നോമ്പിനൊരു നോവുണ്ട്; നിഷ്കളങ്ക രക്തം ചിന്തിയ രക്ഷകനോട് ചേർന്ന് നിൽക്കുന്നതിന്റെ നോവ്. അന്ന് വരെ കേട്ടിട്ടുള്ള എല്ലാ രക്ഷാകര സൈദ്ധാന്ദ്യങ്ങളെയും പൊളിച്ചെഴുതുന്നതായിരുന്നു അത്: രക്ഷിക്കാൻ വന്നവൻ തന്നെ വിചാരണ ചെയ്യപ്പെട്ട് പീഡകൾ സഹിച്ച് കള്ളന്മാരോടൊപ്പം ക്രൂശിൽ മരിക്കപ്പെടുക!
ഈയിടെ മെൽഗിബ്സന്റെ ‘ദി പാഷൻ ഓഫ് ക്രൈസ്റ്റ് ‘ വീണ്ടും കാണാനിടയായി. ഒരു ക്ലാസ്സിക് തന്നെ; തെല്ലും സംശയമില്ല. വേദന പോലും എത്ര മനോഹരമായി ചിത്രീകരികരിച്ചിരിക്കുന്നു! ഓരോ പ്രാവശ്യവും ഓരോ കഥാപാത്രങ്ങൾ എന്നോട് എന്തൊക്കെയോ പറയുന്നത് പോലെ.
ഇക്കുറി അയാളായിരുന്നു; ചൂഴ്ന്നിറങ്ങുന്ന കണ്ണുകളോടും ചുരുണ്ട മുടിയുമായി ഇത്തിരി ധാർഷ്ട്യത്തിന്റെ മെമ്പോട് കൂടിയ ആ ക്വറീൻകാരൻ ശിമയോൻ! ഒരു ഒത്ത വടക്കേ ആഫ്രിക്കൻ; ഇന്നത്തെ ലിബിയ ആണ് അന്നത്തെ ക്വറീൻ. ക്രിസ്തുവിന് 3 നൂറ്റാണ്ടുകൾക്ക് മുൻപും ആ പ്രദേശങ്ങളിൽ യഹൂദർ ഉണ്ടായിരുന്നതായും പെസഹായോടടുപ്പിച്ചു ജെറുസലേമിലേക്ക് അവർ തീർത്ഥയാടനം നടത്തിയിരുന്നതായി ടോളമിയുടെ വിവരണങ്ങളിൽ കാണാം.
കുരിശിന്റെ കോലാഹലങ്ങളിലേക്കയ്യാൾ വഴിതെറ്റിയെത്തിയതായിരുന്നു: അത് കൊണ്ടായ്യാൾ ആദ്യം കലഹിക്കുന്നുമുണ്ട്. ഒടുവിൽ നിർവാഹമില്ലായെന്നു മനസിലാകുമ്പോൾ പടയാളികളുടെ നിർബന്ധത്തിന് വഴങ്ങി യേശുവിനെ സഹായിക്കുന്നു; കുരിശു ചുമക്കാൻ! ആദ്യമാ കണ്ണുകളിൽ അധികാരികളോടുള്ള അമർഷവും യേശുവിനോടുള്ള നീരസവും മാത്രം. അവൻ യേശുവിനോപ്പം തോളോട് തോളൂരുമ്മി കുരിശ് ചുമക്കാൻ തുടങ്ങി. നീരസം മാറി പിന്നെ കരുണർദ്രധയുടെ നിർഗളം അവനെ സായുദ്ധരായ പടയാളികളോട് യേശുവിനു വേണ്ടി കയർക്കാൻ പോലും കരുത്തുള്ളവനാക്കി. പോക പോകെ കുരിശ് അവനെ തളർത്തുന്നില്ല; മറിച്ച് അവൻ കൂടുതൽ കരുത്തനും കഷ്ട്ടപ്പെടുന്നവന്റെ ശബ്ദവും മറ്റുള്ളവന് വേണ്ടി നിലകൊള്ളുന്നവനും ആക്കുന്നു. ഒരുപക്ഷേ, ആദ്യത്തെ മിഷനറി ഈ കൗറീൻകാരൻ ആണെന്ന് എനിക്ക് തോന്നുന്നു.
പിൽക്കാലത്ത് ഈ കൗറീൻകാരൻ ഇങ്ങ് ഫ്രാൻസിലെ ആവിഞ്ഞോണിൽ ആദ്യത്തെ ബിഷപ്പ് ആയെന്നത് ചരിത്രം.
കരുണാർദ്രമായ കണ്ണുകളോടെ അവൻ യേശുവിനോട് ചോദിക്കുന്നുണ്ട് ‘രക്ഷപെട്ടുകൂടെ നിനക്ക് ‘… അവന്റെ നന്മയുടെ നിറവിനെ ഒരു നോട്ടം കൊണ്ടനുഗ്രഹിക്കുക മാത്രമാണ് യേശു ചെയ്തത്…കുരിശുമായി ലക്ഷ്യ സ്ഥാനത്തെത്തി കഴിഞ്ഞു… പിന്നെ അയ്യാൾ തിടുക്കത്തിൽ ആ കുന്നിറങ്ങുകയാണ്. വഴി തെറ്റിയെത്തിയ കുരിശിന്റെ ചുവട്ടിൽ നിന്നും കിട്ടിയ ശക്തിയുമായി അനേകരുടെ കുരിശുകൾക്ക് ഒരു കൈത്താങ് കൊടുക്കാൻ.
ശിമയോൻ ഓരോ ക്രിസ്ത്യാനിയുടെയും ‘പ്രോട്ടോടൈപ്പ് ‘ ആയിരിക്കാം. കുരിശിനോട് ചേർന്ന് നിൽക്കാനുള്ള ആഹ്വനമായിരിക്കാം… ഇതല്ലാതെ വേറെ കുറുക്ക് വഴികളൊന്നുമില്ലായെന്നുള്ള തെളിവാർന്ന ഓർമ്മപ്പെടുത്തലായിരിക്കാം.
ഇതിനൊക്കെ ഒരാക്ഷേപം ‘നല്ലകള്ളൻ ‘ മാത്രം! ഒടുവിലത്തെ യാമത്തിൽ അവൻ സ്വർഗ്ഗരാജ്യം തന്നെ കട്ടെടുത്ത് കളഞ്ഞല്ലോ…എങ്കിലും അത് ദൈവപുത്രന്റെ ഔദാര്യം: ‘ഇന്ന് നീയെന്നോടൊപ്പം പറുദീസയിലായിരിക്കും ‘.
ഒരു നല്ല ദുഖവെള്ളിയുടെ ഓർമ്മക്ക്
സ്നേഹത്തോടെ
സഞ്ചോ ( ഇറ്റലി )