ആസ്ട്രാസെനെക്ക വാക്‌സിന്റെ പാർശ്വഫലമായി രക്തം കട്ടപിടിക്കുന്നത് സ്ഥിരീകരിച്ച് യൂറോപ്യൻ മെഡിസിൻ ഏജൻസി: 27 ഇയു രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാർ യോഗം ചേരും

Share this

ഓക്സ്ഫോർഡ് – ആസ്ട്രാസെനെക്ക വാക്സിന്റെ ഫലമായി വളരെ അപൂർവ്വമായി രക്തം കട്ടപിടിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ ശരിവെച്ച് യൂറോപ്പിലെ മരുന്നുകളുടെ മുഖ്യ കൺട്രോളർ ആയ യൂറോപ്യൻ മെഡിസിൻ ഏജൻസി ( EMA ). എന്നാൽ കോവിഡിനെതിരെയുള്ള വാക്‌സിന്റെ പോസിറ്റീവ് വശങ്ങൾ കണക്കിലെടുത്ത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ പാർശ്വഫലം അവഗണിക്കുവാനാണ് ഇ.എം.എ ആഹ്വാനം ചെയ്യുന്നത്. 

പാൻഡെമിക്കിനെതിരായ ആഗോള പോരാട്ടത്തിലെ വലിയൊരു തിരിച്ചടിയായി റെഗുലേറ്ററുടെ ഈ നിലപാടു മാറ്റം. കഴിഞ്ഞയാഴ്ച ആസ്ട്രാസെനെക്ക വാക്‌സിനേഷനെ പിന്തുണച്ചിരുന്ന ഇ.എം.എ, രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ നിലപാടുമാറ്റം ഓക്സ്ഫോർഡ് ആസ്ട്രാസെനെക്ക വാക്സിനേഷൻ പ്രോഗ്രാമിന് തിരിച്ചടിയാകുമെന്ന് കരുതുന്നു. ഇതുവരെ യു.കെ-യൂറോപ്പിലാകെ 25 മില്യൺ ആളുകളിലേറെ ആസ്ട്രാസെനെക്ക വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെയും പ്രധാന വാക്‌സിൻ ആസ്ട്രാസെനെക്ക കോവിഷിൽഡ് ആണ്.

കണ്ടെത്തലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാർ യോഗം ചേരും. യു.കെയിൽ 30 വയസ്സിൽ താഴെയുള്ളവർക്ക് ആസ്ട്രാസെനെക്ക വാക്സിന് പകരം മറ്റേതെങ്കിലും വാക്സിൻ വാഗ്ദാനം ചെയ്തിരിക്കുകയാണ് മെഡിസിൻ അഡ്വൈസറി ബോഡി.

4 മില്യൺ വാക്സിനുകളാണ്‌ അയർലണ്ടിലേക്ക് ഈ ജൂലൈ മാസത്തിനുള്ളിൽ എത്തുവാൻ പോകുന്നത്. ഇതിൽ   2.1 മില്യൺ ഫൈസർ / ബയോൻ ടെക്ക്  വാക്‌സിനായിരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 813,000 ഡോസുകൾ അസ്ട്രാസെനെക്കയും 600,000 ഡോസുകൾ  ജോൺസൺ & ജോൺസൺ വാക്സിനും ആയിരിക്കും.

Kerala Globe News

 

 


Share this