ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരു ലോണിനായി ബാങ്കിനെ സമീപിച്ച ചായക്കടക്കാരൻ രാജ്കുമാറിനെ ഞെട്ടിച്ച് ബാങ്ക്. താങ്കൾ എടുത്ത 50 കോടി രൂപ തിരിച്ചടയ്ക്കാതെ ഇനി ലോൺ തരാനാവില്ല എന്ന് ബാങ്ക് അധികൃതർ. 50 കോടി പോയിട്ട് 50 രൂപയുണ്ടാക്കുവാൻ കഷ്ടപ്പെടുന്ന രാജ്കുമാർ വഴിയരുകിൽ ചായ വിറ്റ് കിട്ടുന്ന തുകകൊണ്ടാണ് കുടുംബം പുലർത്തുന്നത്. ഇയാൾക്ക് 50 കോടിയുടെ 16 വായ്പകൾ ഉണ്ടെന്നാണ് ബാങ്ക് രേഖകൾ. എന്നാൽ മനസ്സറിവ് പോലുമില്ലാത്ത കാര്യം എങ്ങനെ സംഭവിച്ചു എന്നാണു രാജ്കുമാർ ചോദിക്കുന്നത്. എനിക്ക് പിഎൻബിയിൽ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ ബാങ്ക് ഉദ്യോഗസ്ഥരെ കണ്ടു, ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം വായ്പകൾ എന്റെ സിബിൽ ( CIBIL SCORE ) സ്കോറിൽ പ്രതിഫലിച്ചുവെന്നും 10-15 ദിവസത്തിനുള്ളിൽ പിശക് പരിഹരിക്കപ്പെടുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി.
അതേസമയം, രാജ്കുമാറിനെതിരെ 50 കോടി രൂപയുടെ വായ്പയൊന്നുമില്ലെന്ന് ചീഫ് ലീഡ് ഡിസ്ട്രിക്ട് മാനേജർ പിഎൻബി ഹരി സിംഗ് പറഞ്ഞു. സിബിൽ സ്കോറിൽ അക്കങ്ങൾ ഇരട്ടിച്ചതോ മറ്റോ ആവാം ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ വായ്പാ തിരിച്ചടവിനുള്ള ശേഷി കാണിക്കുന്നതിനുള്ള രാജ്യാന്തര മാർഗ്ഗമാണ് ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോർ.
Kerala Globe News