അയർലണ്ടിന്റെ തലസ്ഥാന നഗരമായ ഡബ്ലിനിൽ ഒരു മലയാളിയുടെ വീട്ടിലെ ചെടിച്ചട്ടിയിൽ കിളിർത്തിരിക്കുന്നത് ഷാംറോക്കും ലാവണ്ടറമൊന്നുമല്ല; നമ്മുടെ മലയാളികളുടെ സ്വന്തം ഇഞ്ചിയും, മഞ്ഞളും, പ്ലാവും, മാവും, ചേമ്പും… അങ്ങനെ ലിസ്റ്റ് നീളുന്നു. കൃഷിയെ സ്നേഹിക്കുന്ന മലയാളികളും അവരെ പ്രോത്സാഹിപ്പിക്കുന്ന മലയാളി ഫാർമേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പും ചേർന്ന് ഇന്ന് അയർലണ്ടിൽ അത്ഭുതങ്ങൾ രചിക്കുകയാണ്. ഈ പോക്കുപോയാൽ മണ്ണിനേയും കാലാവസ്ഥയെയും തോൽപ്പിച്ച് ഇവുടുത്തെ കാർഷിക സ്നേഹികൾ നമ്മുടെ തനത് കാർഷിക വിളകൾ യൂറോപ്പിൽ വിളയിക്കുവാൻ അധികകാലമെടുക്കില്ല എന്ന് തോന്നുന്നു.
ഡബ്ലിൻ ബ്ലാഞ്ചേഴ്സ് ടൗണിൽ താമസിക്കുന്ന വയനാടുകാരി വാഹിദയാണ് സ്വന്തം വീട്ടിൽ ഇഞ്ചിയും, മഞ്ഞളും, പ്ലാവും, മാവും, ചേമ്പുമൊക്കെ നട്ടു കിളിർപ്പിച്ചിരിക്കുന്നത്. വീടിനകത്ത് സൂക്ഷിച്ചിരിക്കുന്ന തൈകൾ, ഒരു ഗ്രീൻ ഹൗസ് വാങ്ങി അതിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ വാഹിദ ആനന്ദൻ. വീട്ടാവശ്യങ്ങൾക്കായി ലിഡിലിൽ നിന്നും, ഇന്ത്യൻ ഷോപ്പിൽ നിന്നുമൊക്കെ വാങ്ങിയ ചക്കയും, ഇഞ്ചിയും, മഞ്ഞളുമൊക്കെ ഉപയോഗിച്ചാണ് തൈകൾ കിളിർപ്പിച്ചത്. സ്വന്തം അമ്മയിൽനിന്നുമായാണ് ഇതിനുള്ള ടിപ്സ് കരസ്ഥമാക്കിയതെന്ന് വാഹിദ ആനന്ദൻ കേരളാ ഗ്ലോബിനോട് പറഞ്ഞു. ഡബ്ലിനിലെ മാറ്റർ ഹോസ്പിറ്റലിൽ ഡോക്ടർ ആയ ഭർത്താവ് ആനന്ദൻ, വാഹിദയുടെ കൃഷിയ്ക്ക് എല്ലാ പിന്തുണയുമായി മുൻപിലുണ്ട്. ഡബ്ലിൻ ചെറി ഓർക്കാർഡ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നേഴ്സ് മാനേജർ ആയി ജോലി നോക്കുന്ന വാഹിദ മൂന്നു മക്കളുടെ കാര്യങ്ങൾക്കും ശേഷമുള്ള ഒഴിവുവേളകളിലാണ് കൃഷിയിലേക്ക് ശ്രദ്ധിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് Malayali Farmers & Gardeners In Ireland എന്ന ഗ്രൂപ്പിൽ അംഗമാകാം.
Kerala Globe News
കൂടുതകൾ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഞങ്ങളുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ.