അയർലണ്ടിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കാരൻടൂഹിൽ കീഴടക്കി മലയാളി സാഹസികർ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി അടുത്ത ലക്ഷ്യം

Share this

അയർലണ്ടിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കാരൻടൂഹിൽ കീഴടക്കി കോർക്കിൽ നിന്നും ഒരു കൂട്ടം മലയാളി യുവാക്കൾ. ഏറെ സാഹസികത ആവശ്യമുള്ള ആതീവ ദുർഘടവും അപകടം പതിയിരിക്കുന്നതുമായ കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ ദുഷ്കരമായ ദൗത്യം ഏകദേശം 5 മണിക്കുർ എടുത്താണ് ( one side ) മലയാളി യുവാക്കൾ പൂർത്തിയാക്കിയത്. സെപ്റ്റംബർ 12 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ആരംഭിച്ച സാഹസികയാത്ര വൈകിട്ട് 4 മണിയോടെ കൊടുമുടിയുടെ ടോപ് പോയിന്റിൽ എത്തി. ചെറിയൊരു വിശ്രമത്തിന് ശേഷം തിരിച്ചിറങ്ങുകയും രാത്രി 8 മണിയോടെ അടിവാരത്ത് എത്തുകയുമായിരുന്നു.



ആകെ പന്ത്രണ്ട് കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ കനത്ത കാറ്റും മഞ്ഞും തണുപ്പും അതിജീവിച്ചുകൊണ്ടുള്ള ഈ ദൗത്യം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്ന് എല്ലാ സംഘാംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു. സംഘത്തിൽ കോർക്കിലെ കരാട്ടെ പരിശീലകനായ സെൻസെയ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ബാൻട്രിയിൽ നിന്നുള്ള ജോഷി എബ്രഹാം, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി. എം, റോബി എം. മാത്യു, മെൽവിൻ, ബോൺസ്കി എന്നിവരാണുണ്ടായിരുന്നത്.

അയർലണ്ടിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് കാരൻടൂഹിൽ ( Carrauntoohil ). കൗണ്ടി കെറിയിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിക്ക്  3407 അടി ( 1,038.6 m ) ഉയരമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ പ്രദേശം ഏതെങ്കിലും ഐറിഷ് ദേശീയ പാർക്കിന്റെ ഭാഗമല്ല; എന്നിരുന്നാലും, വിനോദ ഉപയോഗത്തിനായി പൊതുജനങ്ങൾക്ക്  പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓൾഡ് റെഡ് സാൻഡ്സ്റ്റോൺ എന്നറിയപ്പെടുന്ന വിവിധ വലുപ്പത്തിലുള്ള മണൽ കല്ലുകൾ ചേർന്നതാണ് കാരാൻടൂഹിൽ.  കൊടുമുടിയുടെ ഏറ്റവും ഉയർന്ന ഉച്ചിയിൽ 1950 ൽ, തടിയിൽ തീർത്ത ഒരു വലിയ കുരിശ്  സ്ഥാപിക്കുകയും 1976-ൽ തടി കുരിശിന് പകരം 5 മീറ്റർ (16 അടി 5 ഇഞ്ച്) ഉയരമുള്ള സ്റ്റീൽ കുരിശ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. എന്നാൽ 2014-ൽ, സഭാ വിരോധികളായ ചില അജ്ഞാതർ കുരിശ് അവിടെനിന്നും മാറ്റുകയും താമസിയാതെ ഇത് വീണ്ടും പുനഃസ്ഥാപിക്കുകയുമായിരുന്നു.



ഈ ദൗത്യവിജയത്തിൽനിന്നും ആവേശമുൾക്കൊണ്ട് അടുത്ത വർഷം ഓഗസ്റ്റിൽ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ റഷ്യയിലെ മൗണ്ട് എൽബ്ര്സ് ( Mount Elbrus ) കീഴടക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് സംഘാംഗങ്ങൾ അറിയിച്ചു.



 





Kerala Globe News

 


Share this