ഐറിഷ് പാസ്പോർട്ട് സേവനങ്ങൾ അടുത്ത രണ്ടുമാസം കൂടി ലഭിക്കില്ല എന്നുറപ്പായി: എമർജൻസിക്കാർക്ക് മാത്രം ഓഫീസുമായി ബന്ധപ്പെടാം

Share this

പുതിയ ഐറിഷ് പാസ്സ്‌പോർട്ട് എടുക്കുകയോ, പുതുക്കുകയോ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും താൽകാലികമായി മരവിപ്പിച്ച് അയർലണ്ടിലെ വിദേശകാര്യ വകുപ്പ്. ലെവൽ 5 നിയന്ത്രണങ്ങൾ വന്നതുമുതൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമല്ലാതായിരുന്നു. ഓൺലൈൻ അപേക്ഷകൾ നൽകാമെങ്കിലും അപേക്ഷയുടെ കോപ്പി പോസ്റ്റലായി അയക്കുവാൻ ആർക്കും സാധിച്ചിരുന്നില്ല. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളുടെമേൽ ലെവൽ 5 നിയന്ത്രണങ്ങൾ മാറുമ്പോൾ മാത്രമായിരിക്കും നടപടികൾ ഉണ്ടാകുക. ലെവൽ 4 അല്ലെങ്കിൽ ലെവൽ 3 യിൽ എത്തുന്നതുവരെ ആരും അപേക്ഷകളോ ഡോക്യൂമെന്റുകളൊ പോസ്റ്റലായി അയക്കരുതെന്ന് ബന്ധപ്പെട്ടവർ നിർദ്ദേശിച്ചു.

ആവശ്യസേവന പരിധിയിൽ ഉൾപെടാത്തതിനാലാണ് പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി ഓഫീസുകൾ തുറക്കുവാൻ സാധിക്കാത്തത്. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്യാമെങ്കിലും പാസ്സ്‌പോർട്ട് സേവനങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് ഇത് സാധിക്കില്ല. എന്നാൽ അടിയന്തര ആവശ്യങ്ങളുള്ളവർക്കായി ഡി.എഫ്. എ. വെബ്സൈറ്റിൽ ഒരു വെബ് ചാറ്റ് രൂപീകരിച്ചിട്ടുണ്ട്. ഇത് വഴി ബന്ധപ്പെട്ട വകുപ്പിനെ കാര്യങ്ങൾ അറിയിക്കാം.

ഓഫീസ് സേവനങ്ങൾ താൽകാലികമായി മരവിപ്പിച്ചിരിക്കുന്നതിനാൽ പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.

Kerala Globe News


Share this