ബിസിനെസ്സ് ചെയ്യുക എന്നുള്ളത് ഏതൊരു പൗരന്റെയും അവകാശമാണ്. എന്നാൽ അത് സത്യസന്ധമാണോ, രാജ്യത്തിൻറെ നിയമങ്ങൾക്കു അനുസൃതമാണോ എന്ന് അന്വേഷിക്കാനും, തിരിച്ചറിയാനും, അല്ലങ്കിൽ അത് നിയമാനുസരണം ചോദ്യം ചെയ്യാനും ഏതൊരു ഉപഭോക്തവിനും അവകാശമുണ്ട് എന്നും കൂടി മനസിലാക്കുക .
ലാഭമില്ലാതെ ഒരു ബിസിനസ്സും മുൻപോട്ടു കൊണ്ടുപോകുവാൻ പറ്റില്ല എന്നുള്ളതും ലാഭത്തിനുവേണ്ടിയാണ് കച്ചവടം ചെയ്യുന്നത് എന്നതും ഏതൊരാൾക്കും മനസിലാവുന്നതും ആണ്.
ഇന്ന്ഏതൊരു ബിസിനെസ്സിന്റെയും വിജയം മാർക്കറ്റിൽ നിലവിലുള്ള മത്സരാധിഷ്ഠിത വിലയേയും അവർ നൽകുന്ന മൂല്യാധിഷ്ഠിത സേവനങ്ങളെയും മാനദണ്ഡമാക്കിയിട്ടുള്ളതാണ്. കൊള്ളലാഭവും ചതിയും ഇന്നല്ലങ്കിൽ നാളെ ഏതു ഉപഭോക്താവും തിരിച്ചറിയും. കുറെ കാലം കുറച്ചുപേരെ പറ്റിക്കാൻ പറ്റും പക്ഷെ എല്ലാകാലത്തേക്കും ഇത് തുടരാനാവില്ല എന്ന് തത്വം ഉൾക്കൊള്ളണം.
ഇത് പതിനെട്ടാം നൂറ്റാണ്ടല്ല!! അവകാശങ്ങളും നിയമങ്ങളും, വിരൽത്തുമ്പിൽ ലഭ്യമാണ്. വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന ഒരു ഉപഭോക്താവും പിന്നീട് തിരിഞ്ഞുനോക്കാൻ സാധ്യതയില്ല!!. അത് പണം നഷ്ടപ്പെട്ടു എന്നുള്ളതുകൊണ്ടു മാത്രം അല്ല, മറിച് വിശ്വസിച്ചപ്പോൾ കബളിപ്പിക്കപ്പെട്ടു എന്ന തോന്നലിൽ നിന്നും ഉത്ഭവിക്കുന്ന വേദന കൊണ്ടും കൂടിയുമാണ്.
അയർലണ്ടിലെ ട്രാവൽ ഏജന്റ് വിഷയത്തിൽ ഉന്നയിക്കുന്ന പ്രശ്നം അർഹത പെട്ടവർക്ക് പണം തിരിച്ചു നൽകാതെ കയ്യിൽ വച്ച്, ലോകത്തു ഒരിടത്തുമില്ലാത്ത വിധത്തിൽ ചാർജ് ഈടാക്കി കൊള്ളലാഭമുണ്ടാക്കാൻ ശ്രമിച്ചതാണ്. ന്യായമായ ഒരു ചാർജ് ആയിരുന്നെങ്കിൽ ഇവിടെ ആരും ഒരു ചോദ്യത്തിന് മുതിരില്ലായിരുന്നു എന്നുള്ളതു പരമ സത്യമാണ്. ന്യായമായതു നൽകാനും,മനസിലാക്കി പെരുമാറാനുമുള്ള സാമാന്യ ബോധം ഒക്കെ ഏതൊരു ഐറിഷ് മലയാളിക്കും ഉണ്ട് എന്ന് തന്നെയാണ് വിശ്വാസം. എന്ന് കരുതി മടിത്തട്ടു കൊള്ളയടിക്കാൻ ശ്രമിക്കാമോ?! എന്ത്കൊണ്ടാണ് ഈ കൊറോണ കാലത്തും ഈ സ്ഥിതി അമേരിക്കയിലോ, കാനഡയിലോ, ഓസ്ട്രേലിയയിലോ ഇല്ലത്തത്? അവിടെ മലയാളി ബിസിനസ്സുകാർ സംഘടിതരായി കൊള്ളലാഭത്തിനു മുതിരുന്നില്ല എന്നത് കൊണ്ട് മാത്രം.
നാം ഒരു ബിസിനസിനെ സമീപിക്കുമ്പോൾ നമ്മോടു ഇവർ പറയുന്നത് കള്ളമാണോ ശരിയാണോ എന്ന് കണ്ടുപിടിക്കാൻ ഇന്ന് സെക്കൻഡുകൾ മതി. അതിനു ഇന്ന് ഏതൊരാളും മിനക്കെടുന്ന കാലവുമാണ്.
ഇന്ന് ലോകമെമ്പാടുംനല്ലൊരു ശതമാനത്തോളം ബിസിനസ് നടക്കുന്നത് ഔട്ട് സോഴ്സിങ്, ലീസിംഗ് / കോൺട്രാക്റ്റിംഗ്/ സബ് കോണ്ട്രാക്റ്റിംഗ് വഴിയാണ്. ഏതൊരു ഏജൻസിയും, നൽകുന്ന സേവനത്തിന്റെ മികവിലൂടെ ബിസിനസ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.
വിവരങ്ങൾ ആരോട് ചോദിച്ചാലും ലഭ്യമാകുന്നു.ഇവിടെ ഒരു വിവരവും ലഭ്യമല്ല. ഉപഭോക്താവിനു വെള്ളപേപ്പറിൽ departure & arrival details മാത്രം എഴുതി കൊടുത്തു കാശ് വാങ്ങി കീശയിലിടുന്ന ഒരു ട്രാവൽ ഏജന്റും ഉണ്ട് നമ്മുടെ ഇടയിൽ. ഒരു ഐറിഷ് കമ്പനിയിൽ നിന്നോ, യുകെയിൽ നിന്നോ, ലോകത്തിന്റെ മറ്റു ഏതു ഭാഗത്തു നിന്നോ ടിക്കറ്റ് എടുത്താൽ അവർ തരുന്ന വിവരണങ്ങൾ പൂർണമാണ്,നിയമാനുസൃതവുമാണ്. അതിൽ അങ്ങോട്ട് കൊടുക്കേണ്ടി വരുന്ന തുകയുടെ കണക്കുകൾ മാത്രമല്ല ഉണ്ടായിരിക്കുന്നത്. മറിച് ഉപഭോക്താവിന്റെ അവകാശങ്ങൾ ഉണ്ടാകും, ഇൻഷുറൻസ് വിവരങ്ങൾ ഉണ്ടാകും,തർക്കങ്ങൾ ഉണ്ടായാൽ നിയമ നടപടികൾ എവിടെ എങ്ങിനെ ചെയ്യാം എന്നും കൂടി വിവരിച്ചിട്ടുണ്ടാവും. അങ്ങിനെ ആയിരിക്കുകയും വേണം.
ന്യായീകരണങ്ങളിൽ വിശ്വസികുന്നവരല്ല ഇന്നത്തെ ഉപഭോക്താക്കൾ! യജമാനത്ത മനോഭാവത്തെ അംഗീകരിക്കുകയുമില്ല എന്നോർക്കണം.
മറ്റൊന്ന്, ഒരേ മാനദണ്ഡം പാലിക്കുക എന്നതാണ്. ഒരേ സമയത്തു ഒരേ കാര്യത്തിന് ഒരേ സർവീസ് ആവശ്യപെട്ടവരോട് വിവേചനം കാണിച്ചാൽ അവനതു തിരിച്ചറിയില്ല എന്ന് കരുതരുത്. അവർ പ്രതികരിക്കുമ്പോൾ വഞ്ചിക്കപ്പെട്ടു എന്ന് തോന്നുമ്പോഴുള്ള അമർഷവും മനോവിഷമവും കൂടി പുറത്തേക്കു വരും.
ഒരേ കാര്യത്തിൽ നൂറു കണക്കിന് ഉപഭോക്താക്കൾ ഒരുമിച്ചു ഒരു പരാതിഉന്നയിച്ചാൽ അതിൽ സത്യമുണ്ടോ എന്ന് ഒരു അന്വേഷണം എങ്കിലും ആകാം. അത് പോലും ചെയ്യാതിരിക്കുന്നത് നാം മറ്റു പലതിനും മുൻതൂക്കം കൊടുക്കുന്നത് കൊണ്ടാണ്. സാമാന്യ തിരിച്ചറിവ് പോലും നമുക്ക് നഷ്ടമാകുന്നത് മുല്യങ്ങളെക്കാൾ സൗഹൃദങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും വില നൽകുന്നത് കൊണ്ടാണ്.
മനസിലെ മൂല്യ ബോധവും, നീതി ബോധവും ബന്ധങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും മുമ്പിൽ പണയപ്പെടുത്തേണ്ടിവരുമ്പോഴാണ് സ്വബോധം നഷ്ടപ്പെട്ടുള്ള പ്രതികരണങ്ങളിലേയ്ക്ക് ചുവടു മാറുന്നത്.
നമ്മുക്ക് വേണ്ടത് സൗഹൃദം നിലനിർത്താൻ വേണ്ടിയുള്ള ന്യായീകരണങ്ങൾ അല്ല. മറിച് യാഥാർഥ്യം തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങളാണ് ഭാവിയിലേക്കും വരും തലമുറയ്ക്കും ഗുണം ചെയ്യുക എന്നുള്ള തിരിച്ചറിവാണ്.
ഇവിടെ ആരും ആരെയും നശിപ്പിക്കാനോ ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ല എന്നാണ് മനസിലാക്കുന്നത്. നല്ല ബിസിനെസ്സിനും നല്ല സേവനത്തിനും എപ്പോഴും കൂടെ നിൽക്കുന്നവരാണ് മലയാളികൾ. അങ്ങിനെ തന്നെ തുടരും എന്ന് തന്നെയാണ് ശുഭ പ്രതീക്ഷ.
ജോസഫ് തോമസ്