ നിന്ന് ഒറ്റപ്പെട്ട ഈ ദ്വീപിലേയ്ക്ക് താമസം മാറ്റിയിരിക്കുകയാണ് ഇരുവരും ഇപ്പോള്‍. ദ്വീപിലുള്ള കോഫീ ഷോപ്പും ടൂറിസ്റ്റുകള്‍ക്കായുള്ള പ്രൈവറ്റ് കൊട്ടേജുകളും നോക്കി നടത്തുക എന്നതാണ് ഇവരുടെ പ്രധാന ജോലികള്‍.

പ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ കടല്‍തീരം തൊട്ടു വീടിന്‍റെ വാതുക്കല്‍ വരെ നിരനിരയായുള്ള നീര്‍നായകളുടെ കൂട്ടം ആനന്ദകരമായ കാഴ്ചയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. നീര്‍നായകളെ കൂടാതെ നിരവധി കഴുതകളും ദ്വീപ്‌ ആവാസകേന്ദ്രം ആക്കിയിട്ടുണ്ട്.

അയര്‍ലണ്ട് മെയിന്‍ലാന്റിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ ഡിംഗിള്‍ എന്ന തുറമുഖ പട്ടണത്തില്‍ നിന്നും ഗ്രേറ്റ് ബാസ്കറ്റ് ദ്വീപുകളിലേയ്ക്ക് നടത്തുന്ന ബോട്ട് യാത്രകള്‍ക്കായി നിരവധി സന്ദര്‍ശകരാണ്‌ അനുദിനം ഇവിടെ വന്നെത്തുന്നത്. 



ഓവന്‍റെയും ആനിയുടെയും ദ്വീപിന്‍റെ കെയര്‍ടേക്കര്‍ ചുമതല ഈ വരുന്ന ഒക്ടോബര്‍ മാസത്തില്‍ അവസാനിക്കുകയാണ്. അടുത്ത വര്‍ഷത്തേയ്ക്കുള്ള നടത്തിപ്പുകാരെ തിരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുമ്പോള്‍ ഒരു കൈ നോക്കണമെന്ന് തോന്നുന്നെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക. വർഷത്തിലെ ആറ് മാസത്തേക്ക് ഇലക്ട്രിസിറ്റിയോ ചൂട് വെള്ളമോ ഇല്ലാത്ത ചുറ്റുപാടുകളിലേക്ക് ആയിരിക്കും നിങ്ങൾ ചെന്നെത്തുക. 

മനോഹരമായ ഈ ഐലൻഡ് സന്ദർശിക്കുവാനായി വിവരങ്ങൾക്ക് :

https://www.greatblasketisland.net/

ചിത്രത്തിന് കടപ്പാട്: ഇന്സ്ടഗ്രാം 


Share this