അയർലണ്ടിൽ കോവിഡ് ബാധിതർ കുതിച്ചുയരുന്നു: ഇന്ന് 4962 പുതിയ കേസുകൾ: അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം

Share this

ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 4962 പേർക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകളിൽ അയർലൻഡ് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. പുതുതായി കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നവരുടെ ശരാശരി പ്രായം 36 ആയി കണക്കാക്കുന്നു.അതായത് കോവിഡ് പ്രായഭേദമന്യേ ചെറുപ്പക്കാരിലേക്കുകൂടി പടർന്നുപിടിക്കുകയാണ്.



ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട 1,260 കേസുകൾ ഡബ്ലിനിലും, 652 ലിമെറിക്കിലും, 350 കോർക്കിലും, 321 ലൂത്തിലും, 238 മീത്തിലും, 2,141 കേസുകൾ ബാക്കിയുള്ള മറ്റ് കൗണ്ടികളിലുമാണ്. ആശുപത്രികളിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിൽ നിന്നും ഇരട്ടിയായി വർദ്ധിച്ചു. ആശുപത്രികളെല്ലാം കടുത്ത സമ്മർദ്ദത്തിലാണെന്ന് ഐ.എൻ.എം.ഒ. വെളിപ്പെടുത്തി. തളർന്നുപോയ മുൻ‌നിര ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിൽ സർക്കാരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ പറഞ്ഞു.

കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നൂറിലധികം നഴ്‌സുമാർ സെൽഫ് ഐസൊലേഷനിൽ പ്രവേശിച്ചതിനാൽ ഹോസ്പിറ്റൽ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. അത്യാവശ്യമല്ലാതെ അത്യാഹിത വിഭാഗത്തിൽ എത്തരുതെന്ന് CUH ആളുകളോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. വളരെയധികം രോഗികളുള്ളതിനാൽ ഇഡി വളരെ തിരക്കിലാണെന്ന് ആശുപത്രി പ്രസ്താവനയിൽ പറയുന്നു. 



കഴിഞ്ഞ കോവിഡ് തരംഗത്തിൽ പിടിച്ചുനിന്ന പല നഴ്സിംഗ് ഹോമുകളും ആശുപത്രികളും ഇത്തവണ കോവിഡിന്റെ പിടിയിലേക്ക് പോകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ടോണി ഹൂലഹൻ അഭ്യർത്ഥിച്ചിരിക്കുകയാണ്. 

കോവിഡ് രോഗികൾ ധാരാളമായുള്ള വിവിധ ഹോസ്പിറ്റലുകളിൽ അടുത്തയാഴ്ചമുതൽ കോവിഡ് വാക്‌സിൻ ലഭ്യമാകും.

Kerala Globe News


Share this