അയർലൻഡ്: കോവിഡ് കാലത്ത് മലയാളി നഴ്സുമാർ രാപകൽ അദ്ധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മൂന്ന് ചക്രകസേരയിൽ ഇരുന്ന് പിടിച്ചുപറിക്കുന്ന ട്രാവൽ ഏജൻസി മുതലാളിമാർക്ക് കയ്യൂക്കുള്ളവന്റെ മുൻപിൽ മുട്ടിടിച്ച് വസ്ത്രം നനയുമെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ഇത്തരത്തിൽ കടുത്ത നിലപാടുമായി വിളിച്ചവർക്ക് രായ്ക്കുരാമാനം കാശ് കൊടുത്ത് പ്രശ്നം പരിഹരിച്ചിരിക്കുകയാണ് മലയാളി ഏജൻസിപ്രമുഖർ. പലർക്കും പലതരത്തിലുള്ള സെറ്റിൽമെന്റ് നൽകി പരാതിക്കാരെ ഭിന്നിപ്പിച്ച് കുറച്ചുപേരുടെയെങ്കിലും പണം അന്യായമായി കൈക്കലാക്കാം എന്ന വ്യാമോഹത്തിലാണ് ഈ മുതലാളിമാർ. അയർലണ്ടിലെ സാധാരണക്കാരായ മലയാളികളുടെ പ്രതിക്ഷേധത്തിന് മുൻപിൽ മുഖം തിരിച്ച് നിന്ന് അന്യായമായ ധനസമ്പാദനം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ ഏജൻസികൾക്കെതിരേ ജനരോക്ഷം ശക്തമാവുകയാണ്.
ഇവരുടെ സ്‌പോൺസർഷിപ്പ് എന്ന ഇരുതല വാളിന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് കളിമൺ പ്രതിമകളായി സംഘടനകളും നേതാക്കളും അവരുടെ അസ്ഥിത്വം നഷ്ടപ്പെടുത്തുന്ന ദാരുണ കാഴ്ചയും ഇതിനിടയിൽ കാണാം. പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസ്സ് നേതാക്കന്മാരെയുംമൊക്കെ തൂലികകൊണ്ടു അമ്മാനമാടുന്ന പ്രതികരണ തൊഴിലാളികളൊക്കെ ഏതു തൊഴുത്തിൽ പോയി ഒളിച്ചു എന്ന് മഷിയിട്ട് നോക്കിയാൽ കിട്ടില്ല. ഇടത്തനും വലത്തനുമൊക്കെ കുടുക്കയിൽ കിട്ടുന്ന മണികിലുക്കം മാത്രം മതിയെന്ന് അവർതന്നെ പറയാതെ പറയുന്നു. ആരും താങ്ങാനില്ലാത്തവൻ സ്വയം ശക്തനായി തീരുന്നു. അങ്ങനെ ശക്തരായവരുടെ ഒരു കൂട്ടം സൃഷ്ടിക്കപ്പെടുന്നു. ടിക്കറ്റ് റീഫണ്ട് പ്രശ്നത്തിലും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്. ഈ വിഷയത്തിൽ സജീവമായി ഇടപെടുന്ന ഇൻഡോ ഐറിഷ് പാസഞ്ചർ ഫോറം പണം തിരികെ ലഭിച്ച ഒരു വ്യക്തിയുടെ വോയിസ് ക്ലിപ്പ് പുറത്തു വിട്ടുകൊണ്ട് മലയാളി ഏജൻസികളുടെ കള്ളകളി ഒരിക്കൽക്കൂടി വെളിച്ചത്ത് കൊണ്ടുവരികയാണ്.
പോസ്റ്റിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.
6 മുതൽ 12 മാസം വരെ കാലതാമസം
150 യൂറോ മുതൽ 50 വരെ ഒരു ടിക്കറ്റിന് റീഫണ്ട് തുക…
മാൻപവർ… മസിൽ പവർ…
അങ്ങനെ അമക്കിവച്ച കാശിന് ലേലം വിളി തുടരുമ്പോൾ…
രാഷ്ട്രീയ നാടകങ്ങളും മുതലെടുപ്പുകളും പിന്നാമ്പുറത്ത് ആടി തകർക്കുമ്പോൾ….
ഫാമിലി ടിക്കറ്റെടുത്ത് 250 പോയ നഴ്സുമാരുടെ വിലാപങ്ങൾ മുഴങ്ങി കേൾക്കുമ്പോൾ…
ഇൻഡോ ഐറിഷ് ഫോറത്തിലൂടെ തൻ്റെ കഷ്ടതയുടെ വോയ്സ് ക്ലിപ് ധ്യൈര്യപൂർവ്വം പുറത്തു വിട്ട, സഹോദരിക്ക് അഭിനന്ദനങ്ങൾ.
വോയ്സ് ക്ലിപ് പുറത്തുവന്നതിന് രായ്ക്കുരായ്മാനം ഏജൻറ്റ് വിളിക്കുകയും, ലേലം വിളിക്കുകയും, കാല് പിടിക്കുകയും നാല് ടിക്കറ്റിനും കൂടി വെറും 50 യൂറോ മാത്രം കുറച്ച് ബാക്കി പൈസ ഉടനടി അക്കൗണ്ടിൽ കൊടുക്കുകയും ചെയ്യുന്നു.(6 മാസം എടുക്കും എയർ ലൈനിൽ നിന്നു കിട്ടാൻ, 50 യൂറോ വീതം വേൾഡ് ട്രാവലിന് അടക്കണം എന്ന് തുടങ്ങിയ നുണപ്രചാരണങ്ങൾ തകർന്നു തുടങ്ങിയപ്പോൾ…. )
കാശ് പോയ ഓരോ വ്യക്തികളും മുന്നോട്ട് വരുക.. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കാശ് തട്ടിയെടുക്കാൻ അനുവദിക്കാതിരിക്കുക.
നിങ്ങളോടൊപ്പം ഇൻഡോ ഐറിഷ് ഫോറവും..!
കാശ് തിരിച്ചുകിട്ടി എന്ന് പറയുന്ന വോയ്സ് ക്ലിപ്പ് ,വ്യക്തിയുടെ സമ്മതപത്രത്തോടെ ഇൻഡോ ഐറിഷ് ഫോറം ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
Kerala Globe News