അയർലണ്ടിലെ എയർ ടിക്കറ്റ് റീഫണ്ട് സമരവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി ഇൻഡോ ഐറിഷ് പാസ്സഞ്ചർ ഫോറം രംഗത്തെത്തി. ഏജൻസികളുടെ ഭാഗത്തുനിന്നും പ്രശ്നപരിഹാരത്തിന് യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ നിയമപോരാട്ടങ്ങളിലൂടെ അർഹമായ നീതി നേടിയെടുക്കുന്നതിനുള്ള നടപടികളുമായി പരാതിക്കാരുടെ കൂട്ടായ്മ മുൻപോട്ട് പോകുകയാണ്. ഇൻഡോ ഐറിഷ് പാസ്സഞ്ചർ ഫോറം നൽകിയിരിക്കുന്ന പ്രസ്താവന താഴെ ചേർക്കുന്നു.
സ്നേഹമുള്ള വഞ്ചിതരായ, ഇനിയും വഞ്ചിതരാകാൻ കാത്തിരിക്കുന്ന ഐറിഷ് മലയാളികളെ,
കഴിഞ്ഞ മാർച്ച് മാസം മുതൽ ,ഇവിടെ കോവിഡ് മൂലം ഫ്ലെറ്റ് ക്യാൻസൽ ആയപ്പോൾ ഉള്ള ടിക്കറ്റ് തുക അന്യായമായി പിടിച്ചു വയ്ക്കുകയും, തിരികെ തരുവാൻ 6 മാസം മുതൽ 1 വർഷം വരെ അവധി പറയുകയും ചെയ്യുന്ന, തട്ടിപ്പ് ട്രാവൽ ഏജൻറ്റുമാർക്കെതിരേ ഇവിടുത്തെ ഓരോ സാധാരണക്കാരനായ മലയാളിയും പൊരുതി കൊണ്ടിരിക്കുകയാണ്.ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം ഈ തട്ടിപ്പിനെ പുറത്തു കൊണ്ടുവരികയും ആദി ദിനം മുതലേ ഇതിനെതിരേ ഒറ്റയ്ക്ക് പ്രതികരിക്കുകയും ചെയ്തതാണ്. ഗാൾവേ, ദ്രോഗിഡാ, കോർക്ക് പ്രവാസി അസോസിയേഷനുകൾ മാത്രമാണ് ഈ പോരാട്ടത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്. ഇവിടുത്തെ ആയിരക്കണക്കിന് സാധാരണക്കാരെ ബാധിക്കുന്ന ഈ കാര്യത്തിൽ പല പൗര പ്രമുഖരെയും, സംഘടനകളെയും, മത നേതാക്കളെയും സമീപിച്ചപ്പോൾ പരസ്യമായ ഒരു പ്രതികരണത്തിന് അവർ മടിച്ചെങ്കിലും ധാർമികമായ പിന്തുണ അവരിൽനിന്നെല്ലാം ലഭിച്ചു. മലയാളി കൗൺസിലറുടെ പിന്തുണ ഇക്കാര്യത്തിൽ ലഭിച്ചെങ്കിലും, ഏജൻറ്റുമാർ മാൻപവർ ഉപയോഗിച്ചതിനാൽ 50 യൂറോ വീതം ക്യാൻസൽ ആയ ടിക്കറ്റിന് കൊടുക്കണമെന്ന വേൾഡ് ട്രാവലിൻറ്റേത് എന്ന് പറയപ്പെടുന്ന പോസ്റ്റ് പ്രസിദ്ദീകരിച്ച് ഈ കള്ളനാണയങ്ങൾക്കും, അവരുടെ കുൽസിത പ്രവർത്തികൾക്കും കുടപിടിക്കാൻ ശ്രമിച്ചു എന്ന് ചില കോണുകളിൽ നിന്നും ആക്ഷേപങ്ങൾ കേൾക്കുന്നു.
ഇൻഡോ ഐറിഷ് ഫോറം എന്ന കൂട്ടായ്മ ഈ തട്ടിപ്പു നടന്നു എന്ന് മനസ്സിലാക്കിയ ആദ്യ ദിനം മുതൽ ഇതിനെതിരേ ഉള്ള നിയമ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും, പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും ,മന്ത്രിമാർക്കും നിവേദനം സമർപ്പിക്കുകയും ചെയ്തതാണ്.
ഇവിടെ ഒത്തുതീർപ്പു ചർച്ചകൾ എന്ന നാടകങ്ങളോടും, അത് പിന്നിൽ നിന്നു സ്പോൺസർ ചെയ്യുന്ന ചില വിശ്വവിഖ്യാതമായ സ്പോൺസർമാരോടും ഞങ്ങൾക്ക് പറയാണുള്ളത്,
- ചില തുക്കടാ സംഘടനകൾക്ക് ചാക്കിൽ ചാട്ടത്തിനു സ്പോൺസർ ചെയ്ത് വാ പൂട്ടിക്കുന്നതു പോലെ ആണിതെന്ന് കരുതരുത്.
എയർലൈൻ 45 ദിവസമാണ് പരമാവധി സമയം പറയുന്നത്, അപ്പോളാണ് നിങ്ങൾ 6-12 മാസം എന്ന് വാദിക്കുന്നത് - പാൻഡമിക്ക് മൂലം എയർ ലൈൻസുകൾ ക്യാൻസൽ ചെയ്ത ടിക്കറ്റിന് ഒരു ടാക്സോ മറ്റ് ഏതെങ്കിലും വിധത്തിലുള്ള ചാർജോ ഈടാക്കാൻ യൂറോപ്യൻ / ഐറിഷ് നിയമം അനുവദിക്കുന്നില്ല.
അപ്പോൾ എവിടെയാണ് ചർച്ചയ്ക്ക് പ്രാധാന്യം? എന്തിനാണ് കാശ് പോയ മലയാളിയോട് ഇങ്ങനെ ഒരു പ്രഹസന നാടകം കൂടി?
കട്ട മുതൽ കാലതാമസമില്ലാതെ തിരിച്ചേൽപ്പിച്ച് നല്ല കള്ളനാവുക ,അതു മാത്രമാണ് ഒത്തുതീർപ്പ് വാക്യം.
ഇത് നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ, തുടങ്ങി വച്ച നിയനടപടികളുമായി, ഒറ്റക്കെട്ടായി ഈ കൂട്ടായ്മ മുന്നോട്ട് പോവുക തന്നെ
ചെയ്യും.
കള്ളൻമാർക്കും, അതിന് കുടപിടിച്ചർക്കും വരും ദിനങ്ങൾ കയ്പേറിയതാവും, കാരണം ഈ പോരാട്ടം ജാതിക്കും, മതത്തിനും, രാഷ്ട്രീയത്തിനും അതീതമാണ്, മാത്രവുമല്ല സാധാരണക്കാർക്കായി അതിസാധാരണക്കാർ നയിക്കുന്ന സമരം.
എന്ന് വിനയപൂർവ്വം,
കൃഷ്ണദാസ്.കെ .കെ
ജോമിറ്റ് സെബാസ്റ്റ്യൻ
സുമിത് മാർക്കോസ്
ജോസഫ് തോമസ്
ജെറിൻ ജോയ്
എമി സെബാസ്റ്റ്യൻ
രേണു ജോസഫ്
ഇൻഡോ ഐറിഷ് പാസ്സഞ്ചർ ഫോറം.