കോഴ്‌സ് പൂർത്തിയാക്കിയ ഉടൻ IELTS/ OET പാസ്സായി അയർലണ്ടിൽ എത്താം: രജിസ്ട്രേഷന് ഒരു വർഷത്തെ പ്രവർത്തിപരിചയം എന്ന നിബന്ധന പിൻവലിച്ച് ഐറിഷ് നഴ്സിംഗ് ബോർഡ്

Share this

നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിൽ നിന്നുള്ള ( NMBI ) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, രജിസ്ട്രേഷനായി അപേക്ഷിക്കുന്ന യൂറോപ്യൻ യൂണിയന് പുറത്തുള്ള നഴ്സുമാർക്ക് കഴിഞ്ഞ  അഞ്ചുവർഷത്തെ കാലയളവിനുള്ളിൽ ഒരു വർഷം വർക്ക് എക്സ്പീരിയൻസ് വേണം ( Recency of Practice ) എന്ന നിബന്ധന പിൻവലിക്കും. അതുപോലെ മറ്റേതെങ്കിലും രാജ്യത്തെ രജിസ്ട്രേഷനും സപ്പോർട്ടീവ് ഡോക്യൂമെന്റായി പരിഗണിക്കുന്നത് ഇനിയുണ്ടാവില്ല. പകരം കോഴ്‌സ് പൂർത്തിയാക്കുന്ന ഏതൊരു നേഴ്സിനും IELTS / OET ടെസ്റ്റിൽ ആവശ്യമായ സ്കോറിന്റെ പിന്തുണയോടുകൂടി രജിസ്റ്റേഷനായി അപേക്ഷിക്കാവുന്നതാണ്. G3 യോഗ്യതാ വിഭാഗത്തിനാണ് ഈ മാറ്റം ബാധകമായിരിക്കുന്നത്. അതായത് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ ഈ പരിധിയിൽ വരുന്നു. G3 വിഭാഗത്തിൽ രജിസ്ട്രേഷനായുള്ള ഒന്നാമത്തെ പ്രധാന നിബന്ധനയായിരുന്നു ഒരു വർഷത്തെ പ്രവർത്തിപരിചയം. കേരളത്തിൽ നഴ്സിംഗ് പഠിച്ചിറങ്ങുന്ന മികവുള്ള നഴ്‌സുമാർക്ക് ഇതൊരു വലിയ അവസരമാണ് കൈവന്നിരിക്കുന്നത്.

എന്നിരുന്നാലും രജിസ്ടേഷൻ നടപടികൾക്ക് ആവശ്യമായ മറ്റ് നിബന്ധനകൾ എല്ലാം പാലിച്ചിരിക്കണം. Certificate of Current Professional Status (CCPS) അപേക്ഷയോടൊപ്പം നിർബന്ധമായും നൽകണം. പഠിച്ചിറങ്ങി ഉടൻ IELTS / OET പാസ്സായി രജിസ്ട്രേഷനായി അപേക്ഷിക്കാമെങ്കിലും, തൊഴിൽ പ്രവർത്തിപരിചയം അല്ലെങ്കിൽ PQE (post qualification experience)  ഒരു പ്രധാന രേഖയായി പരിഗണിക്കും. അതായത് പ്രവർത്തിപരിചയമുള്ളവരുടെ അപേക്ഷകൾക്ക് മുൻഗണന ലഭിക്കുമെന്ന് സാരം.

 

ഈ മാറ്റം  ഉൾപെടുത്തി NMBI വെബ്സൈറ്റിന്റെ G3 അപേക്ഷാ സെക്ഷൻ ഉടൻതന്നെ പരിഷ്‌കരിക്കും. ഈയൊരു വിഭാഗത്തിലേക്കുള്ള അപേക്ഷകൾക്ക് 350 യൂറോയുടെ നോൺ റീഫൻഡബിൾ ആയിട്ടുള്ള അപേക്ഷാ ഫീസായിരിക്കും ഈടാക്കുക.

Kerala Globe News


Share this