അമേരിക്കയിൽ കോവിഡ് മഹാമാരി ആദ്യമായി ആരംഭിച്ചപ്പോൾ വെറും ജലദോഷപ്പനിയെന്ന് വിശേഷിപ്പിച്ച് ജനങ്ങളുടെ ഇടയിൽ രോഗത്തെക്കുറിച്ചുള്ള ഗൗരവം കുറയ്ക്കുകയും തത്ഫലമായി രാജ്യത്തുടനീളം കൊറോണ വൈറസ്സ് പടർന്നുപിടിക്കുകയും, ഇതുവരെ 1.37 ലക്ഷം പേർ മരിക്കുകയും 33 ലക്ഷം പൗരന്മാർ രോഗികളാവുകയും ചെയ്തു. നാളുകൾ ഇത്രയായിട്ടും, ആരോഗ്യ പ്രവർത്തകർ മാസ്കുകൾ ഉപയോഗിക്കുവാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും രാജ്യത്തെ നയിക്കുന്ന ഡൊണാൾഡ് ട്രംപ് ഇതിനെ നിരാകരിക്കുകയാണുണ്ടായത്. എന്നാൽ ഇതാദ്യമായി ട്രംപ് പൊതുജനത്തിന് മുമ്പാകെ മാസ്ക് ധരിച്ചിരിക്കുകയാണ്. ഇതുവരെ പരസ്യമായി മാസ്ക് ധരിക്കാൻ വിമുഖത കാണിച്ച ട്രംപ്, വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് പരിക്കേറ്റ സേവന അംഗങ്ങളെ സന്ദർശിക്കാനുള്ള യാത്രയ്ക്കിടെ ഒരു നേവി ബ്ലൂ മാസ്ക് ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. വൈകിയെങ്കിലും ട്രംപ് ഇപ്പോഴെങ്കിലും ഒരു മാതൃക കാട്ടിയല്ലോ എന്നാണ് ലോകം ഇതിനെകുറിച്ച് പറയുന്നത്. ഫേസ് മാസ്ക് ഇന്ന് ലോകത്തിലെ മിക്ക രാജ്യങ്ങളുടെ ഇടയിലും നിർബന്ധമാക്കിയിരിക്കുകയാണ്.
Kerala Globe News