ഏതു പാതിരാത്രിയിലും അയർലണ്ടിലെ വന പ്രദേശങ്ങളിലൂടെ ധൈര്യമായി നടക്കാം. കാരണം അയർലണ്ടിൽ പാമ്പുകളും മനുഷ്യനെ ആക്രമിക്കുന്ന വന്യ ജീവികളും ഇല്ല എന്നതുതന്നെ. അങ്ങനെയിരിക്കെയാണ് പ്രകൃതിസ്നേഹിയായ ഡേവിഡ് മഗ്രാത്ത് അയർലണ്ടിലെ കൗണ്ടി കോർക്കിൽ മിനേൻ ബ്രിഡ്ജ് എന്ന കൊച്ചു കടലോര ഗ്രാമത്തിലൂടെ കാഴ്ചകൾ ഒക്കെ കണ്ട് നടക്കുമ്പോൾ അതാ നിലത്ത് എന്തോ ഇഴയുന്നു. പാമ്പുകൾ ഇല്ലാത്ത അയർലണ്ടിൽ പാമ്പോ? സാമാന്യം നല്ല വലിപ്പവും കണ്ടാൽ പാമ്പെന്നും തോന്നുന്ന ഒരു ഇഴജന്തു. എന്തായാലും ഡേവിഡ് ധൈര്യം സംഭരിച്ച് കക്ഷിയുടെ അടുത്തുചെന്നു കുറച്ചു ക്ലോസപ്പ് ചിത്രങ്ങൾ എടുത്ത് അതിനെ പോകുവാനനുവദിച്ചു. പിന്നീട് നടത്തിയ റിസർച്ചിൽ ആണ് ഡേവിഡിന് കക്ഷിയെ മനസ്സിലാകുന്നത്. ഈ കക്ഷി ശരിക്കും പാമ്പൊന്നും അല്ല; SLOW WORM അല്ലെങ്കിൽ LEGLESS LIZARD എന്ന് അറിയപ്പെടുന്ന അപൂർവ്വ ഇനത്തിൽ പെട്ട ഉരഗവർഗ്ഗ ജീവിയാണ് കോർക്കിലെ ഡേവിഡിന്റെ മുൻപിൽ വന്നു പെട്ടത്.
യൂറോഏഷ്യൻ ആഫിക്കൻ മേഖലയിൽ സാധാരണയായി കാണാറുള്ള LEGLESS LIZARD പാമ്പുകളെ പോലെ തന്നെ ഇരിക്കുമെങ്കിലും ഇവയ്ക്കു ചില വ്യത്യാസങ്ങൾ ഉണ്ട്. ഇവയുടെ കണ്ണുകളും ചെവികളും പാമ്പിന്റെതിൽ നിന്നും വ്യത്യസ്തമാണ്. മറ്റു ഒട്ടേറെ വ്യത്യാസങ്ങൾ പാമ്പുകളുമായി ഉണ്ട്. ഒച്ചുകളും പുഴുക്കളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. മിക്ക രാജ്യങ്ങളിലും ഇവയെ സംരക്ഷിത വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അയർലണ്ടിലെ കൗണ്ടി ക്ലെയറിൽ ഇവയെ കാണാറുള്ളതായി ഡേവിഡ് പറയുന്നു. ഇനി അയർലണ്ടിലുള്ള ഏതെങ്കിലും മലയാളികൾ അവരുടെ വീട്ടുമുറ്റത്ത് ഇങ്ങനൊരു ജീവിയെ കണ്ടാൽ വിസായും എയർ ടിക്കറ്റും എടുത്തു വാവ സുരേഷിനെ വിളിക്കേണ്ടാ എന്ന് സാരം.
Kerala Globe News