പ്രശ്‌നങ്ങൾ തീരാതെ ഐറിഷ് എയർ ട്രാവൽ മേഖല: റദ്ദാക്കിയ ഫ്ലൈറ്റുകൾക്കായി വൗച്ചറുകൾ എടുത്ത യാത്രക്കാർക്ക് പണം തിരികെ ലഭിക്കില്ല എന്ന് ഏവിയേഷൻ റെഗുലേറ്ററി

Share this

കോവിഡ് മഹാമാരി ലോകം കീഴടക്കിയപ്പോൾ ഏറ്റവുമധികം തിരിച്ചടി നേരിട്ട മേഖലയാണ്  ട്രാവൽ ആൻഡ് ടൂറിസം മേഖല. പൂർണമായ ഒരു തിരിച്ചുവരവ് എന്ന് സാധിക്കുമെന്നറിയാതെ തികച്ചും അനിശ്ചിതത്വത്തിലാണ് ഈ മേഖലയിലുള്ള എല്ലാ ബിസിനസ്സുകളും. യാത്രാ നിരോധനം മൂലം കഴിഞ്ഞ വർഷം വിമാനയാത്രകൾ റദ്ദാക്കപ്പെട്ടപ്പോൾ വലിയൊരു സാമ്പത്തിക നഷ്ട്മാണ് വിമാന കമ്പനികൾക്കും ട്രാവൽ ഏജന്റുമാർക്കും ഉണ്ടായത്. കോവിഡ് വ്യാപനത്തിന്റെ ഒന്നാം വാർഷികമെത്തിയെങ്കിലും ഉപഭോക്താക്കളുടെ റീഫണ്ട് ഇനത്തിൽ ഇനിയും അവ്യക്തത തുടരുകയാണ് ഐറിഷ് ട്രാവൽ മേഖലയിൽ. വിമാനങ്ങൾ റദ്ദുചെയ്തപ്പോൾ മുഴുവൻ തുകയുടെയും റീഫണ്ട് അല്ലെങ്കിൽ തത്തുല്യമായ തുകയുടെ വൗച്ചർ; ഇതായിരുന്നു ട്രാവൽ മേഖലയിൽ നിന്നുള്ള പരിഹാരം. ഇതനുസരിച്ച് മിക്ക യാത്രക്കാർക്കും റീഫണ്ടിനായി അപേക്ഷ നൽകുകയോ വൗച്ചർ സ്വീകരിക്കുകയോ ചെയ്തിരുന്നു.



എന്നാൽ വിമാനക്കമ്പനികളിൽ നിന്ന് പണം തിരികെ ലഭിക്കുന്നതിന് പകരമായി വൗച്ചറുകൾ സ്വീകരിച്ച യാത്രക്കാർക്ക് പണം തിരികെ ലഭിക്കില്ലെന്ന് പറയുന്നത് ഏവിയേഷൻ റെഗുലേറ്ററി  Commission for Aviation Regulation (CAR) ആണ്. അതായത് യാത്രക്കാർ സ്വമനസ്സാലെ വൗച്ചറുകൾ സ്വീകരിച്ചതിലൂടെ വിമാന കമ്പനിയോ ഏജന്റോ അവരുടെ കടമ നിറവേറ്റിയതായി റെഗുലേറ്ററി വിലയിരുത്തുന്നു. ഉപഭോക്താവിന് റീഫണ്ട് സ്വീകരിക്കുകയോ പകരം വൗച്ചർ സ്വീകരിക്കുകയോ ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരുന്നു.അതുകൊണ്ട് ഇനിയൊരു റീഫണ്ടിനായി കമ്പനികളെ നിർബന്ധിക്കാനാകില്ലെന്ന് Commission for Aviation Regulation (CAR) യെ ഉദ്ദരിച്ച് ഐറിഷ് എക്‌സാമിനർ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.



യാത്രക്കാർ സ്വീകരിച്ചിരിക്കുന്ന വൗച്ചറുകൾ മിക്കതും ഒരു വർഷത്തെ മാത്രം കാലാവധിയാണ് നൽകുന്നത്. അതായത് വൗച്ചർ സ്വീകരിച്ച് ഒരു വർഷത്തിനുള്ളിൽ തുല്യ തുകയ്ക്ക് യാത്ര ചെയ്യാം. എന്നാൽ വിമാന യാത്രാ മേഖല ഇനിയും സാധാരണ അവസ്ഥയിൽ എത്താത്തത് ഈ വൗച്ചറുകൾ വെറുതെയാകുമോ എന്ന കടുത്ത ആശങ്കയിലാണ് ഐറിഷ് ഉപഭാക്താക്കൾ. ഏജൻസികൾ ഒരു യാത്രക്കാരന് അവരുടെ അവകാശങ്ങളെക്കുറിച്ച് പൂർണ്ണമായി അറിയിക്കുകയും ( മറ്റ് മാർഗങ്ങളിലൂടെ പണം തിരികെ നൽകാനുള്ള അവകാശം ഉൾപ്പെടെ ) റീഫണ്ടിനുപകരം വൗച്ചർ സ്വീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്താൽ, പണം തിരികെ നൽകാനുള്ള ബാധ്യത എയർ കാരിയർ നിറവേറ്റിയാതായി കണക്കാക്കാമെന്ന് CAR അഭിപ്രായപ്പെടുന്നു. റീഫണ്ട് പ്രശനവുമായി ബന്ധപ്പെട്ട് 4000 പരാതികൾ CAR ന് ലഭിച്ചുവെന്ന് അവർ വെളിപ്പെടുത്തി. ഇതിൽ എൺപത് ശതമാനം പരാതികളും പരിഹരിച്ചതായി CAR പറയുന്നു.



നിരവധി ഐറിഷ്  ട്രാവൽ ഏജന്റുമാർക്ക് ഇപ്പോഴും പ്രശ്‌നങ്ങളുണ്ടെന്ന് ഐറിഷ് ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ (ഐടിഎഎ) ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസൺ പറഞ്ഞു. ഉപഭോകതാക്കൾ മാത്രമല്ല; ചില ഏജന്റുമാരും വിമാന കമ്പനികളിൽ നിന്നുള്ള റീഫണ്ടിനായി കാത്തിരിക്കുകയാണെന്നും, മൺസ്റ്ററിലെ ഒരു ചെറിയ ട്രാവൽ ഏജന്റിന് 60,000 യൂറോയുടെ കടമുണ്ടെന്നും ഇത് വിമാന കമ്പനികളിൽ നിന്ന് ലഭിക്കണമെന്നും പാറ്റ് ഡോസൺ ആർ.ടി.ഇ. വൺ റേഡിയോയോട് പറഞ്ഞു. വിവിധ ഏജന്റുമാർക്കായി 20 മില്യൺ യൂറോ റയാൻ എയർ കമ്പനിയിൽ ലഭിക്കാനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.



എന്നാൽ റയാൻ എയർ മുഴുവൻ തുകയും റീഫണ്ട് നൽകിയതായി കമ്പനി മേധാവി മൈക്കിൾ ഒ ലേറി ആർ.ടി. ഇ യോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജനങ്ങൾ നുണ പറയുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഓ ലേറിയുടെ പ്രസ്താവന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

Kerala Globe News

 

 

 


Share this