ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് കൈവശമുള്ള പ്രവാസി ഇന്ത്യക്കാരുടെ നിലവിലുള്ള മിക്ക അവകാശങ്ങളും നീക്കികൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം. ഇതുപ്രകാരം ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ ഗവേഷണങ്ങൾക്കും പത്രപ്രവർത്തനത്തിനും മിഷൻ പ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടണം. അഖിലേന്ത്യാ പ്രവേശനപരീക്ഷകളെ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾക്ക് എൻ.ആർ.ഐ (നോൺ റെസിഡന്റ് ഇന്ത്യൻ) ക്വാട്ട സീറ്റുകളിലേക്ക് മാത്രമേ അഡ്മിഷൻ ലഭിക്കൂ എന്ന് ഗസറ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒസിഐ പൗരന്മാർ ഇന്ത്യൻ വംശജരാണ്, പക്ഷേ വിദേശ പാസ്‌പോർട്ട് ഉടമകളായതിനാൽ അവർ ഇന്ത്യയിലെ പൗരന്മാരല്ല. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല, പക്ഷേ 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7 ബി (ഐ) പ്രകാരം ഒസിഐകൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു. ഈ വിഷയത്തിൽ ഇതിനുമുൻപ് ഉണ്ടായിട്ടുള്ള വിജ്ഞാപനങ്ങൾ 2005 ഏപ്രിൽ 11, ജനുവരി 5, 2007, 2009 ജനുവരി 5 – ഇവയെയെല്ലാം പുതിയ വിജ്ഞാപനം മറികടക്കുന്നു.
നീറ്റ് പരീക്ഷ, ജോയിന്റ് എൻട്രൻസ് പരീക്ഷ, തുടങ്ങിയ യോഗ്യതാ ടെസ്റ്റുകൾ എഴുതാൻ ഇന്ത്യൻ പൗരന്മാർക്കു തുല്യമായ അവകാശം ഉണ്ടെങ്കിലും ഇതിന്റെ അടിസ്ഥാനത്തിലുള്ള അഡ്മിഷനും ജോലിക്കും എൻആർഐക്കാർക്കുള്ള അവകാശം മാത്രമേ ഒസിഐക്കാർക്ക് ഉണ്ടാകൂ. ജനറൽ ക്വാട്ടയിലുള്ള അഡ്മിഷൻ ഒസിഐക്കാർക്ക് ലഭിക്കില്ല. ഇന്ത്യൻ കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും എൻആർഐക്കാർക്ക് ഉള്ളതിന് തുല്യമാകും.എന്നിരുന്നാലും ഓ.സി.ഐ കാർഡ് ഹോൾഡേഴ്സിന് ചില വിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് എൻ.ആർ.ഐ.ക്ക് തുല്യമായി പ്രവേശനം നൽകുന്നത് സംബന്ധിച്ച് വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ട്.
ആഭ്യന്തര മേഖലകളിലെ വിമാന നിരക്കുകൾ, ദേശീയ പാർക്കുകൾ സന്ദർശിക്കുന്നതിനുള്ള പ്രവേശന ഫീസ്, വന്യജീവി സങ്കേതങ്ങൾ, ദേശീയ സ്മാരകങ്ങൾ, ചരിത്രപരമായ സൈറ്റുകൾ, ഇന്ത്യയിലെ മ്യൂസിയങ്ങൾ എന്നിവയിൽ ഇന്ത്യൻ പൗരന്മാരുമായി ഒസിഐകൾക്ക് വിജ്ഞാപനം തുല്യത നൽകുന്നു.
ഏതൊരു ആവശ്യത്തിനും ഇന്ത്യ സന്ദർശിക്കുന്നതിനായി മൾട്ടിപ്പിൾ എൻട്രി ലൈഫ് ലോങ്ങ് വിസ അനുവദിക്കുന്നതിന് ഒസിഐകൾക്ക് അർഹതയുണ്ട്, കൂടാതെ ഇന്ത്യയിൽ എത്രകാലം താമസിക്കുന്നതിനുള്ള അവകാവശവും, അതിനായി പ്രത്യേക FRRO രജിസ്ട്രേഷൻ ആവശ്യവുമില്ല. എന്നാൽ ഇന്ത്യയിൽ താമസിക്കുന്ന ഒ.സി.ഐ കാർഡ് ഹോൾഡേഴ്സ് അവരുടെ വിലാസം മാറുമ്പോഴും, ജോലി മാറുമ്പോഴും FRRO യ്ക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകണം.
ലോകത്തിലെ പല രാജ്യങ്ങളും അനുവദിച്ചിട്ടുള്ള ഇരട്ടപൗരത്വം ഇന്ത്യയും അനുവദിക്കണം എന്ന പ്രവാസ ഇന്ത്യക്കാരുടെ ദീർഘകാലമായുള്ള ആവശ്യം പാടെ തള്ളുക മാത്രമല്ല; നിലവിലുള്ള അവകാശങ്ങൾകൂടി കവർന്നെടുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത് എന്നത് പ്രവാസികളോടുള്ള ബി.ജെ.പി സർക്കാരിന്റെ നയമാണ് വെളിച്ചത്ത് വരുന്നത്.
Kerala Globe News