സുവിശേഷത്തിന്റെ ഐറിഷ് മിഷിനറിമാരെ ഓർമിപ്പിച്ച് ഫ്രാൻസീസ് പാപ്പാ: നോക്കിലെ മരിയൻ ദേവാലയത്തെ അന്തർദ്ദേശീയ പദവിയിലേക്ക് ഉയർത്തി

Share this

മേയോ: അയർലണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ നോക്ക് ദേവാലയത്തെ അന്തർദ്ദേശീയ പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. നോക്കിലെ കത്തോലിക്കാ മരിയൻ ദേവാലയത്തെ ദിവ്യകാരുണ്യത്തിന്റെയും, മരിയൻ ഭക്തിയുടെയും ഒരു അന്താരാഷ്ട്ര സങ്കേതമായി ഉയർത്തികൊണ്ടുള്ള മാർപാപ്പയുടെ സന്ദേശം ഓൺലൈനായി, യൗസേപ്പ് പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19 ന് വൈകിട്ട് നോക്ക് ദേവാലയത്തിൽ പ്രത്യേകം അർപ്പിക്കപ്പെട്ട കുർബാന മദ്ധ്യേ കാണിച്ചു.

1879 ഓഗസ്റ്റ് 21-ന് പരിശുദ്ധ കന്യാമറിയവും വിശുദ്ധ ജോസഫും വിശുദ്ധ ജോൺ അപ്പസ്തോലനും കുഞ്ഞാടിന്റെ രൂപത്തിൽ ഈശോയും നോക്കിലെ പതിനഞ്ചോളം വരുന്ന ഗ്രാമീണർക്ക് പ്രത്യക്ഷപെട്ടതിന് ശേഷമാണ് അതേ സ്ഥലത്ത് ഒരു ദേവാലയം ഉണ്ടാവുകയും പിന്നീട് അത് വലിയൊരു തീർത്ഥാടനകേന്ദ്രമായി മാറുന്നതും. തിരുകുടുംബം ഒന്നാകെ ഒരു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത് ലോകത്തിൽ മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസികൾക്ക്  നോക്ക് ഒരു പ്രധാന തീർഥാടന കേന്ദ്രമാണ്. പ്രതിവർഷം 15 ദശലക്ഷത്തിലധികം ആളുകൾ  ഇവിടം സന്ദർശിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.

മാർപാപ്പായുടെ സന്ദേശത്തിൽ ഐറിഷ് ജനതയെ ഒരു മിഷനറി ജനതയെന്നാണ് വിശേഷിപ്പിക്കുന്നത്. സുവിശേഷത്തിന്റെ മിഷനറിമാരാകാൻ എത്ര പുരോഹിതന്മാർ ജന്മനാട് വിട്ടുപോയി എന്ന കാര്യം നമുക്ക് മറക്കാനാവില്ല എന്ന് മാർപാപ്പ ഓർമിപ്പിക്കുന്നു. വിദൂര ദേശങ്ങളിലേക്ക് കുടിയേറിപ്പാർത്തെങ്കിലും മാതാവിനോടുള്ള ഭക്തി നിലനിർത്തിയിരുന്ന നിരവധി സാധാരണക്കാരെ നമുക്ക് മറക്കാനാവില്ല. അവർ തലമുറകൾക്ക് പകർന്ന് നൽകിയിരിക്കുന്ന വിശ്വാസവും അവരുടെ പ്രാർത്ഥനയിൽ ഇപ്പോഴും സാന്നിധ്യമായിരിക്കുകയും ചെയ്യുന്ന നോക്കിലെ മാതാവിന്റെ ചിത്രവും മാർപാപ്പ ഓർമിപ്പിക്കുന്നു.

1979 ൽ സെന്റ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ അപ്പോസ്തലിക തീർത്ഥാടനത്തിന്റെ ഭാഗമായി നോക്ക് സന്ദർശിച്ചു, 2018 ൽ ഫ്രാൻസിസ് മാർപാപ്പ അയർലണ്ടിലെ കുടുംബങ്ങളുടെ ഒമ്പതാമത് ലോക മീറ്റിംഗിന്റെ ഭാഗമായി സന്ദർശിച്ചു. തുവാമിലെ ആർച്ച് ബിഷപ്പ് മൈക്കൽ നീരിയുടെ മേൽനോട്ടത്തിൽ ഫാദർ റിച്ചാർഡ് ഗിബ്ബൺസ് ആണ്  നോക്കിന്റെ ഇടവക പുരോഹിതനും ദേവാലയത്തിന്റെ റെക്ടറും. മലയാളിയായ ഫാദർ ഡേവീസും നോക്ക് ദേവാലയത്തിലെ ഒരു പ്രധാന വൈദികനാണ്. കൂടുതൽ വിവരങ്ങൾക്ക് www.knockshrine.ie കാണുക.

( Photos & Video: Papal Visit 2018 )

 

Kerala Globe News

 


Share this