കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അവധിക്കായി ഇന്ത്യയിൽ എത്തി, ലോക്ക്ഡൗൺ മൂലം തിരിച്ച് യാത്ര സാധിക്കാതെ വന്ന ആയിരക്കണക്കിന് പ്രവാസി കളാണ് കേരളത്തിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഉള്ളത്. കേന്ദ്ര ഗവൺമെൻറ് ഒരുക്കിയിരിക്കുന്ന എയർ ഇന്ത്യ-വന്ദേ ഭാരത് മിഷൻ റീപാട്രിയേഷൻ ഫ്ലൈറ്റുകൾ പ്രവാസികൾക്ക് വലിയൊരു ആശ്വാസമായെങ്കിലും അയർലണ്ട് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലേക്കും ആവശ്യത്തിനുള്ള സർവീസ് ഇല്ല എന്നുള്ളത് പ്രവാസികളെ വലയ്ക്കുകയാണ്. ഒട്ടേറെ മലയാളികളാണ് അയർലണ്ടിലേക്ക് തിരിച്ചെത്തുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ അവധിക്കായി കേരളത്തിലെത്തിയവരും പുതുതായി അയർലണ്ടിൽ ജോലിയ്ക്ക് നിയമനം ലഭിച്ചവരുമൊക്കെയുണ്ട്. ഇത്തരത്തിൽ നാട്ടിൽ കുടുങ്ങിപോയ നഴ്‌സുമാർക്കും കുടുംബത്തിനും അയർലണ്ടിലേക്ക് തിരിച്ചെത്തുവാൻ യാത്രാസൗകര്യമൊരുക്കി ശ്രദ്ധനേടുകയാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ( INA ) കർണാടകയുടെ പ്രവർത്തകർ.
ലോക്ക്ഡൗൺ കാലത്ത് നഴ്സുമാർക്ക് അന്തർസംസ്ഥാന യാത്രാ സൗകര്യങ്ങൾ ഒരുക്കി തുടങ്ങിയ അസോസിയേഷന്റെ പ്രവർത്തനം പിന്നീട് വിദേശ രാജ്യങ്ങളിലേയ്ക്ക് മടങ്ങുന്നവർക്ക് വിമാന യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിലേയ്ക്ക് കൂടിയായി മാറുകയായിരുന്നു. ബാംഗ്ലൂർ, മുംബൈ, ഡൽഹി വഴിയുള്ള മിക്ക സർവീസുകൾക്കും സഹായഹസ്തവുമായി ഐ.എൻ.എ കർണാടകയുടെ പ്രവർത്തകർ മുൻപന്തിയിലുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെയും വിവിധ എംബസികളുടെയും കെ.എൽ.എം., എയർ ഫ്രാൻസ് തുടങ്ങിയ വിമാന കമ്പനികളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനെല്ലാം ഉള്ള അനുവാദങ്ങൾ നിയമപരമായി ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെ നാനൂറിലേറെപേർക്ക് ഈ സർവീസ് വഴി അയർലണ്ടിൽ എത്തിച്ചേരുവാൻ സാധിച്ചിരുക്കുകയാണ്. പ്രധാനമായും ബാംഗ്ലൂരിൽ നിന്ന് പാരീസ് വഴി ഡബ്ലിനിലേയ്ക്ക് ആണ് ഫ്ലൈറ്റ് സർവീസ് എന്നത് കേരളത്തിൽ നിന്ന് അയർലണ്ടിലേക്ക് എത്തേണ്ടവർക്ക് വലിയൊരു ഉപകാരമാവുകയാണ്. ഇങ്ങനെ 17 വിമാനങ്ങളാണ് ഇതുവരെ ഡബ്ലിനിൽ എത്തിയത്.
വരുന്ന ആഴ്ചകളിലും ഇവരുടെ ചുമതലയിൽ വിമാനങ്ങൾ എത്താനിരിക്കുകയാണ്. അയർലണ്ടിലേക്ക് നഴ്‌സുമാരെ എത്തിക്കുന്ന വിവിധ ഏജൻസികൾ ഈ സർവീസ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 30 പേർക്ക് വരെ ഒരു ഫ്ലൈറ്റിൽ ടിക്കറ്റ് ലഭിക്കും. അയർലണ്ടിൽ നിന്നും തിരിച്ച് ഇന്ത്യയിലേക്കും ഇത്തരത്തിൽ ചാർട്ടേർഡ് വിമാനങ്ങൾ ലഭ്യമാണെന്ന് സ്റ്റേറ്റ് കോർഡിനേറ്റർ ആയ ശ്രീ മേരിദാസ് പീറ്റർ കേരളാ ഗ്ലോബിനോട് പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിലെത്തുവാൻ ആഗ്രഹിക്കുന്നവർ ഇവരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
വീഡിയോ കാണുക:
Watch Video 2
Kerala Globe News
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ പേജ് ലൈക് ചെയ്യുക.
https://www.facebook.com/keralaglobe/
വാർത്തകൾ യഥാസമയം ലഭിക്കുവാൻ ഈ ഗ്രൂപ്പിൽ അംഗമാകൂ.
https://www.facebook.com/groups/951163458640831/