വിവേകപൂർവ്വമല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം നിങ്ങളുടെ ജോലിയെ ബാധിച്ചെക്കാം: നേഴ്സുമാർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി NMBI

Share this

മനസ്സിൽ തോന്നുന്നതെന്തും സോഷ്യൽ മീഡിയായിൽ വിളിച്ചുപറയുന്ന ആളാണോ നിങ്ങൾ? ജോലിസ്ഥലത്തെയും, പൊതുഇടങ്ങളിലെയും ചിത്രങ്ങളും വിവരങ്ങളും ഫേസ് ബുക്കിലും, ഇൻസ്റ്റാഗ്രാമിലും പങ്കുവെയ്ക്കാറുണ്ടോ? സർക്കാരുകളുടെ തീരുമാനങ്ങളെ വിമർശിക്കുകയും രാഷ്ട്രീയ പക്ഷപാതത്തോടെ പോസ്റ്റുകൾ ഇടുകയും ചെയ്യാറുണ്ടോ? ഈ പറയുന്ന കാര്യങ്ങളൊക്കെ ചെയ്യുന്ന നിങ്ങൾ ഒരു സർക്കാർ ജോലിക്കാരനാണെങ്കിൽ സൂക്ഷിക്കുക. ചിലപ്പോൾ നിങ്ങളുടെ ജോലിതന്നെ നഷ്ടമായേക്കും. സ്വകാര്യ ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയന്ത്രണങ്ങൾ ഓർമിപ്പിച്ച് അയർലണ്ടിലെ നഴ്സിംഗ് ബോർഡായ NMBI. നഴ്‌സുമാർ സോഷ്യൽ മീഡിയയിൽ പാലിക്കേണ്ട നിർദേശങ്ങൾ ഒരിക്കൽക്കൂടി പ്രതിമാസ ന്യൂസ് ലെറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് NMBI.

2005 മുതൽ വിവിധ സോഷ്യൽ മീഡിയ ആപ്ലികേഷനുകൾ നിലവിലുണ്ടെങ്കിലും 2013 മുതൽ ആണ് അവയൊക്കെ കൂടുതൽ പ്രചാരത്തിൽ എത്തുന്നത്. അതിനു കാരണമായത് മൊബൈൽ ഫോണുകളുടെ വർദ്ധിച്ച ഉപയോഗവും സോഷ്യൽ മീഡിയാ ആപ്ലികേഷനുകളുടെ മൊബൈൽ പതിപ്പുകളുമായിരുന്നു. ഇതോടെ നഴ്സിംഗ് ബോർഡ് നഴ്സുമാർക്കായി Guidance about the use of social media എന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.ഇതാണ് ഇപ്പോൾ പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓർമപ്പെടുത്തുന്നത്.

കോവിഡ് കാലഘട്ടത്തിൽ നഴ്‌സുമാർ സോഷ്യൽ മീഡിയയിൽ ഇടുന്ന പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും, രാജ്യാന്തര ശ്രദ്ധ നേടുകപോലും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്, പെരുമാറ്റ ചട്ടങ്ങളുടെ ഈ ഓർമ്മപ്പെടുത്തൽ. ചില പോസ്റ്റുകൾ പരാതിക്കിടനൽകുകയും അത് പിന്നീട് ഒരു ഫിറ്റ്നസ് ടു പ്രാക്ടീസ് എൻക്വയറിയിലേക്ക് റഫർ ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്യാം. സോഷ്യൽ മീഡിയയിൽ നിങ്ങളിടുന്ന ഓരോ പോസ്റ്റും ചെന്നെത്തുന്നത് വലിയൊരു ലോകത്തേക്കാണ്. റീഷെയറും റീട്വീറ്റുമായി ഒരിക്കലും തിരിച്ചെടുക്കുവാനാവാതെ അത് അഗാധ സാഗരത്തിലേക്കാവും പോകുക. എന്നാൽ പോസ്റ്റുകൾ ഇടുന്നതിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടയിടുവാനാകില്ല. പ്രൊഫഷണൽ നഴ്‌സ് അല്ലെങ്കിൽ മിഡ്‌വൈഫ് എന്ന നിലയിലുള്ള നിങ്ങളുടെ പോസ്റ്റുകളും ട്വീറ്റുകളും നിങ്ങളുടെ രോഗികളും സഹപ്രവർത്തകരും ഭാവിയിലെ തൊഴിലുടമകളും കാണാനിടയുണ്ടെന്ന് ഓർമ്മിക്കുക.

സോഷ്യൽ മീഡിയായുടെ ഉപയോഗം സംബന്ധിച്ച് NMBI ആറ് പ്രധാന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക.

ഇതോടൊപ്പം സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെയുള്ള ഗുണങ്ങളും, വിവിധ ഉദാഹരണങ്ങളും NMBI മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന്റെ പൂർണ്ണരൂപം താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ലഭിക്കും.

( Click Here )

Kerala Globe News

 


Share this