ഡോക്ടറെ കണ്ട് മടങ്ങും വഴി യുവതിക്ക് കാറിൽ സുഖപ്രസവം: മാതാപിതാക്കൾക്ക് അപൂർവ്വ ആനന്ദം സമ്മാനിച്ച് ബേബി ഏലി

Share this

ഐറിഷ് ദമ്പതികളായ ജോണിനും നവോമിക്കും അവരുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനം സംഭവബഹുലമായിരുന്നു. പൂർണ്ണ ഗർഭിണിയായ നവോമിയെയും കൂട്ടി ഭർത്താവ് ജോൺ ഡബ്ലിനിലെ കൂമ്പ് ഹോസ്പിറ്റലിൽ ഒരു ചെക്കപ്പിനായി പോയതാണ്. പരിശോധനകളെല്ലാം പൂർത്തിയാക്കി ദമ്പതികൾ തിരികെ അവരുടെ ഭവനത്തിലേക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടയിൽ സഞ്ചരിക്കുന്ന കാറിന്റെ ടയർ പഞ്ചറായോ എന്ന് ജോണിന് സംശയം. വണ്ടി നിർത്തി നോക്കിയപ്പോൾ ഒരു ടയർ ഏകദേശം ഫ്ലാറ്റ്. എന്തായാലും അതൊക്കെ വളരെപെട്ടെന്ന് ശരിയാക്കി തിരികെ കാറിൽ എത്തിയപ്പോൾ ഭാര്യ നവോമിക്ക് ഒരു സംശയം; കുഞ്ഞുവാവ പുറത്തുവരുവാൻ തുടങ്ങുകയാണോ എന്ന്.



ഈ സമയം അവർ കൂമ്പ് ഹോസ്പിറ്റലിൽ നിന്നും അരമണിക്കൂർ ( 40 കിലോമീറ്റർ ) പിന്നിട്ട് കൗണ്ടി കിൽഡയറിലെ കാരയ്ക്ക് അടുത്ത് എത്തിയിരുന്നു. എന്തായാലും ജോൺ പെട്ടെന്ന് തന്നെ അടുത്തുള്ള ഒരു പെട്രോൾ സ്റ്റേഷനിലേക്ക് കാറോടിച്ചു. അവിടെയാകുമ്പോൾ ആംബുലൻസ് എത്തുമ്പോൾ സ്ഥലം പെട്ടെന്ന് കണ്ടെത്താമല്ലോ. ആപ്പിൾ ഗ്രീൻ പെട്രോൾ സ്റ്റേഷനിൽ എത്തി കുറച്ചുസമയത്തിനുള്ളിൽ തന്നെ നവോമി അവരുടെ അഞ്ചാമത്തെ കുഞ്ഞിന് കാറിൽ വെച്ച് തന്നെ ജന്മം നൽകി. സുഖപ്രസവം. അതിനു ശേഷമാണ് ആംബുലസ് എത്തി മെഡിക്കൽ ടീമിന് നവോമിയെ പരിചരിക്കുവാൻ കഴിഞ്ഞത്.



പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി മെഡിക്കൽ ആംബുലസ് ടീം അമ്മയെയും കുഞ്ഞിനേയും കൂമ്പ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായാണ് വിവരം.

Kerala Globe News 


Share this