കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വാക്‌സിനുവേണ്ടി മുറവിളി കൂട്ടിയ ജനങ്ങൾ ഇന്ന് വാക്സിനെത്തിയപ്പോൾ പിന്തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും കാണുന്നത്. ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന അല്ലെങ്കിൽ ലഘൂകരിക്കുന്ന വ്യത്യസ്ത പഠന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മാത്രമല്ല; പലരാജ്യങ്ങളും ലഭ്യത അനുസരിച്ചും, അവരുടെ താല്പര്യങ്ങൾക്കനുസരിച്ചും വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വരുന്ന പഠന റിപ്പോർട്ടുകളെ പോലും വിശ്വസിക്കാനാവാത്ത സാഹചര്യമാണ്.
വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ പല തട്ടിൽ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പല രാജ്യങ്ങളിലും ഇതിനകം തന്നെ വിതരണമാരംഭിച്ചിരിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്‌സിൻ സ്വിസ്സ് മെഡിക്കൽ റെഗുലേറ്ററി നിരാകരിച്ചിരിക്കുകയാണ്. ലഭ്യമായ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കി ഓക്സ്ഫോർഡ് / അസ്ട്രസെനെക കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സ്വിസ് മെഡിക്കൽ റെഗുലേറ്റർ അറിയിച്ചു. യു.കെയിൽ ഇപ്പോൾ നൽകിവരുന്നതും കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയനിലുടനീളം ഉപയോഗിക്കാൻ അനുമതി ലഭിക്കുകയും ചെയ്‌ത വാക്സിനാണ് ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക. അയർലണ്ടും ഈ വാക്‌സിനായി വലിയൊരു ഓർഡർ നൽകുകയും ആദ്യ 35000 ഡോസുകൾ അടുത്തയാഴ്ച എത്തിച്ചേരുകയും ചെയ്യും.
എന്നാൽ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്വീഡൻ, പോളണ്ട് എന്നിവിടങ്ങളിലെ ആരോഗ്യ ഉദ്യോഗസ്ഥർ ഇത് പ്രായമായവർക്ക് ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. “ആസ്ട്രാസെനെക്കയിൽ നിന്നുള്ള വാക്‌സിനായി, ഇന്നുവരെ ലഭ്യമായതും വിലയിരുത്തിയതുമായ ഡാറ്റ അംഗീകാരത്തിന് ഇതുവരെ പര്യാപ്തമല്ല,” സ്വിസ്മെഡിക് ബുധനാഴ്ച പറഞ്ഞു. അതേസമയം വാക്‌സിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറയാറായിട്ടില്ലെന്ന് സ്വിസ്സ് മെഡിക് വിശദീകരിച്ചു. ബയോടെക് / ഫൈസർ, വാക്സിനുകൾ സ്വിറ്റ്സർലൻഡ് അംഗീകരിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ബെൽജിയവും ഒക്‌ഫോർഡ് വാക്‌സിൻ പ്രായമായവർക്ക് നൽകില്ലെന്ന് അറിയിച്ചിരിക്കുകയാണ്. അയർലണ്ടും എഴുപതു കഴിഞ്ഞവർക്ക് ഫൈസർ/ മൊഡേണാ വാക്‌സിൻ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ പ്രായമായവരിൽ ഉൾപ്പെടെയുള്ള വാക്‌സിന്റ ഫലപ്രാപ്തിയെക്കുറിച്ച് യു.കെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വാക്സിനേഷന്റെ കാര്യത്തിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളെ യു.കെ പിന്നിലാക്കി കഴിഞ്ഞു. എല്ലാ വാക്സിനുകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ പല രാജ്യങ്ങളിൽ നിന്നും ഉണ്ടാകുന്നത് ജനങ്ങളുടെ ഇടയിൽ ആശയകുഴപ്പം ഉണ്ടാക്കുകയാണ്.
ചൈനീസ് വാക്‌സിനായ സിനോഫാമിന് അംഗീകാരം നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമായി ഹംഗറി മാറി. ലോകമെമ്പാടുമുള്ള കുറഞ്ഞത് ഒരു ദശലക്ഷം ആളുകൾക്ക് നൽകിയിട്ടുള്ള ഏതൊരു വാക്സിനും ഇപ്പോൾ ഹംഗറിയിൽ ഉപയോഗിക്കാൻ അംഗീകാരം ലഭിച്ചേക്കാം. ആസ്ട്രാസെനെക്കയും സെറം ഇൻസ്റ്റിറ്റ്യുട്ടും ചേർന്ന് നിർമ്മിച്ച കോവിഷിൽഡ് വാക്സിനാണ് ഇപ്പോൾ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നത്.
സാധാരണഗതിയിൽ ഒരു വാക്സിൻറെ നിർമ്മാണത്തിനായി ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉൾപ്പെടെ പത്ത് വര്ഷം വരെ എടുക്കാം. ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കിയിരിക്കുന്ന ഇപ്പോഴത്തെ വാക്സിനുകളുടെ ഫലപ്രാപ്‌തി അറിയുവാൻ ചിലപ്പോൾ അത്രയും നാൾ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ ദിനംപ്രതി ജനിതകമാറ്റം നടത്തി പാറി നടക്കുന്ന വൈറസ്സിന് കാത്തിരിക്കേണ്ട കാര്യമില്ലല്ലോ. തൽക്കാലം ഇപ്പോഴുള്ള വാക്‌സിനല്ലാതെ മനുഷ്യന് മുൻപിൽ മറ്റ് മാർഗ്ഗങ്ങളില്ല എന്ന് ചുരുക്കം.
കോവിഡ് പ്രതിരോധത്തിനായി ലോകത്തിലാകെ ഇരുന്നൂറിലേറെ വാക്സിനുകളാണ് പ്രാഥമിക ഘട്ടം മുതൽ അന്തിമ ഘട്ടം വരെയുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുമായി നിലവിലുള്ളത്. വാക്‌സിനേഷൻ ഏറ്റവുമധികം നടന്നിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇസ്രായേലിനും, രണ്ടും മൂന്നും സ്ഥാനങ്ങൾ യു.എ. ഇ.യും, യു.കെ യുമാണ്. ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ( Source: Our World in Data ).
Kerala Globe News