കഴിഞ്ഞ മാർച്ചിലെ ആദ്യ ലോക്ക്ഡൗണിന് ശേഷം ഇത് രണ്ടാം തവണ അയർലൻഡ് സമ്പൂർണ ലോക്ക് ഡൗണിലേക്ക് മാറുകയാണ്. കഴിഞ്ഞ മാർച്ച് 12 ന് ആരംഭിച്ച് മെയ് 18 ന് അവസാനിച്ച ആദ്യ ലോക്ക്ഡൗൺ ഏറെക്കുറെ പൂർണമായിരുന്നു. എന്നാൽ ബുധനാഴ്ച ( 21st )അർദ്ധരാത്രി മുതൽ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന ലോക്ക്ഡൗൺ ആദ്യത്തേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. പ്രധാന വ്യത്യാസം സ്കൂളുകൾ തുടർന്നും പ്രവർത്തിക്കും എന്നുള്ളതാണ്. എന്നാൽ ഇത് സായാഹചര്യങ്ങൾക്ക് അനുസരിച്ച് പുനഃപരിശോധിക്കാം.
തുടർച്ചയായി ആയിരത്തിലേറെ കോവിഡ് പോസിറ്റിവ് കേസുകൾ വന്നതോടെയാണ് സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമായി തീർന്നത്. ലെവൽ 5 നിയന്ത്രണങ്ങൾ ഒക്ടോബർ 21 ബുധനാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച് ഡിസംബർ 1 വരെ ആറാഴ്ചത്തേക്കാണ് വിഭാവനം ചെയ്തിരിക്കുന്നത്. ലെവൽ 5 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ അത് ജനജീവിതത്തെ നേരിട്ട് ബാധിക്കും.
ലെവൽ 5 ൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വ്യക്തികൾക്ക് വീടിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കൂ. നിയമം ലഘിക്കുന്നവർക്ക് പിഴ ചുമത്താൻ ആലോചന.
ഭവന സന്ദർശനങ്ങൾക്ക് വിലക്ക്. ഇൻഡോർ-ഔട്ട്ഡോർ ഒത്തുചേരലുകൾക്ക് പൂർണ വിലക്ക്.
വ്യായാമ വേളയിൽ പുറത്ത് മറ്റൊരു കുടുംബവുമായി ഒത്തുചേരാം.
അവശ്യ സേവനങ്ങൾ നൽകാത്ത എല്ലാ സ്ഥാപനങ്ങളും അടയ്ക്കും.
പാർക്കുകളും, ഔട്ട് ഡോർ കളിസ്ഥലങ്ങളും കൂടുതൽ സുരക്ഷാ മാർഗ്ഗങ്ങളോടെ തുറന്നുപ്രവർത്തിക്കും
വിവാഹചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം 25 ആക്കി നിജപ്പെടുത്തി. ഇത് ഈ വർഷം അവസാനം വരെ തുടരും.
സ്കൂളുകൾ പ്രവർത്തനം തുടരും. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരാം.
നൈറ്റ് ക്ലബ്ബുകൾ, ഡാൻസ് ബാറുകൾ, കാസിനോകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി ഇല്ല.
റെസ്റ്റോറെന്റുകൾ, കഫേകൾ, ബാറുകൾ, പബ്ബ്കൾ, എന്നിവ ടേക്ക് എവേ/ ഡെലിവറി മാത്രമായി പ്രവർത്തിക്കും.
ശവസംസ്കാര ചടങ്ങുകളിൽ 25 പേർക്ക് വരെ പങ്കെടുക്കാം.
എല്ലാ മതപ്രാർത്ഥനാ ചടങ്ങുകളും ഓൺലൈനിലേക്ക് മാറും.
എല്ലാ നഴ്സിംഗ് ഹോമുകളിലും സന്ദർശനം വിലക്കും.
പൊതുഗതാഗത സൗകര്യം 25 ശതമാനമായി കുറയും. അത്യാവശ്യക്കാരെ മാത്രം പൊതുഗതാഗതം ഉപയോഗിക്കുക; മറ്റുള്ളവർ സൈക്കിളിലോ കാല്നടയായോ സഞ്ചരിക്കുക.
PUP (പാൻഡെമിക് അൺ എംപ്ലോയ്മെന്റ് ) റേറ്റുകൾ പഴയപടി പുനഃ സ്ഥാപിക്കും.
Kerala Globe News