ആറാഴ്ചത്തെ സമ്പൂർണ ദേശീയ ലോക്ക്ഡൗണിന് ( ലെവൽ 5 ) ശുപാർശ കത്ത് നൽകി ദേശീയ ആരോഗ്യ സമിതി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് NPHET സമ്പൂർണ ദേശീയ ലോക്ക്ഡൗണിന് ശുപാർശ നൽകുന്നത്. രണ്ടാഴ്ച മുൻപ് നൽകിയ ശുപാർശ ഗവണ്മെന്റ് സ്വീകരിക്കാതിരിക്കുകയും പകരം ലെവൽ 3 നിയന്ത്രണങ്ങൾ രാജ്യത്താകെ നടപ്പാക്കുകയുമായിരുന്നു. എന്നാൽ കോവിഡ് കേസുകളുടെ അതിവേഗ വർദ്ധനവ് ഇത്തവണ ലെവൽ 5 ലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയാണ്. ഇത്തവണ NPHET ശുപാർശ കാര്യമായി പരിഗണിക്കുമെന്നാണ് ചീഫ് മെഡിക്കൽ ഓഫിസർ തന്നെ വ്യക്തമാക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മാത്രമേ ഇക്കാര്യത്തിൽ ഒരു വ്യെക്തത വരൂ. കാവൻ, മോനാഘൻ, ഡൊനെഗൽ എന്നിങ്ങനെ മൂന്ന് അതിർത്തി കൗണ്ടികളെ സർക്കാർ നാലാം ലെവലിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് ഈ ശുപാർശ വന്നിരിക്കുന്നത്.
ലെവൽ 5 ൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ ഉപദേശങ്ങൾ തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി അറിയിച്ചു. എന്നാൽ സ്കൂളുകളിൽ കോവിഡ് വ്യാപനം കുറവായതിനാൽ ലെവൽ 5 ലും പ്രവർത്തിക്കുവാൻ തക്ക സാഹചര്യം നിലനിൽക്കുന്നതായി വിവിധ വൃത്തങ്ങൾ പറയുന്നു. സ്കൂളുകൾ സുരക്ഷിതമായ സ്ഥലമായി തുടരുകയാണെന്ന് മന്ത്രി നോർമ ഫോളി പറഞ്ഞു. ഇതിനിടയിൽ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കോവിഡ് കേസുകൾ മൂലം വലിയ സമ്മർദ്ദത്തിലാണെന്ന് ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറക്ടർ വെളിപ്പെടുത്തി.
Kerala Globe News