ഇന്ത്യയിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും, വിദേശികൾക്കും വിസയിലും യാത്രാ നിയന്ത്രണങ്ങളിലും ഇളവ് നൽകുവാൻ കേന്ദ്ര സർക്കാർ തീരുമാനം. ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഏത് ആവശ്യത്തിനും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്കും വിദേശ പൗരന്മാർക്കും ഇന്ത്യ സന്ദർശിക്കാമെന്ന് കൊറോണ വൈറസ് മഹാമാരിക്കിടെ ഏർപ്പെടുത്തിയ വിസാ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് സർക്കാർ അറിയിച്ചു.
ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവയൊഴികെ നിലവിലുള്ള എല്ലാ വിസകളും ഉടനടി പുന:സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രസ്താവനയിൽ പറയുന്നു. രാജ്യത്തേക്ക് എത്തുന്നവർ കേന്ദ്ര സർക്കാറിൻ്റെയോ അതാത് സംസ്ഥാനങ്ങളുടെയോ കോവിഡ് പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചായിരിക്കണം എത്തേണ്ടത്. തുറമുഖങ്ങൾ വഴിയോ വിമാന താവളങ്ങൾ വഴിയോ രാജ്യത്തേക്ക് പ്രവേശിക്കാം. ഇതിനായി വന്ദേഭാരത് മിഷൻ എയർ ഇൻഡ്യാ വിമാനങ്ങളെയോ മറ്റ് നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ വിമാനങ്ങളേയോ അല്ലെങ്കിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുവദിക്കുന്ന ഏതെങ്കിലും വാണിജ്യ വിമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച നിയന്ത്രണങ്ങൾക്ക് ഇപ്പോൾ എട്ട് മാസങ്ങൾക്ക് ശേഷമാണ് ഇളവുകൾ നൽകുന്നത്. ബിസിനസ്സ്, കോൺഫറൻസുകൾ, തൊഴിൽ, പഠനം, ഗവേഷണം, മെഡിക്കൽ ആവശ്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ ഈ തീരുമാനം സഹായിക്കുമെന്ന് എംഎച്ച്എ പറഞ്ഞു.
Kerala Globe News