ദുരിതകാലത്തു പ്രവാസികളെ ചൂഷണം ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ല: കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ

Share this

അയർലണ്ടിലെ വിമാന ടിക്കറ്റ് റീഫണ്ട് വിഷയത്തിൽ പ്രതികരണവുമായി ഗോൾവേ ഇന്ത്യൻ അസോസിയേഷനും, ഡ്രോഗിഡാ ഇന്ത്യൻ ആസോസിയേഷനും പുറമെ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും രംഗത്തെത്തിയിരിക്കുകയാണ്.

*കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷൻ, കോർക്ക്*

പ്രസ്താവന
26/07/2020

അയർലണ്ടിലുള്ള ഇൻഡ്യൻ പ്രവാസികൾ വിമാനടിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കഴിഞ്ഞ കുറച്ചുനാളുകളായി പൊതുജനങ്ങളുടെ മുൻപാകെ ഉയർത്തിക്കൊണ്ടു വന്നത് കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെയും ശ്രദ്ധയിൽപെടുകയുണ്ടായി. ഈ വർഷം മാർച്ച് മുതൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തവർക്ക് കോവിട് കാരണം റദ്ദായ യാത്രകളുടെ ടിക്കറ്റിന്റെ പണം മുഴുവനായും തിരികെ കൊടുക്കാൻ പ്രവാസിഇൻഡ്യക്കാർ നടത്തുന്ന ചില ടിക്കറ്റിംഗ് ഏജൻസികൾ വിസമ്മതിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട കോർക്കിലെ പല പ്രവാസിസുഹൃത്തുക്കളും ഇക്കാര്യം സംഘടനയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. പ്രവാസികളുടെ ഏജൻസികൾ കൂട്ടായി എടുത്ത തീരുമാനപ്രകാരം ഓരോ ടിക്കറ്റിനു അൻപത് യൂറോ വരെ അവശ്യപ്പെടുന്നതായി ഇതിനു ഇരയായവർ വെളിപ്പെടുത്തി. പ്രസ്തുത ഏജൻസികളുടെ ഈ ആവശ്യം യൂറോപ്യൻ യൂണിയനിൽ നിലവിലിരിക്കുന്ന നിയമത്തിനും കോവിട് പടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്തു ടിക്കറ്റ് തുക തിരികെ കൊടുക്കുന്നതിനു വിവിധ വിമാനക്കമ്പനികൾ എടുത്ത നിലപാടിനു ഘടകവിരുദ്ധമാണെന്നു സംഘടന മനസ്സിലാക്കുന്നു. ടിക്കറ്റ് റദ്ദാക്കാനോ തിയതി മാറ്റാനോ യാതൊരു തുകയും അവശ്യമില്ലെന്നിരിക്കെ, വീണ്ടും പണം ആവശ്യപ്പെടുന്നത് തികച്ചും അന്യായമാണ്.



കോവിട് മൂലമുള്ള വ്യാപാരനഷ്ടം നേരിടാൻ ചെറുകിട ബിസിനസ്സുകൾക്ക് ഐറിഷ് സർക്കാർ പ്രത്യേക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. എന്നിട്ടും, ഈ പ്രത്യേക സാഹചര്യം മുതലെടുക്കാൻ അയർലണ്ടിലെ ചില ഏജൻസികൾ കൂട്ടായി നടത്തുന്ന വിലപേശൽ ഒരു സാമൂഹ്യവിപത്തായി തന്നെ കണക്കാക്കേണ്ടി വരും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ പൊതുസമൂഹം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ അവരെ ചൂഷണം ചെയ്യാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ കോർക്കിലെ പ്രവാസികളെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന നിലയിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ അപലപിക്കുന്നു.

ഇന്ത്യൻ പ്രവാസികൾ തുടങ്ങുന്ന സംരംഭങ്ങളോട് സഹകരിക്കുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രവാസികളോട് അവർ കാണിക്കേണ്ട സാമൂഹിക പ്രതിബദ്ധത അവർ മറക്കരുതായിരുന്നു. കുറഞ്ഞപക്ഷം, അവരുടെ ദുരിതകാലത്തു ഉപദ്രവിക്കാതെയിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഒരു സമൂഹമെന്നനിലയിൽ പ്രവാസികൾക്ക് മുഖ്യധാരയിൽ മുന്നോട്ടു പോകണമെങ്കിൽ എല്ലാവരും ഒരുമിച്ചു ഐറിഷ് സമൂഹത്തോടൊപ്പം മുന്നേറേണ്ടത് അവശ്യകമാണ്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രവാസിസമൂഹത്തിന്റെ തന്നെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടുന്നതാണ്.



 

അതുകൊണ്ട്, അങ്ങനെയുള്ള നടപടികളിൽ നിന്നും പ്രസ്തുത ഏജൻസികൾ പിന്മാറണമെന്നും കോർക്കിലെ പ്രവാസികളുൾപ്പടെ യുള്ളവരുടെ കൈയ്യിൽനിന്നും അനധികൃതമായി തുക ഈടാക്കരുതെന്നും, നേരത്തെ ഈടാക്കിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുകൊടുത്തു മാതൃകാപരമായി ബിസിനസ്സ് ചെയ്യാൻ അവർ തയ്യാറാകണമെന്നും കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷൻ ഇതിനാൽ ആവശ്യപ്പെടുന്നു.

എക്സികുട്ടീവ് കമ്മിറ്റിക്ക് വേണ്ടി

ജെനിഷ് ജെയിംസ്
സെക്രട്ടറി
കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ
കോർക്ക്, അയർലൻഡ്.


Share this