അയലയും സാൽമണും കാളാഞ്ചിയും മാത്രം കഴിച്ച് ശീലിച്ച അയർലണ്ടിലെ പ്രവാസി മലയാളികളുടെ തീൻമേശയിലേക്ക് ഇനി നല്ല ഫ്രഷ് മത്തിയുടെയും നത്തോലിയുടെയും ( കൊഴുവയും ) രുചികൂടി കടന്നുവരും. എത്ര വിലകൂടിയ മത്സ്യങ്ങൾ ഭക്ഷിച്ചാലും ചാളയുടെയും മത്തിയുടെയും രുചിയൊന്നുവേറെയാണെന്ന് ചില മത്സ്യപ്രേമികൾ പറയാറുണ്ട്. മെഡിറ്ററേനിയൻ കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ കൂടുതലായി കാണപ്പെടുന്ന, ചൂട് ജലത്തിൽ ജീവിക്കുവാനിഷ്ടപ്പെടുന്ന മീനുകളാണ് ചാള/മത്തി/കൊഴുവ തുടങ്ങിയവ. അയർലണ്ടിലെ കൗണ്ടി കെറിയിലെ ഡിങ്കിൾ ഹാർബറിലാണ് 100 ടണ്ണിലേറെ മത്തികളുമായി ഫിയോണ 3, ഓഷ്യൻ വെൻജ്വർ 2 എന്നീ മത്സ്യ ബന്ധന ബോട്ടുകൾ തീരത്തെത്തിയത്. “ഇത് അവിശ്വസനീയമാണ്, ഇത് മത്സ്യബന്ധനരംഗത്തെയാകെ മാറ്റിയേക്കാം. ടൺ കണക്കിന് മത്തിയും കൊഴുവയും ഐറിഷ് കടലിൽ ഉണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ പുതുമത്സ്യങ്ങൾക്കുള്ള വിപണി അയർലണ്ടിൽ രൂപമെടുത്തിട്ടില്ല. ” ഡിംഗിൾ ഓഷ്യൻ വേൾഡ് ഡയറക്ടർ കെവിൻ ഫ്ലാനെറി പറഞ്ഞു.
സാധാരണയായി സ്പെയിനിന്റെയും പോർച്ചുഗലിന്റെയും വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ കാണപ്പെടുന്നുവയാണ് ഈ മത്സ്യങ്ങൾ. അടുത്തകാലത്തായി ഇംഗ്ളണ്ടിലെ കോർണിഷ് കടലിലും ഇവയുടെ വലിയ സാന്നിധ്യം കണ്ടെത്തിക്കഴിഞ്ഞു. ചൂടുകൂടിയ സമുദ്രങ്ങളിൽ കാണപ്പെടുന്ന ചില നീരാളിവർഗ്ഗങ്ങളെയും ഐറിഷ് കടലിൽ വ്യാപകമായി കണ്ടെത്തുന്നുണ്ട്. കടലിന്റെ അടിത്തട്ടിലുള്ള ജലത്തിൻറെ താപനിലയിലുള്ള വ്യതിയാനമാകാം ഈ മത്സ്യങ്ങളുടെ കുടിയേറ്റത്തിന് കാരണം. ഐറിഷ് മറൈൻ ഡിപ്പാർട്മെന്റ് ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾക്കായി തയാറെടുക്കുകയാണ്.
Kerala Globe News