ലോകം മുഴുവൻ ചിരി പടർത്തി ഉത്തർപ്രദേശിലെ അലാവുദ്ദീനും അത്ഭുതവിളക്കും

Share this

ഉത്തർപ്രദേശിലെ വ്യാജ അത്ഭുതവിളക്കിന്റെ വാർത്ത ലോകമാകെ ചിരിപടർത്തി വൈറൽ ആയിരിക്കുകയാണ്. ഈ തട്ടിപ്പിൽ ഇരയായിരിക്കുന്നത് ഒരു ഡോക്ടർ ആളാണെന്നുള്ളത് കൗതുകം ഇരട്ടിപ്പിക്കുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ ഡോക്ടറായി ജോലി ചെയ്യുന്ന ലായിക് ഖാൻ ആണ് ഈ സംഭവത്തിലെ താരം. ചികിത്സാ ആവശ്യത്തിനായി ഡോക്ടറെ സമീപിച്ച തട്ടിപ്പുകാർ സംസാരത്തിനിടയിൽ അത്ഭുത ശക്തിയുള്ള ഒരു ബാബയെക്കുറിച്ച് പറയുകയും ബാബയുടെ പക്കലുള്ള അത്ഭുത വിളക്കിനെക്കുറിച്ച് വർണിക്കുകയും ചെയ്തു.



തട്ടിപ്പുകാരെ വിശാസത്തിലെടുത്ത ഡോക്ടർ ബാബയെ കാണുവാൻ തീരുമാനിച്ചു. അങ്ങനെ അവരുടെ വീട്ടിലെത്തുകയും ബാബയുടെ പക്കലുള്ള അത്ഭുത വിളക്ക് കാണുകയും ചെയ്തു. അത്ഭുതവിളക്കിലുള്ള ജിന്ന് ഡോക്ടറുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കുവാൻ തക്ക ശക്തിയുള്ളതാണെന്നും പറഞ്ഞുകേട്ടപ്പോൾ നമ്മുടെ ഡോക്ടർക്ക് നന്നേ ബോധിച്ചു. എന്നാൽപിന്നെ ജിന്നിനെ ഒരു പ്രാവശ്യം കാണണമെന്നായി ഡോക്ടർ. തട്ടിപ്പുകാരുണ്ടോ വിടുന്നു. ഒരു അടിപൊളി സീനൊക്കെ സൃഷ്ടിച്ച് സാക്ഷാൽ ജിന്നിനെ തന്നെ ഡോക്ടറുടെ മുന്നിലെത്തിച്ചു. ദാണ്ടെ കിടക്കുന്നു ഡോക്ടർ മൂക്കും കുത്തി. അത്ഭുത വിളക്ക് ഡോക്ടർക്ക് നൽകാം എന്നായി തട്ടിപ്പുകാർ. ഒന്നര കോടി രൂപ വിലപറഞ്ഞെങ്കിലും നമ്മുടെ ഡോക്ടർ അത് മുപ്പത്തിമൂന്ന് ലക്ഷത്തിലെത്തിച്ചു. ( പോലീസ് റിപ്പോർട്ട് പ്രകാരം; ശരിക്കുമുള്ള സംഖ്യ ഡോക്ടർക്ക് മാത്രം അറിയാം ).



അത്ഭുതവിളക്കും വാങ്ങി വീട്ടിലെത്തിയ ഡോക്ടർ വാതിലടച്ച് വിളക്ക് കയ്യിലെടുത്ത് ഉച്ചത്തിൽ വിളിച്ചു. ” ജിന്നേ.. ജിന്നേ.. ആവോ.. ആവോ.. ഇറങ്ങി വാ…” കുറച്ചുനേരം കാത്തിരുന്നിട്ടും രക്ഷയില്ല. വെടിയുമില്ല;പുകയുമില്ല;ജിന്നുമില്ല… പാവം ഡോക്ടർ ബോധം കെട്ട് താഴെ വീണു. എപ്പോഴോ ബോധം വന്നപ്പോഴാണ് ഓർത്തത് മുൻപ് കണ്ട ജിന്നിന് തട്ടിപ്പുകാരിൽ ഒരാളുടെ മുഖഛായ. അങ്ങനെ ഡോക്ടർ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക്. എന്തായാലും ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. ഇത്തരത്തിൽ തട്ടിപ്പിനിരയായ നിരവധിപേരുണ്ടെന്ന് പോലീസ് പറയുന്നു.

KERALA GLOBE NEWS


Share this