അയർലണ്ടിലെ സ്മാൾ കോർട്ട് വിധിക്ക് സമാനമായി ഇന്ത്യയിലെ പരമോന്നത നീതിപീഠവും വിമാനയാത്രാ ടിക്കറ്റുമായി ബന്ധപ്പെട്ട് സുപ്രധാന വിധി പുറപ്പെടുവിച്ചു. കോവിഡ് ലോക്ക് ഡൗൺ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകൾക്ക് യാതൊരു ക്യാൻസലേഷൻ ചാർജ്ജും ഈടാക്കാതെ മുഴുവൻ തുകയും റീഫണ്ടായി നൽകുവാൻ സുപ്രീം കോടതി ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്ക്ഡൗൺ കാലത്ത് ബുക്ക് ചെയ്ത ആഭ്യന്തര രാജ്യാന്തര ടിക്കറ്റുകൾക്ക് ഈ വിധി ബാധകമാണ്.
വിമാനകമ്പനികൾക്കും ട്രാവൽ ഏജന്റുമാർക്കും ഒരുപോലെ ബാധകമായ ഈ വിധി ഉപഭോക്താക്കൾക്ക് ആശ്വാസമാവുകയാണ്. നല്ലൊരു തുക ക്യാൻസലേഷൻ ചാർജ്ജായി നൽകേണ്ട സാഹചര്യമാണ് ഈ വിധിയോടെ ഒഴിവായത്. വിമാനകമ്പനികൾ ഏജന്റുമാരുടെ അക്കൗണ്ടിലേക്ക് പണം ഇടുന്ന മുറയ്ക്ക് ഉപഭോക്താക്കൾക്ക് പണം ലഭിക്കും. ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾ ട്രാവൽ ഏജന്റുമാർ വഴി തിരികെ നൽകുമെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. ഉപഭോക്താക്കൾക്ക് പണം മടക്കി നൽകുവാൻ അടുത്ത വർഷം മാർച്ച് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
2021 മാർച്ച് 31 ന് മുമ്പായി ഏത് റൂട്ടിലും യാത്ര ചെയ്യാൻ കഴിയുന്ന യാത്രക്കാരുടെ പേരിൽ ക്രെഡിറ്റ് ഷെൽ സൃഷ്ടിക്കാനും എയർലൈൻസിന് അവസരമുണ്ട്. ക്രെഡിറ്റ് ഷെൽ കൈമാറ്റം ചെയ്യാവുന്നതും ക്രെഡിറ്റ് ഷെല്ലിലെ പണത്തിന് പലിശയും ലഭിക്കും. റദ്ദാക്കിയ തീയതി മുതൽ ജൂൺ 30 വരെ 0.5 ശതമാനവും അതിനുശേഷം 2021 മാർച്ച് 31 വരെ 0.75 ശതമാനവും പലിശ നൽകുവാൻ സുപ്രീം കോടതിയുടെ ബെഞ്ച് വിധിച്ചു.
മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പണം ക്യാന്‍സലേഷന്‍ തീയതി മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് ടിക്കറ്റ് ബുക്കിംഗ് പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ലോക്ക്ഡൗൺ ചെയ്യുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെല്ലും എയർ പാസഞ്ചേഴ്‌സ് അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കേരളാ ഗ്ലോബ് ന്യൂസ്