അയർലൻഡിൽ നിന്ന് കോവിഡ് എന്ന മഹാമാരി ഒഴിഞ്ഞു പോയി കൊണ്ടിരിക്കുകയാണ്, എന്നിരുന്നാലും നമുക്കിപ്പോഴും രോഗവ്യാപനം തടയാൻ ഉള്ള മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. വ്യക്തമായ ഒരു പ്രതിരോധ മരുന്നോ, കൃത്യതയാർന്ന ഒരു ചികിത്സാ മാർഗമോ കണ്ടെത്തുന്നതുവരെ നമ്മൾ നമ്മുടെ സ്വന്തം ആരോഗ്യം കാത്തു സംരക്ഷിക്കേണ്ടത് ആയിട്ടുണ്ട്.
അയർലണ്ട് എന്ന ഈ കുഞ്ഞ് രാജ്യം പൊതുജനാരോഗ്യത്തിന് ചെയ്യുന്ന കാര്യങ്ങൾ അത്ര കണ്ട് ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം ആണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അയർലൻഡിൽ മലിനീകരണ തോത് വളരെ കുറവാണ്. വികസനങ്ങളുടെ പേരിൽ വനനശീകരണം അടക്കമുള്ളവ കുറച്ചുകൊണ്ടാണ് നവീകരണ പ്രക്രിയകൾ ഇപ്പോഴും നടത്തുന്നത്. എന്നിരുന്നാൽ തന്നെയും വാഹനങ്ങളിൽ നിന്നും, വ്യവസായശാലകളിൽ നിന്നും ഉണ്ടാകുന്ന വായു മലിനീകരണം ഇപ്പോൾ ശ്രദ്ധയാകർഷിച്ചു വരുന്നുണ്ട്.
ഇൻഡോർ ഔട്ട്ഡോർ വ്യത്യാസമില്ലാതെ ആരോഗ്യ രീതികൾ അവലംബിക്കാൻ ഉത്തമമായ ഒരു സ്ഥലമാണ് അയർലൻഡ്. അടുത്തകാലത്തായി അയർലൻഡിൽ നിർമ്മിക്കുന്ന ഭവനങ്ങൾ എല്ലാം തന്നെ ശബ്ദ മലിനീകരണ തോത് കുറയ്ക്കുന്ന രീതിയിലും, ഏതു കാലാവസ്ഥയിലും ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ബാക്ക്യർഡ് സംവിധാനങ്ങൾ ഉള്ളതുമാണ്.
ഇൻഡോർ വ്യായാമങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് യോഗ തെരഞ്ഞെടുക്കാൻ പറ്റുന്ന ഒരു നല്ല മാർഗമാണ്. കുട്ടികൾക്കും വീട്ടുകാർക്കും ഒരുപോലെ ആസ്വദിക്കാനും, മാനസിക ഉല്ലാസത്തിനും നല്ലതാണ് ക്യാരംസ് പോലുള്ള കളികൾ. വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഇത്തരം കളികൾ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, തമ്മിൽത്തമ്മിൽ മനസ്സിലാക്കുന്നതിനും, പ്രശ്ന പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനും ഉത്തമമാണ്.
വിദ്യാഭ്യാസ മേഖല ഇപ്പോൾതന്നെ കമ്പ്യൂട്ടർ അധിഷ്ഠിതം ആയിരിക്കുന്നതിനാൽ, കുട്ടികൾക്ക് മാനസിക വികാസത്തിനായി മൊബൈൽ കമ്പ്യൂട്ടർ ഗെയിമുകൾ നൽകുന്നത് അത്രകണ്ട് നല്ലതായിരിക്കില്ല. ചെസ്സ്, സുഡോക്കു, റുബിക്സ് ക്യൂബ് മുതലായവ പരിശീലിക്കുന്നത് മാനസിക വികാസത്തിന് നല്ലതാണ്. വൈകുന്നേരങ്ങളിൽ ടെലിവിഷൻ ഷോകൾക്ക് പകരം പുസ്തകപാരായണങ്ങൾ, ദൈനംദിന വാർത്ത സംവാദങ്ങൾ, സാമൂഹ്യ പ്രശ്നം വിശകലനങ്ങൾ മുതലായവ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുന്നത് കുടുംബത്തിലെ ഏവർക്കും പരസ്പരം ചിന്താധാരകൾ അറിയാനും, പരസ്പരം തിരുത്തുവാനും അവസരം നൽകുന്നതാണ്. വീടിൻറെ മുറ്റത്തും ബാക്ക്യർഡിലും കുട്ടികളെയും കൂട്ടി ചെയ്യുന്ന ചെറിയ തരം കായിക വ്യായാമങ്ങൾ കുടുംബത്തിന് ആകെ ഊർജ്ജം പകരുന്നതാണ്.
അയർലൻഡിൽ ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ കുട്ടികൾക്കായുള്ള പാർക്കുകളും, മൈതാനങ്ങളും കാണാവുന്നതാണ്. അനുയോജ്യമായ കാലഘട്ടങ്ങളിൽ ഇത്തരം മൈതാനങ്ങൾ, പാർക്കുകൾ മുതലായവ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ആരോഗ്യത്തോടൊപ്പം വളരെ നല്ലൊരു ഒരു സാമൂഹ്യബന്ധവും സൃഷ്ടിക്കുന്നു.
വേനൽക്കാലത്ത് അയർലൻഡിലെ കോട്ടകൾ, നദികൾ, മലകൾ മുതലായവ കാണാൻ പോകുമ്പോൾ അവിടെയുള്ള നടപ്പാതകൾ ഉപയോഗിക്കുന്നത് നല്ലൊരു ശീലമാണ്. ചെറിയ യാത്രകൾക്കായി സൈക്കിൾ ഉപയോഗിക്കുന്നത് വായുമലിനീകരണം കുറയ്ക്കുന്നതോടൊപ്പം നല്ലൊരു കായികാധ്വാനവും നൽകുന്നു.
കോവിഡ് എന്ന രോഗം നിലനിൽക്കുന്നിടത്തോളം കാലം,എവിടെ പോയിട്ട് വന്നാലും നന്നായി കയ്യും കാലും കഴുകി വീട്ടിൽ പ്രവേശിക്കാൻ ശീലിക്കുക. മുഖാവരണവും, ഒരല്പം ശുചീകരണ ലായനികൾ കൈയിൽ കരുതുന്നതും, മിത സംസാരവും, ജീവിതശൈലി ആക്കുന്നത് നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്.
ശൈത്യകാലം കായികവിനോദങ്ങൾക്കും വ്യായാമങ്ങൾക്കും അത്രകണ്ട് സഹായകരം അല്ലാത്തതിനാൽ, ഈ വേനൽക്കാലം നല്ലൊരു ആരോഗ്യശീലം നമുക്കും നമ്മുടെ കുട്ടികൾക്കും വളർത്തുന്നതിന് ശ്രദ്ധിക്കാം.
Author: Anoop Joseph