സ്കൂളുകൾ പൂർണമായി തുറക്കുമെന്ന് ഉറപ്പായി: ജലദോഷക്കാർക്കും ധൈര്യമായി പോകാം: മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം

Share this

അയർലണ്ടിൽ എല്ലാ സ്കൂളുകളും പുതിയ അദ്ധ്യായന വർഷത്തിലേക്ക് തുറക്കുമെന്ന് ഉറപ്പായി. പല കൗണ്ടികളിലും തുറക്കുന്ന തിയതികൾക്ക് വ്യത്യാസമുണ്ടെങ്കിലും സെപ്റ്റംബർ ഒന്നാം തിയതിയോടെ മുഴുവൻ സ്കൂളുകളും തുറക്കുവാനാണ് പദ്ധതി. ഇന്നലെ ചേർന്ന നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം ബ്രീഫിംഗിൽ ഇത് സംബന്ധിച്ച് മാതാപിതാക്കൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്തു.

ഓൾ അയർലൻഡ് ജി.പി. മാരുടെ സംഘടനയുടെ ( ICGP ) പ്രസിഡൻറ് ഡോക്ടർ മേരി ഫാവിയർ ചില നിർദേശങ്ങൾ പറയുകയുണ്ടായി. അതിൽ പ്രധാന നിർദ്ദേശം തുമ്മലോ ജലദോഷമോ ഉള്ള കുട്ടികൾക്ക് സ്കൂളുകളിൽ പോകാം എന്നതാണ്. എന്നാൽ മാതാപിതാക്കൾ ഈ വർഷം കൂടുതൽ ജാഗ്രത പുലർത്തണം. പനി, ചുമ, ഭക്ഷണത്തിന് സ്വാദില്ലായ്‌മ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുള്ള കുട്ടികൾ സ്കൂളുകളിൽ പോകുവാൻ പാടില്ല. മാത്രമല്ല രോഗ ലക്ഷണങ്ങൾ മാറിയാലും 48 മണിക്കൂർ ( രണ്ട് ദിവസം ) സമയം വീട്ടിൽ തന്നെ ചിലവഴിക്കണം.



കുട്ടികളുടെ മാനസിക സാമൂഹിക ആരോഗ്യവും അവരുടെ വിദ്യാഭ്യാസവും വളരെ പ്രധാനമായതിനാൽ സ്കൂളുകളിൽ തിരികെയെത്തേണ്ടത് വളരെ അനിവാര്യമായിരിക്കുകയാണെന്ന് ഡോക്ടർ മേരി പറഞ്ഞു.

അന്താരാഷ്ട്രതലത്തിൽ സാമൂഹ്യ വ്യാപനത്തിന്റെ  പ്രധാന ഘടകമായി സ്കൂളുകൾ മാറിയിട്ടില്ലെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ ആവർത്തിച്ചു. കഴിഞ്ഞയാഴ്ച 14 വയസ്സിന് താഴെയുള്ള കുട്ടികളിൽ 84 കേസുകളുണ്ടെന്നും ഈ സാഹചര്യം തുടർന്നാൽ , ഈ ആഴ്ചയും അടുത്ത ആഴ്ചയും കുട്ടികളിൽ പലരും സ്കൂളിൽ തിരിച്ചെത്തുമ്പോൾ സമാനമായ ഒരു സംഖ്യ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ കോവിഡ് കേസുകൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകർ നിങ്ങളെ ബന്ധപ്പെടുകയും അവരുടെ വിളിക്കായി കാത്തിരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.



ഒരിക്കലും സ്കൂളുകളിൽ നിന്നും കോവിഡ് പകരുകയില്ല എന്ന് പകർച്ചവ്യാധി രോഗചികിത്സാ വിദഗ്തയും ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ കൺസൾട്ടന്റുമായ ഡോക്ടർ ക്ലോണാ പറഞ്ഞു. 

എന്തുതന്നെയായാലും അയർലണ്ടിലെ മാതാപിതാക്കൾക്ക് ആശങ്കയുടെ നാളുകളാണ് വരുവാനിരിക്കുന്നത്. കുട്ടികളുടെ കാര്യമായതിനാൽ കൂടുതൽ ജാഗ്രതയും ശ്രെദ്ധയും പുലർത്തുവാനാണ് അധികൃതരും ആവശ്യപ്പെടുന്നത്.



സ്കൂളുകൾ തുറക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം എന്നറിയുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ ഓരോ ഭാഗങ്ങളും വായിക്കുക. കൊടുത്തിരിക്കുന്ന വിഡിയോകൾ കുട്ടികളെ കാണിക്കുക. ഈ വാർത്ത തീർച്ചയായും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.

<<CLICK HERE FOR THE INFO>>



Kerala Globe News 

 


Share this