ഡെർവ്ല മർഫിയെ (Dervla Murphy) അറിയുമോ?
ഒരു ഐറിഷ് സൈക്ലിസ്റ്റും ട്രാവൽ റൈറ്ററും ആണ് ഡെര്‍വ്ല. 1965ല്‍ പ്രസിദ്ധീകരിച്ച യാത്രാ വിവരണം ആയ Full Tilt: Ireland to India with a Bicycle എന്ന പുസ്തകം ആണ് ഡെര്‍വ്ലയെ പ്രശസ്തയാക്കിയത്. 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയര്‍ലണ്ടില്‍ നിന്നും ഇന്ത്യയിലേയ്ക്ക് അവർ ഒറ്റയ്ക് നടത്തിയ സൈക്കിള്‍ സവാരിയുടെ വിവരണം ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
ഡബ്ലിനില്‍ നിന്ന് തുടങ്ങി യൂറോപ്പിലെ അതി കഠിനമായ ഒരു ശൈത്യത്തിലാണ് ഡെര്‍വ്ലയുടെ സൈക്കിള്‍ യാത്ര പുരോഗമിച്ചത്. ഇറാന്‍ കടന്ന് അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിയ ഡെര്‍വ്ല ടിബറ്റില്‍ നിന്നുള്ള അഭയാര്‍ഥികളെ സഹായിക്കുന്ന വോളണ്ടിയര്‍ ആയി ഇന്ത്യയിലും നേപ്പാളിലും കുറേക്കാലം ജോലി ചെയ്തു.
റോസിനാൻ്റ് എന്ന് പേരിട്ട ഒരു സൈക്കിളില്‍ ആണ് ഡെര്‍വ്ല യാത്ര ആരംഭിച്ചത്. സെര്‍വാൻ്റ്സിൻ്റെ പ്രശസ്തമായ ഡോണ്‍ ക്വിക്സോട്ട് എന്ന പുസ്തകത്തിലെ കുതിരയുടെ പേരില്‍ നിന്നുമാണ് റോസിനാൻ്റ് എന്ന പേര് ഡെര്‍വ്ല കണ്ടെത്തിയത്. ബാഗില്‍ ഒരു തോക്ക് കൂടി കരുതിയിരുന്നു. ഈ തോക്ക് ഇറാനില്‍ വച്ച് ഒരു കൂട്ടം കള്ളന്മാരെ ഭയപ്പെടുത്താന്‍ ഉപയോഗിക്കേണ്ടി വന്നു എന്ന് അവര്‍ പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. അത് കൂടാതെ ഇറാനില്‍ ഒരു പോലീസ് സ്റ്റേഷനില്‍ വച്ച് തന്നെ ബലാല്മുസംഗം ചെയ്യാന്‍ മുതിര്‍ന്ന ഒരു റേപ്പിസ്റ്റിനെയും ഡെര്‍വ്ലയ്ക്ക് നേരിടേണ്ടി വന്നു. അഫ്ഘാനിസ്താനിലെ ഒരു ബസിൽ വച്ച് ഒരു തെക്കിൻ്റെ പാത്തി കൊണ്ടുള്ള ആക്രമണത്തിൽ അവരുടെ വാരിയെല്ലിന് പരിക്കേറ്റെങ്കിലും അത് അവരുടെ യാത്രയെ ബാധിച്ചില്ല.
യാത്രയുടെ തുടക്കത്തില്‍ വീട്ടുകാര്‍ക്ക് അയച്ചിരുന്ന എഴുത്തുകള്‍ യൂഗോസ്ലാവ്യയില്‍ വച്ച് ജേര്‍ണലിന്റെ രൂപത്തിലേയ്ക്ക് മാറുകയും അവരുടെ പുസ്തകമെഴുത്തിന്റെ പ്രധാനപ്പെട്ട ഒരു സ്രോതസ്സ് ആയി വര്‍ത്തിക്കുകയും ചെയ്തു. ‘ഫുള്‍ ടില്‍റ്റ്’ എന്ന ബുക്ക് ഏറ്റവും മികച്ച സൈക്ലിംഗ് ബുക്കുകളില്‍ ഒന്നായും ഏറ്റവും നല്ല യാത്രാവിവരണങ്ങളില്‍ ഒന്നായും നിരൂപകര്‍ വാഴ്ത്തിയിട്ടുണ്ട്.
ഈ യാത്ര കൂടാതെ, നിരവധി യൂറോപ്പ്യന്‍ രാജ്യങ്ങള്‍, ആഫ്രികന്‍ രാജ്യങ്ങള്‍, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ നിരന്തരമായി യാത്രകള്‍ നടത്തിയ ഡെര്‍വ്ല തന്റെ യാത്രാനുഭവങ്ങള്‍ നിരവധി പുസ്തകങ്ങളിലൂടെ അനുവാചകരില്‍ എത്തിക്കുകയും ചെയ്തു. 1965ല്‍ പുറത്തിറങ്ങിയ ഫുള്‍ ടില്‍റ്റ് എന്ന പുസ്തകത്തിന് പിന്നാലേ 25ഓളം യാത്രാ വിവരണങ്ങള്‍ 2015 വരെയുള്ള കാലങ്ങളില്‍ ആയി ഡെര്‍വ്ല പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അയർലണ്ടിലെ ലിസ്മോറിൽ തൻ്റെ പ്രിയപ്പെട്ട വളര്‍ത്ത് നായ്ക്കളോടും പൂച്ചകളോടുമൊപ്പം 89 വയസ്സുകാരിയായ ഡെര്‍വ്ല ജീവിച്ചിരിക്കുന്നു.