കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ആദ്യമായി അയർലണ്ടിലെ കോവിഡ് കേസ് നിരക്കിൽ ഇന്ന് വർദ്ധനവ്. 85 പോസിറ്റിവ് കേസുകളും ഒരു മരണവുമാണ് അയർലണ്ടിൽ ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് 22 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്ന കൂടിയ പ്രതിദിന വർധനവാണ് ഇന്നത്തേത്. പുതിയ 68% കേസുകൾ 45 വയസ്സിന് താഴെയുള്ളവരിലാണ് കണ്ടെത്തിയത്.
പുതിയ കേസുകളിൽ 26 എണ്ണം കിൽഡെയറിലും 18 എണ്ണം ഡബ്ലിനിലും 11 ക്ലെയറിലും 9 എണ്ണം ലീഷിലും 7 ലിമെറിക്കിലും നാലെണ്ണം മീത്തിലും മറ്റ് കേസുകൾ വിവിധ കൗണ്ടികളിലുമായാണ്. ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 18 കേസുകളെങ്കിലും കൗണ്ടി കിൽഡെയറിലെ ഒരു ഫാക്ടറിയിലെ ക്ലസ്റ്ററുമായി ബന്ധപ്പെട്ടതാണെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു.
രാജ്യത്ത് കോവിഡ് വളരെ വേഗം തിരിച്ചെത്താമെന്നും അതിനാൽ വരും ദിവസങ്ങളിൽ എല്ലാവരും ജനക്കൂട്ടവുമായുള്ള സമ്പർക്കം ഒഴിവാക്കുകയും, ശാരീരികമായി അകലം പാലിക്കുകയും, ഉചിതമായ സ്ഥലത്ത് മാസ്കുകൾ ധരിക്കുകയും , പതിവായി കൈ കഴുകുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Kerala Globe News