രാമായണത്തിന്റെ നേപ്പാളി പതിപ്പ് എഴുതിയ ആദികവി ഭാനു ഭക്ത ആചാര്യയുടെ 207-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നേപ്പാൾ പ്രധാനമന്ത്രിയായ ഖഡ്‌ജ പ്രസാദ് ശർമ്മ ഒലിയുടെ ശ്രീരാമനെകുറിച്ചുള്ള പ്രസ്താവന ഇന്ത്യയിലും നേപ്പാളിലും ഒരുപോലെ വിവാദമായിരിക്കുകയാണ്. ഹിന്ദു ദൈവമായ ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലല്ല, തന്റെ രാജ്യത്താണെന്നും അയോദ്ധ്യ വാസ്തവത്തിൽ കാഠ്മണ്ഡുവിനടുത്തുള്ള ഒരു ചെറിയ ഗ്രാമമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഹിന്ദുമത വിശ്വാസപ്രകാരം ശ്രീരാമൻ ജനിച്ചിരിക്കുന്നത് ഇന്ത്യയിലെ അയോധ്യയിലാണ്. ഉത്തർപ്രദേശിലെ അയോദ്ധ്യ വാസ്തവത്തിൽ ഇന്ത്യൻ ഭരണാധികാരികളുടെ സൃഷ്ടിയാണെന്ന് ഒലി അവകാശപ്പെട്ടു.“രാമന്റെ രാജ്യം ഉത്തർപ്രദേശിലല്ല, നേപ്പാളിലായിരുന്നു, വാൽമീകി ആശ്രമത്തിനടുത്തായിരുന്നു,” ഒലി പറഞ്ഞു . ഐതിഹ്യം അനുസരിച്ച്, സീത, രാമനെ ഉപേക്ഷിച്ചതിനുശേഷം, വാൽമീകി മുനിയുടെ ആശ്രമത്തിൽ ലവ്, കുഷ് എന്നീ മക്കളോടൊപ്പം നാരായണിയുടെ തീരത്ത്, അല്ലെങ്കിൽ ബീഹാറുമായി അതിർത്തിയിലെ നേപ്പാളി ഭാഗത്തുള്ള ഗന്ധക് നദിയിൽ താമസിച്ചു. എന്നാൽ ഈ വിവാദങ്ങൾ ഭാരതീയ ജനതാ പാർട്ടി തള്ളിക്കളഞ്ഞിരിക്കുകയാണ്. 85 ശതമാനത്തിലേറെ ഹിന്ദുമത വിശ്വാസികളുള്ള നേപ്പാളിലും ഇത് വിവാദമായിരിക്കുകയാണ്.
ഇന്ത്യ സാംസ്കാരിക കടന്നുകയറ്റം നടത്തുകയാണ് എന്നാണ് നേപ്പാൾ ആരോപിക്കുന്നത്. ഇൻഡ്യാവിരുദ്ധ വികാരം ആളിക്കത്തിക്കുവാനാണ് നേപ്പാളിന്റെ ശ്രെമമെന്ന് വിവിധ കേന്ദ്രങ്ങൾ പറയുന്നു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. ഇന്ത്യയേക്കാൾ ചൈനയോട് കൂറ് പുലർത്തുന്ന സമീപനമാണ് ഇപ്പോഴത്തെ ഗവൺമെൻറ് അനുവർത്തിക്കുന്നത്. തന്റെ സർക്കാരിനെ പുറത്താക്കുവാൻ ഇന്ത്യ ശ്രെമിക്കുന്നതായി നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ ദേശീയ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ജൂലൈ 9 ന് നേപ്പാൾ സർക്കാർ ദൂരദർശൻ ഒഴികെയുള്ള എല്ലാ ഇന്ത്യൻ വാർത്താ ചാനലുകളും സംപ്രേഷണം ചെയ്യുന്നത് നിരോധിക്കാൻ തീരുമാനിച്ചു.
Kerala Globe News