അയർലണ്ടിൽ ഇന്ന് 98 കോവിഡ് കേസുകളും 4 മരണവും: കിൽഡെയർ, ലീഷ്, ഓഫലി എന്നിവടങ്ങളിൽ ഭാഗിക ലോക്ക് ഡൗൺ

Share this

അയർലണ്ടിലെ കോവിഡ് കേസുകൾ ഉയരുകയാണ് എന്ന ആശങ്ക ശരിവെച്ചുകൊണ്ട് ഇന്ന് 98 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി. കിൽ‌ഡെയർ, ലീഷ്, ഓഫാലി എന്നീ മൂന്ന് കൗണ്ടികളിലായി കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ 226 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ ഈ മൂന്നു കൗണ്ടികളിലും പരിമിതമായ നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് അയർലണ്ട്.



അത്യാവശ്യകാര്യങ്ങൾക്കോ ജോലിയ്ക്കായോ അല്ലാതെ ഈ കൗണ്ടികളിൽ നിന്നുള്ളവർ കൗണ്ടിക്ക് പുറത്തേയ്ക്ക് പോകുവാൻ പാടില്ല. റെസ്റ്റോറന്റുകൾ, ബാറുകൾ, സിനിമാസ്, ജിമ്മുകൾ എന്നിവ അടയ്ക്കും, ഇന്ന് അർദ്ധരാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും, അടുത്ത രണ്ടാഴ്ചത്തേക്ക് ഈ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ഈ കൗണ്ടികളിൽ മാസാവസാനം സ്കൂളുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടരാം. ഷോപ്പിംഗ് സെന്ററുകളും കടകളും പ്രവർത്തനം തുടരും. എന്നാൽ സാമൂഹ്യ അകലം നിർബന്ധമായും പാലിക്കണം. വീടുകളിൽ സംഘടിക്കാവുന്ന ആളുകളുടെ എണ്ണം മൂന്നു വീടുകളിൽ നിന്നും 6 പേർക്ക് മാത്രമായി നിജപ്പെടുത്തി.



ഔട്ട്ഡോർ ഒത്തുചേരലുകൾ 15 പേർക്ക് മാത്രമായിരിക്കും. ഭക്ഷണം വിളമ്പുന്ന പബ്ബുകളും ഹോട്ടലുകളും കഫെകളും എല്ലാം ഇന്ന് രാത്രിമുതൽ അടയ്ക്കും. എന്നാൽ ടേക്ക് എവേകൾക്ക് പ്രവർത്തിക്കാം. സിനിമാ തിയേറ്ററുകൾ, മ്യൂസിയങ്ങൾ, ഗാലറികൾ, ബിങ്കോ ഹാളുകൾ, കാസിനോകൾ, വാതുവയ്പ്പ് ഷോപ്പുകൾ, മറ്റ് ഇൻഡോർ വിനോദം തുടങ്ങി മിക്ക സ്ഥലങ്ങളും അടയ്ക്കും. അത്യാവശ്യ കാര്യങ്ങൾക്കൊഴികെ നഴ്സിംഗ് ഹോമുകളിലേക്കുള്ള സന്ദർശനാനുമതി ലഭിക്കില്ല.ആരാധനാലയങ്ങൾ സ്വകാര്യ പ്രാർത്ഥനയ്ക്കായി തുറന്നിടാം. മത ചടങ്ങുകൾ ഓൺലൈനിലോ മറ്റ്  മാർഗങ്ങളിലൂടെയോ നൽകണം. ശവസംസ്കാര ചടങ്ങുകളിൽ പരമാവധി 25 പേർക്കേ പങ്കെടുക്കുവാൻ കഴിയൂ.



Kerala Globe News

 


Share this