അയർലൻഡ്: ടിക്കറ്റ് റീഫണ്ടിങ്ങിന് വൻതുക സർവീസ് ചാർജ്ജായി പിടിക്കുന്നതിനുള്ള മലയാളി ട്രാവൽ ഏജൻസികളുടെ ദുർവാശി ഐറിഷ് മലയാളികളുടെ ഇടയിൽ വലിയ നാണക്കേടാവുകയാണ്. പ്രശ്നം ഉയർന്നപ്പോൾ തന്നെ ഇത് എങ്ങനെയും അവഗണിക്കുന്നതിനുള്ള ശ്രമമാണ് ഏജൻസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്നാൽ തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിന്ന പരാതിക്കാരായ മലയാളികൾ ശക്തമായി പ്രതിക്ഷേധിച്ചപ്പോൾ ഏജൻസികൾ മറ്റു ചില മലയാളികളെ സ്വാധീനിച്ച് പരാതിക്കാർക്കെതിരായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടത്തുവാൻ ശ്രമം നടത്തി. എന്നാൽ ഇത് പരാജയപ്പെട്ടതോടെ അടുത്ത ശ്രമം പ്രധാന ട്രവൽ ഏജന്റിനെക്കൊണ്ട് അനുകൂലപ്രസ്താവന നടത്തുവാൻ പ്രേരിപ്പിച്ചു. ഇതും പരാജയപ്പെട്ടതോടെ അടുപ്പക്കാരായ പല മലയാളികളെയും ഈ പ്രതിക്ഷേധത്തിനെതിരെ രംഗത്തുകൊണ്ടുവരുവാൻ ശ്രമിച്ചെങ്കിലും ഈ വിഷയത്തിലുള്ള പൊതു വികാരം കണക്കിലെടുത്ത് ആരും തന്നെ ഏജൻസികൾക്ക് അനുകൂലമായ ഒരു സമീപനം സ്വീകരിച്ചില്ല.
പരാതിക്കാരായ മലയാളികൾ CHANGE.ORG എന്ന ഓൺലൈൻ പെറ്റിഷൻ സൈറ്റിൽ യൂറോപ്യൻ കമ്മീഷനിലേയ്ക്ക് നൽകുവാനായി ഒരു ക്യാമ്പയിൻ തുടങ്ങുകയും ഇതുവരെയുള്ള കണക്കുവെച്ച് 500 ൽ ഏറെപേർ ഇതിൽ പങ്കാളികളാവുകയും ചെയ്തു. ഇതേ വെബ്സൈറ്റിൽ നടന്ന മറ്റൊരു ക്യാമ്പയിന്റെ ഫലം കൂടിയാണ് ഐറിഷ് കൃഷിമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ രാജി. ജനകീയ അഭിപ്രായത്തിന് വലിയ വില കൽപ്പിക്കുന്ന രാജ്യമാണ് അയർലൻഡ്. ടിക്കറ്റ് റീഫണ്ടിനായി ഒരു ടിക്കറ്റിന് 50 യൂറോ വെച്ച് ഒരു കുടുംബത്തിന്റെ പക്കൽ നിന്നും 200 യൂറോ വരെ നേടിയെടുക്കുന്നതിനുള്ള ഏജൻസികളുടെ ശ്രമം നിയമപരമായി നിലനിൽക്കുന്നതല്ല എന്നാണ് പരാതിക്കാർ ബന്ധപ്പെട്ട എല്ലാ നിയമവിദഗ്ദ്ധരുടെയും അഭിപ്രായം.
ഈ വിഷയവുമായി ബന്ധപ്പെട്ട താലയിൽ നിന്നുള്ള മലയാളി കൗൺസിലർ ശ്രീ ബേബി പെരേപ്പാടൻ, എമെർ ഹിഗ്ഗിൻസ് ടി.ഡി വഴി ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ഗതാഗത ടൂറിസം മന്ത്രി മറുപടി നൽകുകയും ചെയ്തു. മറുപടിക്കായി ശ്രീ പെരേപ്പാടന്റെ പോസ്റ്റ് കാണുക.
അയർലണ്ടിലെ ലേബർ പാർട്ടിയിലെയും മറ്റും പ്രതിപക്ഷ റ്റി.ഡി. മാരുടെ പക്കലും ഈ വിഷയം എത്തിക്കഴിഞ്ഞു. കാര്യങ്ങൾ പഠിച്ചതിനു ശേഷം ഐറിഷ് പാർലമെന്റായ ഡെയിലിൽ ഇത് വീണ്ടും ഉന്നയിക്കുമെന്നാണ് പരാതിക്കാർക്ക് ചില ടി.ഡി മാർ നൽകിയിരിക്കുന്ന ഉറപ്പ്. ഭരണ, പ്രതിപക്ഷ പിന്തുണ ഇക്കാര്യത്തിൽ ലഭിക്കുമെന്ന് പരാതിക്കാർ പ്രതീക്ഷിക്കുന്നു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പരാതിക്കാരുടെ ഭാഗത്തുനിന്നും നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞതായാണ് ലഭ്യമായ വിവരം.കമ്പനികളുടെ terms and conditions അനുസരിച്ച് സർവീസ് ചാർജ്ജ് ഈടാക്കാം എന്ന് നിയമുണ്ടെങ്കിലും അങ്ങനെയൊരു terms and condition നിലവിലുണ്ടായിരുന്ന ഡോക്യൂമെൻറ്സിൽ ഇല്ല എന്നാണ് പരാതിക്കാർ പറയുന്നത്. ഇതേ സമയം മലയാളി ട്രവൽ ഏജന്റ്സിന് ടിക്കറ്റ് നൽകുന്ന രണ്ട് പ്രധാന ഏജൻസികളിൽ ഒന്നായ ക്ലബ് ട്രാവൽസ് അവരുടെ നേരിട്ടുള്ള ഉപഭാക്താക്കൾക്ക് മുഴുവൻ തുകയും മടക്കിനൽകികൊണ്ടിരിക്കുകയാണ്. നിസ്സാരമായി പരിഹരിക്കാവുന്ന ഒരു വിഷയത്തെ വലിച്ചുനീട്ടി വലുതാക്കുകയാണ് മലയാളി ഏജൻസികൾ ചെയ്യുന്നത്. തോളത്ത് കൈയ്യിട്ട് നടക്കുന്ന സുഹൃത്തുക്കളുടെ അടുക്കൽനിന്നുപോലും ഈ നിയമവിരുദ്ധ തുക ഈടാക്കുവാനുള്ള ഇവരുടെ മഹാമനസ്കത മലയാളികൾ കാണാതെപോകരുത്.
Kerala Globe News