അയർലണ്ടിലെ ഏകദേശം മുഴുവൻ നേഴ്സുമാരുടെയും പേരും പിൻ നമ്പറുമടക്കമുള്ള സ്വകാര്യ വിവരങ്ങൾ ഒരു വെബ്സൈറ്റ് അനധികൃതമായി നൽകുന്നു. സ്വകാര്യതയുടെയും യൂറോപ്യൻ ഡേറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെയും നഗ്നമായ ലംഘനമായി ഇത് കണക്കാക്കാം. കൗതുകത്തിനായി തങ്ങളുടെ പേരുകൾ ഗൂഗിളിൽ തിരഞ്ഞ ചില മലയാളികളാണ് നേഴ്സുമാരുടെ പേരും പിൻ നമ്പറുമടക്കമുള്ള ഡേറ്റാ ഒരു വെബ്സൈറ്റിൽ കണ്ട് ഞെട്ടിയത്. ഈ വിവരം ശരിയാണോ എന്നറിയുവാൻ കേരളാ ഗ്ലോബ് നടത്തിയ അന്വേഷണത്തിൽ അറിയാവുന്ന നഴ്സുമാരുടെ എല്ലാം ഔദ്യോഗിക പേരുകൾ വെബ്സൈറ്റിലെ സേർച്ച് ബാറിൽ നൽകിയപ്പോൾ പിൻ നമ്പറും പെരുമടക്കമുള്ള വിവരങ്ങൾ കൃത്യമായി ലഭിച്ചു.
നഴ്സിംഗ് ബോർഡ് ഓഫ് അയർലണ്ടിന്റെ വെബ്സൈറ്റിലോ, എച്. എസ്. ഇ. യുടെ വെബ്സൈറ്റിലോ മാത്രം സൂക്ഷിച്ചിരിക്കുന്ന ഈ വിവരങ്ങൾ ഒരു സ്വകാര്യ വെബ്സൈറ്റിന് എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. www.irelandnursing.com എന്ന വെബ്സൈറ്റിലാണ് ഐറിഷുകാരും മലയാളികളും അടക്കമുള്ള മുഴുവൻ നഴ്സുമാരുടെയും വിവരങ്ങളുള്ളത്. 2016 ൽ ആരംഭിച്ചതായി കാണുന്ന ഈ വെബ്സൈറ്റ് അവരുടെ ഡേറ്റാകൾ മാസത്തിൽ ഒന്നോ രണ്ടോ തവണ അപ്ഡേറ്റ് ചെയ്യുമെന്നും പറയുന്നുണ്ട്.
ഔദ്യോഗിക സർക്കാർ രേഖകളിൽ നിന്നുമാണ് വിവരങ്ങൾ എടുക്കുന്നതെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇവരുടെ സൈറ്റിൽ നിന്നും രേഖകൾ നീക്കം ചെയ്യുവാനും അവസരമുണ്ട്. ഈ വെബ്സൈറ്റ് തന്നെ നൽകുന്ന ഐഡിയും ചേർത്ത് അവർക്ക് ഇമെയിൽ ചെയ്യണമത്രെ. നഴ്സിംഗ് ബോർഡുപോലും ഇത്തരത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല എന്നിരിക്കെ ഈ വെബ്സൈറ്റിന്റെ പ്രവർത്തനം അത്ഭുതപ്പെടുത്തുകയാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായുള്ള അയർലണ്ടിലെ നഴ്സുമാരുടെ ഔദ്യോഗിക വിവരങ്ങൾ ഇത്തരത്തിൽ പരസ്യമായി പ്രദർശിപ്പിക്കുന്നതിനെതിരേ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതാണ്. ഇങ്ങനൊരു വെബ്സൈറ്റിന് ഈ ഡേറ്റാകൾ എങ്ങനെ ലഭിച്ചു എന്നുള്ളത് ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു.
Kerala Globe News